Skip to main content

ഗാന്ധി ജയന്തി വാരാഘോഷം; നാടെങ്ങും ശുചീകരണ യജ്ഞം

 

ഗാന്ധി ജയന്തി വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലയിലുടനീളം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ(ഒക്ടോബര്‍ 2) തുടക്കം കുറിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
 

കളക്ടറേറ്റില്‍ ഹരിത കേരളം മിഷന്‍റെയും ശുചിത്വ മിഷന്‍റെയും നേതൃത്വത്തില്‍ നടന്ന ശുചീകരണ യജ്ഞം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു.
 

എ.ഡി.എം ടി.കെ. വിനീത്, ഡെപ്യൂട്ടി കളക്ടര്‍ അലക്സ് ജോസഫ്, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, ഹുസൂര്‍ ശിരസ്തതദാര്‍ ബി. അശോക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 

കളക്ട്രേറ്റ് ജീവനക്കാര്‍, മുനിസിപ്പാലിറ്റിയിലെ  ഹരിതകര്‍മ്മസേന, ശുചീകരണത്തൊഴിലാളികള്‍, സി.എം.എസ് കോളേജിലെയും പാമ്പാടി കെ.ജി. കോളേജിലെയും നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയര്‍മാര്‍, ഹരിതസഹായ സ്ഥാപനമായ റോയല്‍ അസോസിയേറ്റ്സ്, ഡഫ് ആന്‍ഡ് ഡംപ് അസോസിയേഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റോട്ടറി ക്ലബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു.
 

പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്നതിനായി കളക്ട്രേറ്റ് പരിസരത്ത് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു. കോട്ടയം സതേണ്‍ ടൗണ്‍ റോട്ടറി ക്ലബിന്‍റെ സഹകരണത്തോടെ ഹരിതകേരള മിഷനാണ് ബോട്ടില്‍ ബൂത്ത് സജ്ജീകരിച്ചത്.
 

 കോട്ടയം സിമന്‍റ് കവലയ്ക്ക് സമീപം എം.സി. റോഡിന്‍റെ ഇരുവശങ്ങളിലും പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്‍റെ നേതൃത്വത്തില്‍ തണല്‍ വൃക്ഷത്തൈകള്‍ നട്ടു.
ബ്ലോക്ക് പഞ്ചായത്തുകളില്‍ ജനപ്രതിനിധികളും ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ശുചീകരണത്തില്‍ പങ്കുചേര്‍ന്നു. എല്ലാ കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയെടുത്തു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വാര്‍ഡ് തലത്തില്‍ പ്ലാസ്റ്റിക് ശേഖരണത്തിന് 

തുടക്കം കുറിച്ചു.
 

വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ശുചീകരണ പരിപാടി പ്രസിഡന്‍റ് കെ.പി. ബാലഗോപാലന്‍ നായരും പള്ളം ബ്ലോക്കില്‍ പ്രസിഡന്‍റ് ടി.ടി. ശശീന്ദ്രനാഥും ഉദ്ഘാനം ചെയ്തു.

സ്കൂളുകള്‍ കേന്ദ്രീകരിച്ചു നടന്ന ശുചീകരണ പരിപാടികളില്‍ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു. ശുചിത്വ ബോധവത്കരണ ലഘുലേഖകള്‍ വിതരണം ചെയ്തു. വാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ് ഡോ. പുഷ്കലാ ദേവിയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണത്തില്‍ പകല്‍വീട് അന്തേവാസികളും പങ്കെടുത്തു.
 

പുതുപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ് നിബു ജോണിന്‍റെ നേതൃത്വത്തില്‍ പൊതു സ്ഥലങ്ങളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. തോട്ടയ്ക്കാട്, കൈതേപ്പാലം സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രികളില്‍ പ്രത്യേക ശുചീകരണ പരിപാടികള്‍ നടന്നു.
 

ചങ്ങനാശേരി മുനിസിപ്പാലിറ്റിയില്‍ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപ്പറമ്പിലിന്‍റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

വൈക്കം മുന്‍സിപ്പാലിറ്റിയില്‍ മുനിസിപ്പല്‍ പാര്‍ക്ക്, ബീച്ച്, താലൂക്ക് ആശുപത്രി പരിസരം, കെ.എസ്.ആര്‍.ടി.സി ഡിപ്പോ എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി. ചെയര്‍മാന്‍ പി.ശശിധരന്‍ നേതൃത്വം നല്‍കി.  
 

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്‍റ് ആര്‍. പ്രേംജിയും ളാലം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്‍റ് സിബി ജോര്‍ജ് ഓടയ്ക്കലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നയിച്ചു.
നെടുംകുന്നം ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രസിഡന്‍റ് ബീന നിഷാദ് നിര്‍വഹിച്ചു. 15 വാര്‍ഡുകളില്‍ നിന്നായി 30 ഹരിത കര്‍മ്മ സേനകളെ നിയോഗിച്ചു. പഞ്ചായത്തു പരിധിയിലെ സ്കൂളുകളില്‍  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

 

കുറവിലങ്ങാട് ജനമൈത്രി പോലീസ്, കുര്യനാട് സെന്‍റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്.പി.സി കേഡറ്റുകള്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് കുറവിലങ്ങാട് ബസ് സ്റ്റാന്‍ഡ്, എം.സി റോഡിന്‍റെ പരിസരങ്ങള്‍ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു.
 

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ തുണിസഞ്ചികളുടെ വിതരണം പ്രസിഡന്‍റ് ഷക്കീല നസീര്‍ ഉദ്ഘാടനം ചെയ്തു. അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും തുണി സഞ്ചികള്‍ വിതരണം ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരായ തോമസുകുട്ടി ജോസ്, വി. ശ്രീരാഗ്, ലിറ്റി ജോസഫ്, ടെസ് ആന്‍റണി 

എന്നിവര്‍ നേതൃത്വം നല്‍കി.

 കുമരകം ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. സലിമോന്‍ ഉദ്ഘാടനം ചെയ്തു.

date