Skip to main content

ഗാന്ധിസ്മരണ പുതുക്കി ഗാന്ധിസ്മൃതി- അക്ഷരദീപം' സംസ്ഥാനതല ഉദ്ഘാടനം

വിദ്യാര്‍ത്ഥികളിലേക്കും പൊതുജനങ്ങളിലേക്കും ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രസക്തിയെത്തിച്ച്  'ഗാന്ധിസ്മൃതി-അക്ഷരദീപം' പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നടന്നു. ഇതോടെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാ തല പരിപാടികള്‍ക്കും ഇതോടെ തുടക്കമായി.
സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം ടൗണ്‍ഹാളില്‍ പി ഉബൈദുള്ള എംഎല്‍എ നിര്‍വ്വഹിച്ചു.ഗാന്ധിയന്‍ സന്ദേശങ്ങള്‍ എക്കാലത്തേക്കും പ്രസക്തമാണെന്നും മഹാത്മാഗാന്ധിയെക്കുറിച്ച് പുതുതലമുറ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള മനോഭാവവും ആത്മവിശ്വാസവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ നാഷനല്‍ സര്‍വ്വീസ് സ്‌കീമിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.
     ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഐഎഎസ്, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, മലപ്പുറം നഗരസഭാ ചെയര്‍പേഴ്സണ്‍ സിഎച്ച് ജമീല ടീച്ചര്‍, എന്‍എസ്എസ് സംസ്ഥാന പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍, ഹയര്‍സെക്കന്ററി വിഭാഗം റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സ്നേഹലത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അയ്യപ്പന്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇടി രാകേഷ്, എന്‍എസ് എസ് ഉത്തരമേഖല കണ്‍വീനര്‍ മനോജ്കുമാര്‍ കളിച്ചുകുളങ്ങര, വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഹരികുമാര്‍, ഗാന്ധിദര്‍ശന്‍ സമിതി ജനറല്‍ കണ്‍വീനര്‍ പികെ നാരായണന്‍ മാസ്റ്റര്‍, കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് എന്നിവര്‍ സംസാരിച്ചു. 
എന്‍എസ് എസ് മലപ്പുറം ഈസ്റ്റ് പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് ബത്തേരി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബി ഹിരണ്‍ നന്ദിയും പറഞ്ഞു. 
പ്രളയത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക് എന്‍എസ് എസിന്റെ ആഭിമുഖ്യത്തിലുള്ള ഭവനനിര്‍മ്മാണത്തിനായി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ സുരേഷ് കുമാര്‍ കടമ്പത്ത്, കഴിഞ്ഞ വര്‍ഷത്തെ ജില്ലയിലെ മികച്ച എന്‍എസ് എസ് വളണ്ടിയറായി തെരഞ്ഞെടുക്കപ്പെട്ട കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാമ്പസ് ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മിഴി, മികച്ച എന്‍എസ് എസ് വളണ്ടിയര്‍മാരായ കെ സബീഷ് ( മൂര്‍ക്കനാട് എച്ച് എസ് ഹയര്‍സെക്കന്ററി), എംടി മുഹമ്മദ് ജദീര്‍ (കൊണ്ടോട്ടി എംഇഎ ഹയര്‍സെക്കന്ററി), സ്വന്തം കലാലയത്തില്‍ ഗാന്ധി പ്രതിമ നിര്‍മ്മിച്ച സുബിത്ത് (കീഴുപറമ്പ് ഗവ. ഹയര്‍സെക്കന്ററി), കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കൃഷ്ണനുണ്ണി (മൂര്‍ക്കനാട് എച്ച് എസ് ഹയര്‍സെക്കന്ററി), മികച്ച പ്രോഗ്രാം ഓഫീസര്‍ ബെന്നി തോമസ്(പരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍), ജി്ല്ലയിലെ മികച്ച എന്‍എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. എംആര്‍ ദീപ്തി (കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാമ്പസ് ഗവ. ഹയര്‍സെക്കന്ററി), നാടക കലാകാരന്‍ കോട്ടക്കല്‍ മുരളി, ചിത്രകാരന്‍ ഷിജിന്‍ മലപ്പുറം എന്നിവരെ ആദരിച്ചു. 
പത്താം തരത്തില്‍ മികച്ച മാര്‍ക്ക് നേടിയതിനുള്ള സമ്മാനമായി ലഭിച്ച തുക കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാമ്പസ് ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മിഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് മുഖേന കൈമാറി. ഉദ്ഘാടന സമ്മേളനത്തില്‍ എസ് എസ് വളണ്ടിയര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. 
സമ്മേളനത്തിന്റെ ഭാഗമായി' ഗാന്ധിയും സ്വാതന്ത്രബോധവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.  മലയാള സര്‍വ്വകലാശാല സംസ്‌കാര പൈതൃകപഠനവിഭാഗം പ്രൊഫസര്‍ ഡോ.കെഎം ഭരതന്‍ പ്രഭാഷണം നടത്തി. മലപ്പുറം നഗരസഭ കൗണ്‍സിലര്‍ ഒ സഹദേവന്‍ സ്വാഗതവും മഞ്ചേരി ക്ലസ്റ്റര്‍ പിഎസി ഇകെ റഷീദ് നന്ദിയും പറഞ്ഞു. ' ഗാന്ധിയും പരിസ്ഥിതിയും' എന്ന സെഷനില്‍ ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇടി രാകേഷ് വിഷയം അവതരിപ്പിച്ചു. ' ഗാന്ധിയും കഥയും, ഗാന്ധി എന്ന മനുഷ്യന്‍' എന്നീ സെഷനുകളില്‍ യഥാക്രമം എഴുത്തുകാരായ വിആര്‍ സുധീഷ്, രാജേന്ദ്രന്‍ എടത്തുംകര എന്നിവര്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. 
മലപ്പുറം നഗരസഭ കൗണ്‍സിലര്‍മാരായ കെവി ശശികുമാര്‍, വിനോദ്, എടക്കര, മഞ്ചേരി ക്ലസ്റ്ററുകളിലെ പിഎസിമാരായ ഉമ്മന്‍ മാത്യു, ഇ ബിനേഷ് എന്നിവര്‍ സംസാരിച്ചു.  ഗാന്ധിജയന്തി വാരാഘോഷത്തിന്റെ  ഭാഗമായി ജില്ലയിലെ 150 ഗ്രാമങ്ങളില്‍ എന്‍എസ് എസ് വളണ്ടിയര്‍മാര്‍ ഒരുമാസക്കാലത്തിനിടയില്‍ ഗാന്ധിസ്മൃതി പരിപാടികള്‍ സംഘടിപ്പിക്കും.

date