Skip to main content

ഗാന്ധി സ്മൃതി ഉണര്‍ത്തി ഗാന്ധിദര്‍ശന്‍ പ്രദര്‍ശനം

ഗാന്ധി സ്മൃതി - അക്ഷരദീപം സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഗാന്ധിദര്‍ശന്‍ പ്രദര്‍ശനം കാഴ്ച്ചക്കാര്‍ക്ക് അറിവിന്റെ വേദിയായി.  ജില്ലാ ശുചിത്വമിഷന്റെയും പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെയും സഹകരണത്തോട് കൂടിയാണ് പ്രദര്‍ശനം നടന്നത്. ഗാന്ധിജിയുടെ ജീവിതം, ദര്‍ശനം, ദേശീയ പ്രസ്ഥാനം, ഉപ്പു സത്യാഗ്രഹം തുടങ്ങി ചരിത്ര ചിത്ര പ്രദര്‍ശനം, ഹ്രസ്വ ചലച്ചിത്ര പ്രദര്‍ശനം, പുസ്തകോത്സവം, ഇക്കോ ഷോപ്പ് എന്നിവയാണ് ഗാന്ധിദര്‍ശന്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയത്. 
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പ്  ഫോട്ടോ പ്രദര്‍ശനത്തില്‍ ഗാന്ധിയന്‍ ആശയങ്ങളുടെയും അഹിംസ സത്യാഗ്രഹങ്ങളുടെയും ഗാന്ധിയുടെ അപൂര്‍വ്വ ചിത്രങ്ങളുമാണ് ഒരുക്കിയിരുന്നത്. സമകാലീന ലോകത്ത് അഹിംസയുടെയും സമാധാനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നവയാണ് ഇതിലെ ഓരോ ചിത്രങ്ങളും. ഗാന്ധിജി മുന്നോട്ട് വെച്ച  പരിസ്ഥിതി കാഴ്ച്ചപ്പാടുകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ജില്ലാ ശുചിത്വമിഷന്‍ പ്രദര്‍ശന സ്റ്റാള്‍ ഒരുക്കിയത്. ദൈനംദിന ജീവിതത്തില്‍ നാം വലിച്ചെറിയുന്ന പ്ലാസ്റ്റികില്‍ നിന്നും പാഴ് വസ്തുക്കളില്‍ നിന്നും മനോഹരമായ വസ്തുക്കള്‍ പുനര്‍നിര്‍മ്മിച്ച് ഇവിടെ ഒരുക്കി. ബാഗുകള്‍, അലങ്കാര വസ്തുക്കള്‍, മണി പേഴ്‌സുകള്‍, തുടങ്ങി നിരവധി വസ്തുക്കളാണ് ഉണ്ടായിരുന്നത്. 60 മുതല്‍ 300 രൂപ വരെ വിലമതിക്കുന്ന വസ്തുക്കളാണ് ഇവിടെയുള്ളത്. ടി.എച്ച്.എസ്.എസ് വടക്കാങ്ങര സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പുസ്തകോത്സവത്തില്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ക്ക് പ്രത്യേക ഇടം തന്നെ ഒരുക്കിയിട്ടുണ്ട്.  ശാസ്ത്രം, സാഹിത്യം , ഗണിതം തുടങ്ങിയ വിഭാഗങ്ങളിലും നിരവധി പുസ്തകങ്ങളുണ്ട്. പന്തല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ബസ് ഡ്രൈവര്‍ ബാലസുബ്രഹ്മണ്യന്‍ തന്റെ കൈവശമുള്ള ഏകദേശം 27 വര്‍ഷം മുതലുള്ള പ്രധാന സംഭവങ്ങള്‍ നടന്ന പത്രങ്ങളുടെ ശേഖരണത്തിന്റെ പ്രദര്‍ശനവും ഗാന്ധി ദര്‍ശന്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 
 

date