Skip to main content

ലഹരിവിരുദ്ധ പ്രചാരണം നടത്തുന്നവര്‍  അത് ഉപയോഗിക്കുന്നവരാകരുത്; മന്ത്രി ടി പി രാമകൃഷ്ണന്‍ 

 

ലഹരി വിരുദ്ധ പ്രചാരണം നടത്തുന്നവര്‍ അത് ഉപയോഗിക്കുന്നവരാകരുതെന്നും പ്രചാരകര്‍ സമൂഹത്തിന് മാതൃകയായിരിക്കണമെന്നും തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എക്സൈസ് വകുപ്പ് സംസ്ഥാന ലഹരിവര്‍ജന മിഷനും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രചാരകര്‍ മദ്യപിക്കുന്നവരും പുകവലിക്കുന്നവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാകരുത്. വിമുക്തിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്കും വലിയ തോതില്‍ ബോധവല്‍ക്കരണം നടത്തണം. കുട്ടികളുടെ മുമ്പില്‍ അരുതാത്തത് ചെയ്യാന്‍ പാടില്ലെന്ന് അവരെ ബോധ്യപ്പെടുത്തണം. ലഹരിയെ അകറ്റി നിര്‍ത്തുമെന്ന് എല്ലാ വിദ്യാര്‍ഥികളും പ്രതിജ്ഞയെടുക്കണം. ലഹരിക്ക് അടിമപ്പെടുന്നതോടെ തകരുന്നത് സ്വന്തം ജീവിതം മാത്രമല്ല, കുട്ടികളില്‍ എല്ലാ പ്രതീക്ഷയും അര്‍പ്പിച്ച രക്ഷിതാക്കളുടെ സ്വപ്നം കൂടിയാണെന്നോര്‍ക്കണം. സ്വയം ഉപയോഗിക്കുന്നില്ലെന്ന് മാത്രമല്ല കൂട്ടുകാരും കാമ്പസിലെ മറ്റ് കുട്ടികളും ഉപയോഗിക്കില്ലെന്ന് ഉറപ്പു വരുത്തണം. അധ്യാപകരും രക്ഷിതാക്കളും പരിസരവാസികളും ഇക്കാര്യത്തില്‍ നിതാന്തജാഗ്രത പാലിക്കണം. ഏതെങ്കിലും കുട്ടികള്‍ ഇത്തരം കെണികളില്‍ പെട്ടുപോയെങ്കില്‍ അവരെ ഒറ്റപ്പെടുത്തരുത്. പകരം അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്. അതിന് സര്‍ക്കാറിന്റേതടക്കം നിരവധി സംവിധാനങ്ങളുണ്ട്. 2761 സ്‌കൂളുകളിലും 511 കോളജുകളിലും ലഹരി വിരുദ്ധ ക്‌ള്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. ലഹരി വിരുദ്ധ ക്ലബുകള്‍ എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

വിമുക്തി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വിമുക്തി മിഷനില്‍ 31 പുതിയ തസ്തികകളും 84 താല്‍ക്കാലി തസ്തികകളും സൃഷ്ടിച്ചു. എല്ലാ ജില്ലകളിലും ഡി-അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു. ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മാതൃകാ ഡി അഡിക്ഷന്‍ സെന്റര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതോടൊപ്പം വിപുലമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും എക്സൈസ് വകുപ്പ് നേതൃത്വം നല്‍കുന്നുണ്ട്. ലഹരി വര്‍ജനത്തിലൂടെ ലഹരി വിമുക്ത കേരളം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് യാഥാര്‍ഥ്യമാക്കാനാണ് ലഹരി വര്‍ജന മിഷന്‍ വിമുക്തിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. മയക്കുമരുന്ന് വേട്ട ഊര്‍ജിതമാക്കാന്‍ മൂന്ന് മേഖല സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ എക്സൈസ് കമിഷണറുടെ നിയന്ത്രണത്തില്‍ സംസ്ഥാനതലത്തില്‍ ഒരു സ്പെഷ്യല്‍ സ്‌ക്വാഡ് കൂടി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പോസ്റ്റര്‍, ഉപന്യാസ രചന മത്സരങ്ങളിലെ വിജയികള്‍ക്കും വിമുക്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിജയകരമായി നടത്തി വരുന്നതിന് എക്സൈസ് പ്രിവന്റിവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ടിനുമുള്ള ഉപഹാരങ്ങള്‍ മന്ത്രി സമ്മാനിച്ചു. ഗാന്ധി സ്മൃതി ലഹരിവിരുദ്ധ സന്ദേശപത്രം ജെഡിറ്റി ഇസ്‌ളാം സ്ഥാപനങ്ങളുടെ സെക്രട്ടറി പി സി അന്‍വര്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. 

വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്ലാം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഉത്തരമേഖല ജോയിന്റ് എക്സൈസ് കമമിഷണര്‍ വി ജെ മാത്യു അധ്യക്ഷത വഹിച്ചു. ഐ ആന്റ് പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍, ഡെപ്യൂട്ടി എക്സൈസ് കമിഷണര്‍ വി ആര്‍ അനില്‍കുമാര്‍, ജെഡിറ്റി ഇസ്ലാം ആര്‍ട്സ് ആന്റ് സയന്‍സ്‌കോളജ് പ്രിന്‍സിപ്പല്‍ സി എച്ച് ജയശ്രീ, കെഎസ്ഇഎസ്എ ജില്ലാ സെക്രട്ടറി ജി ബൈജു എന്നിവര്‍ സംസാരിച്ചു. അഡിഷണല്‍ എക്സൈസ് കമിഷണറും വിമുക്തി ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ഡി രാജീവ് സ്വാഗതവും വിമുക്തി ജില്ലാ മാനേജര്‍ കെ ജയപ്രകാശ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിനോദ് നരനാട്ട് അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തിയ കിറ്റി ഷോയും അരങ്ങേറി.

 

 

എല്‍ അഞ്ജനയും വി എച്ച് പാര്‍വണയും 
ജേതാക്കള്‍

 

 

എക്സൈസ് വകുപ്പ് സംസ്ഥാന ലഹരിവര്‍ജന മിഷനും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ പോസ്റ്റര്‍ രചനാ മത്സരത്തില്‍ എല്‍ അഞ്ജനയും ഉപന്യാസ രചനയില്‍ വി എച്ച് പാര്‍വണയും ജേതാക്കളായി.

ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലാണ് കാരന്തൂര്‍ മര്‍കസ് ജിഎച്ച്എസ്എസിലെ എല്‍ അഞ്ജന ഒന്നാംസ്ഥാനം നേടിയത്. തിരുവങ്ങൂര്‍ എച്ച്എസ്എസിലെ എസ് എം അഞ്ജിമ രണ്ടും കോക്കല്ലൂര്‍ ജിഎച്ച്എസ്എസിലെ കെ വി രജുല്‍ മൂന്നാംസ്ഥാനവും നേടി. 

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ രചനാ മത്സരത്തിലാണ് പയ്യോളി ജിവിഎച്ച്എസ്എസിലെ വി എച്ച് പാര്‍വണ ഒന്നാംസ്ഥാനത്തിനര്‍ഹയായത്.. എ കെ അരുണിമ (രാമനാട്ടുകര സേവാമന്ദിര്‍ പോസ്റ്റ്ബേസിക് എച്ച്എസ്എസ്), സാന്ദ്രാരവി (നന്മണ്ട എച്ച്എസ്എസ്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജെഡിറ്റിയില്‍ നടന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ വാരാചരണം സംസ്ഥാനതല പരിപാടിയില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനില്‍ നിന്ന് വിജയികള്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

 

കുട്ടികള്‍ക്ക് ലഹരി ഉപയോഗത്തിനെതിരെയുള്ള അറിവുകള്‍ പകര്‍ന്നു നല്‍കി കിറ്റി ഷോ

 

ഗാന്ധിജയന്തി ദിനത്തില്‍ കുട്ടികള്‍ക്ക് ലഹരി ഉപയോഗത്തിനെതിരെയുള്ള അറിവുകള്‍ പകര്‍ന്നു നല്‍കി കിറ്റി ഷോ. ലഹരി വിരുദ്ധ ബോധവല്‍ക്കരണ വാരാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ച്   വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്‌ളാം ഓഡിറ്റോറിയത്തില്‍ നടത്തിയ കിറ്റിഷോയില്‍ കുറിക്കുകൊള്ളുന്ന ചോദ്യവും എടുത്തടിച്ച മറുപടികളുമായി കിറ്റിയും വിനോദ് നരനാട്ടും  വിദ്യാര്‍ത്ഥികളെ രസിപ്പിച്ചു.. ലഹരിക്കെതിരെ വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും എക്‌സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ്  വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്‌ളാം ഓഡിറ്റോറിയത്തില്‍ കിറ്റി ഷോ സംഘടിപ്പിച്ചത്.

വിദ്യാര്‍ഥികളില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം ഉണ്ടാക്കിയെടുക്കുന്നതിനായി നിരവധി  ക്ലാസുകളും പരിപാടികളും ആസൂത്രണം ചെയ്തെങ്കിലും ഇനിയും ഒട്ടേഐ പേര്‍ ലഹരിയുടെ പിടിയില്‍ നിന്ന് പൂര്‍ണമായും മുക്തരാവാനുണ്ട്. എന്തിനെയും ഏതിനെയും  ലാഘവത്തോടെ സമീപിക്കുന്ന  കുട്ടികളില്‍ ലഹരിയുടെ ദോഷഫലങ്ങള്‍ ബോധ്യപ്പെടുത്തുക എന്ന കടമ്പയായിരുന്നു കിറ്റിക്ക് മുന്‍പിലുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍  ലഹരിയുടെ ദോഷഫലങ്ങളെ കുറിച്ചും  ലഹരിയുടെ ഉപയോഗം ഒരു വ്യക്തിയുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നുവെന്നും    സരസമായ വാക്കുകളിലൂടെ നര്‍മ്മത്തില്‍ ചാലിച്ച്  കുട്ടികള്‍ക്ക് മുന്‍പിലെത്തിക്കാന്‍ കിറ്റിക്ക് സാധ്യമായി.

 

ലൈഫ് പദ്ധതിയിലൂടെ കേരളത്തിൽ  1,30375 വീടുകൾ വിതരണം ചെയ്യാൻ സാധിച്ചു -മന്ത്രി ടി. പി രാമകൃഷ്ണൻ 

 

 ലൈഫ് പദ്ധതിയിലൂടെ കേരളത്തിൽ  1,30375 വീടുകൾ നിർമ്മാണം  പൂർത്തീകരിച്ച് വിതരണം ചെയ്യാൻ സാധിച്ചെന്ന്  തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ  ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം  നിർവഹിക്കുകയായിരുന്നു മന്ത്രി. 51643 വീടുകൾ പണി പൂർത്തീകരിക്കാൻ ഉണ്ടായിരുന്നു. അവയും നിർമ്മാണം പൂർത്തീകരിച്ച്  വിതരണം ചെയ്ത് കഴിഞ്ഞു. 78732 വീടുകൾ പുതുതായി നിർമിച്ചു കഴിഞ്ഞു.  ഇനി ലൈഫിന്റെ  മൂന്നാം ഘട്ടം വരുന്നതോടെ  പദ്ധതി വലിയ രീതിയിൽ  മുന്നോട്ടു പോകുമെന്നത് ഉറപ്പാണ്.

 വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള സാഹചര്യം,  ഐടി ഉൾപ്പെടെയുള്ള തൊഴിൽപരിശീലനം,  നൈപുണ്യവികസനം,  രോഗികൾക്കും വൃദ്ധജനങ്ങൾക്കും  ഉള്ള പ്രത്യേക പരിചരണം,   വാസസ്ഥലങ്ങളിൽ തന്നെ  കഴിയാവുന്നത്ര സൗകര്യങ്ങളും ജീവനോപാധികളും  തുടങ്ങി വിവിധ കാര്യങ്ങൾ  വിഭാവനം ചെയ്യുന്നുണ്ട്. ഇനിയുള്ള നിർമ്മാണ പ്രവൃത്തികൾ ദുരന്തത്തിൽ തകർന്നു പോകുന്നതാവരുത്,  അതാണ് നവകേരള നിർമ്മാണത്തിലൂടെ  ലക്ഷ്യംവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.  നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ പുരുഷൻ കടലുണ്ടി എംഎൽഎ അധ്യക്ഷത വഹിച്ചു.

 79 വീടുകളാണ് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതി മുഖേന രണ്ടാംഘട്ടത്തിൽ നിർമ്മാണം പൂർത്തീകരിച്ചത്. 93 വീടുകളാണ് പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്നത്. ഇതിൽ 16 വീടുകളുടെ അവസാനഘട്ട പ്രവൃത്തി പൂർത്തീകരിച്ചു വരികയാണ്. ഈ മാസത്തോടെ പ്രവൃത്തി പൂർത്തീകരിച്ച് വീടുകൾ വിതരണം ചെയ്യാൻ  സാധിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യശോദ തെങ്ങിട പറഞ്ഞു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി മന്ദംകാവിൽ നിർമ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ  സർവേ നടപടികൾ പൂർത്തിയായതായും  ഈ വർഷം തന്നെ നിർമ്മാണ പ്രവൃത്തി ആരംഭിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. 

 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അച്യുതൻ,  ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ പുല്ലരിക്കൽ,  സ്ഥിരം സമിതി അംഗങ്ങളായ സൗദ കെ.കെ,  ടി.വി സുധാകരൻ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ ഷൈമ,  പഞ്ചായത്ത് സെക്രട്ടറി ഷിജു.എൽ
.എൽ,  വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

ഗാന്ധിജയന്തി ദിനത്തിൽ ഹരിതകേരളം വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.

 നന്മണ്ട 
ഗാന്ധി ജയന്തി ദിനത്തിൽ നന്മണ്ട ഗ്രാമപഞ്ചായത്തിൽ  എല്ലാ വാർഡുകളിലേക്കും 400 വീതം പരിസ്ഥിതി സൗഹൃദ പാത്രങ്ങളും( സ്റ്റീൽ പ്ലേറ്റുകളും, ഗ്ലാസുകളും) ,15 വിദ്യാലയങ്ങളിൽ ജൈവ അജൈവ ഇ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിന്  പ്രത്യേകഡ്രോപ്പ് ബോക്സും സ്പോർട്സ് കിറ്റുകളും വിതരണം ചെയ്തു.
ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. 

ഹരിത കേരളം മിഷന്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്കരണ പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സാധനങ്ങൾ വിതരണം ചെയ്തത്.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഒ.പി. ശോഭന സ്കൂളിലേക്കുള്ള ജൈവ, അജൈവ, ഇമാലിന്യങ്ങൾ ശേഖരിക്കാനുള്ള ഡ്രോപ്പ് ബോക്സ് വിതരണം ചെയ്തു.
10 സ്കൂളുകളിൽ 3 എണ്ണം വീതവും 5 സ്കൂളുകളിൽ 6 വീതവു മാണ് ഡ്രോപ്ബോക്സ് വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാൻ  മുക്കം മുഹമ്മദ് സ്കൂൾ കുട്ടികൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂർ ബിജു, 
 ഹരിതകേരളം ജില്ലാ കോർഡിനേറ്റർ പി. പ്രകാശ്  എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് പരിസരത്തിലെ ഇ.കെ.നായനാർ മെമ്മോറിയൽ ഓപ്പൺ സ്റ്റേജിൽ നടന്ന പരിപാടിയിൽ പഞ്ചായത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വാർഡ് മെമ്പർമാർ, CDS, ADS  മെമ്പർമാർ, സ്കൂൾ SPC സ്കൗട്ട് ആന്റ് ഗൈഡ്സ് അംഗങ്ങൾ, അദ്ധ്യാപകർ, ആശാ വർക്കർമാർ, വ്യവസായ പ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡൻറ്  അജിത ആറാങ്കോട്ട് പങ്കെടുത്തു.

 നന്മണ്ട ഹൈസ്കൂളിലെ SPC അംഗങ്ങൾ പഞ്ചായത്ത് പരിസരവും  കടകളും ശുചീകരണം നടത്തി മാലിന്യങ്ങൾ ശേഖരിച്ചു.

 മുക്കം 
 ഹരിത കേരളം മിഷന്റെയും KMCT  ഡെന്റൽ കോളേജിന്റെയും മുക്കം മുനിസിപ്പാലിറ്റിയുടെയും ആഭിമുഖത്തിൽ KMCT ഡെന്റൽ കോളേജ് അധ്യാപക അനദ്ധ്യാപകരും,  NSS  വോളണ്ടേർസും ചേർന്ന് ഫിറ്റ് ഇന്ത്യ പ്ലോഗ് റൺ :    സ്വസ്ത്  ആൻഡ് സ്വച്ചത എന്ന  വാരാഘോഷ പ്രവർത്തന  പരിപാടിയ്ക്ക് ഇന്ന് തുടക്കം കുറിച്ചു.  KMCT ഡെന്റൽ കോളേജ് പ്രിൻസിപ്പൽ Dr. മനോജ്‌ കുമാർ  സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ പി പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഹരിത നിയമാവലി പ്രതിജ്ഞ ഏവരും ഏറ്റുചൊല്ലി.

തുടർന്ന് മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ കുഞ്ഞൻ മാസ്റ്റർ പ്ലോഗ് റണ്ണിംഗ് പരിപാടി ഫ്ലാഗ് ഓഫ്‌ നടത്തി, ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.  തുടർന്ന് KMCT ആശുപത്രി,  കോളേജ്  പരിസരത്തുനിന്നും ശുചീകരണം ആരംഭിച്ച് മണാശ്ശേരി ടൗൺ വരെയുള്ള ഭാഗങ്ങൾ വൃത്തിയാക്കി.  മണാശ്ശേരി ടൗണിലെ ഓരോ കടകളിലും കയറി ഹരിത നിയമങ്ങൾ,  പ്ലാസ്റ്റിക് മാലിന്യങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യണം എന്നിവയുടെ നിർദ്ദേശങ്ങൾ നൽകി. കോളേജ് എൻ.എസ്.എസ് കോർഡിനേറ്റർ ഡോ. അരുൺ പോൾ, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്സൻ വിഷ്ണുമായ ടി.എം, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 കുന്നമംഗലം 

കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി

 

സ്വാഭാവിക മാതൃകാ വനം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷൻ ആവിഷ്ക്കരിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മാക്കൂട്ടം എ എം യു പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ നിർവ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആസിഫ റഷീദ് അദ്ധ്യക്ഷത വഹിച്ചു. 

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ സൗദ, ശ്രീബ പുൽക്കുന്നുമ്മൽ, എ കെ ഷൗക്കത്തലി, ഹരിത കേരള മിഷൻ പഞ്ചായത്ത് കോഡിനേറ്റർ സിനി പി എം, ഹെഡ് മാസ്റ്റർ പി അബ്ദുസലീം, സക്കീർ ഹുസയിൻ, ഷാജി പുൽകുന്നുമ്മൽ, ഹരിദാസൻ മാസ്റ്റർ, ഒ കെ ഷൗക്കത്തലി.അഷ്റഫ് മണ്ണത്ത്, കെ സി രാജൻ, നജീബ് പാലക്കൽ, തെൻ സി, കെ ഷബ്ന, ഷഹനാസ്, ജെ ആർ സി വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു. പച്ചതുരുത്ത് കൺവീനർ അൻഫാസ് കാരന്തൂർ സ്വാഗതവും ഹരിത കർമസേന കോർഡിനേറ്റർ വി പി സലീം നന്ദിയും പറഞ്ഞു.

 

 ചാത്തമംഗലം പഞ്ചായത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു

 

 തരിശ്ഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ ‘പച്ചത്തുരുത്ത്’ പദ്ധതിക്ക്  ചാത്തമംഗലം പഞ്ചായത്തിൽ തുടക്കം കുറിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ 22 വാർഡിലെ 15 സെന്റ് സ്ഥലത്താണ്  തൊഴിലുറപ്പിന്റെ സഹകരണത്തോടെ പദ്ധതി ആരംഭിച്ചത്.

 പഞ്ചായത്ത് പ്രസിഡണ്ട്  ബീന കെ.എസ് തൈ നടീൽകർമ്മം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.എ രമേശൻ , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ വലിയ തൊടികയിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം സാമി, വാർഡ് മെമ്പർമാരായ സി.ബിജു, ആലുങ്ങൽ പ്രസാദ്, ഹരിത സഹായ സ്ഥാപനം കോർഡിനേറ്റർ സുരേഷ് ബാബു, ഹരിതകേരളം മിഷൻ പ്രതിനിധികൾ കെ.രാജേഷ്, ടി.എം വിഷ്ണുമായ, പി.എം സിനി, പച്ചത്തുരുത്ത് സംഘാടക സമിതി അംഗങ്ങൾ, തുsങ്ങിയവർ പങ്കെടുത്തു.

 ഗാന്ധി ജയന്തി ദിനത്തിൽ ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ മുക്കത്ത് എയ്റോബിക് പാർക്കിന് തുടക്കമായി. 

മുക്കം നഗരസഭയിലെ പഴക്കടകളിലെയും പച്ചക്കറിക്കടകളിലെയും ജൈവ അവശിഷ്ടങ്ങൾ സംസ്കരിച്ച് വളമാക്കുന്നതിനുള്ള ഏയ്റോബിക് പാർക്ക് നഗരസഭാ ബസ് സ്റ്റാന്റ് പരിസരത്ത് പ്രവർത്തനം തുടങ്ങി. ജൈവ മാലിന്യങ്ങളും കരിയിലയും ചേർത്ത മിശ്രിതത്തെ ഏയ്റോബിക് ബാക്ടീരിയയുടെ പ്രവർത്തനം വഴി കമ്പോസ്റ്റാക്കുന്നതാണ് രീതി. മണ്ണുത്തി കാർഷിക യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത ബാക്ടീരിയ മിശ്രിതമാണ് ഉപയോഗിക്കുന്നത്. തൊണ്ണൂറ് ദിവസത്തിനകം കമ്പോസ്റ്റിംഗ് പൂർത്തിയാകും. ഒന്നര ടൺ ജൈവ മാലിന്യ സംസ്കരണ ശേഷിയുള്ള പ്ലാന്റാണ് ബസ് സ്റ്റാന്റിലുള്ളത്. പ്ലാന്റിൽ നിന്നുള്ള കമ്പോസ്റ്റ് ഉപയോഗിച്ച് പരിപാലിക്കുന്നതിന് പച്ചക്കറി തോട്ടവും ഒരുക്കിയിട്ടുണ്ട്.

മുക്കം പുതിയ ബസ് സ്റ്റാന്റ്, ഹെൽത്ത് സെന്റർ, നീലേശ്വരം മണാശേരി സ്ക്കൂളുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ച പ്ലാന്റുകളും ഉടൻ പ്രവർത്തന സജ്ജമാകും.

എയ്റോബിക് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നഗരസഭാ ചെയർമാൻ വി.കുഞ്ഞൻ മാസ്റ്റർ നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പ്രശോഭ് കുമാർ അധ്യക്ഷനായി. ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രകാശ് ജൈവ മാലിന്യങ്ങളിൽ നിന്ന് വളം ഉത്പാദനം നടത്തി, അത് കൃഷിയിൽ ഉപയോഗിക്കേണ്ട പ്രാധാന്യം വിശദീകരിച്ചു.    നഗരസഭാ കൗൺസിലർമാരായ മുക്കം വിജയൻ , അബ്ദുൾ അസീസ് , പി.ടി ബാബു, പി. ബ്രിജേഷ് കുമാർ, മുക്കം ഓർഫനേജ് സ്ക്കൂൾ പ്രിൻസിപ്പാൾ ബിനി എന്നിവർ പ്രസംഗിച്ചു . നഗരസഭാ സെക്രട്ടറി എൻ കെ ഹരിഷ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ മധുസൂദനൻ നന്ദിയും പറഞ്ഞു

date