പുതിയ വീട്ടില്‍ മറിയാമ്മ സന്തുഷ്ട
തലചായ്ക്കാനുണ്ടായിരുന്ന വീട് പ്രളയത്തില്‍ നഷ്ടപ്പെട്ടെങ്കിലും പ്രായത്തിന്റെ അവശതകള്‍ക്കിടയിലും മനസാന്നിധ്യം കൈവിടാന്‍ മറിയാമ്മ തയാറായില്ല. ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള പദ്ധതിയിലൂടെ നിര്‍മിച്ച പുതിയ വീട്ടില്‍ സുരക്ഷിതയാണ് 83 വയസുള്ള മറിയാമ്മ എബ്രഹാം. റാന്നി താലൂക്കിലെ പഴവങ്ങാടി വില്ലേജിലെ മംഗലത്ത് വീട്ടിലിരുന്ന് മറിയാമ്മ മഹാപ്രളയത്തെ ഓര്‍ത്തെടുത്തു. കാറ്റിലും മഴയിലും വീട് പൂര്‍ണമായി തകര്‍ന്നു. രണ്ടു ദിവസം മൈലപ്രയിലെ മകളുടെ കൂടെയായിരുന്നതിനാല്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. അതിനാല്‍ ജീവാപായം ഉണ്ടായില്ല. പ്രായമായതിനാല്‍ എനിക്കു നടക്കാന്‍ പ്രയാസമുണ്ട്. വീടിനു പുറകിലൂടെ നദി ഒഴുകുന്നുണ്ട്. അവിടെ നിന്നാണ് വീടിരിക്കുന്ന സ്ഥലത്തേക്ക് കനത്ത മഴയില്‍ വെള്ളം കയറിയത്. തിരികെ എത്തിയപ്പോള്‍ എല്ലാം വെള്ളം കയറി നശിച്ചിരുന്നു.
ആറുമക്കളുള്ള മറിയാമ്മ കഴിഞ്ഞ 55 വര്‍ഷമായി താമസിച്ചിരുന്ന വീടാണ് പ്രളയത്തില്‍ നഷ്ടമായത്. കിടപ്പാടം നഷ്ടമായ മറിയാമ്മയ്ക്ക് സ്വന്തം സ്ഥലത്താണ് സര്‍ക്കാര്‍ വീടു നിര്‍മിച്ചു നല്‍കിയിട്ടുള്ളത്. തലചായ്ക്കാന്‍ പുതിയ വീടു നല്കി കൈത്താങ്ങായ സര്‍ക്കാരിനോടു നന്ദിയുണ്ടെന്നും മറിയാമ്മ പറഞ്ഞു. മറിയാമ്മയുടെ മൂത്ത മകന്റെ മേല്‍നോട്ടത്തിലായിരുന്നു വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 95100 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയില്‍ നിന്നും രണ്ടു ഗഡുക്കളായി 1,52,450 രൂപയും ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്കിയ നാലു ലക്ഷം രൂപയും മിച്ചം പിടിച്ച് സ്വരുകൂട്ടിയതും ഉപയോഗിച്ചാണ് ജൂണ്‍ 15ന് വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് താമസം ആരംഭിച്ചത്. ഒരു കിടപ്പ് മുറി, ഒരു ഹാള്‍, അടുക്കള, ശുചിമുറി എന്നിവ അടങ്ങിയ വീടിന് 650 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. (പിഎന്‍പി 1714/19)
- Log in to post comments