Skip to main content

പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് പകരം തുണി സഞ്ചിയുമായി പാല നഗരസഭ

 

സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് വിമുക്ത നഗരമെന്ന ലക്ഷ്യത്തോടെ പാല നഗരസഭ നടത്തുന്ന പദ്ധതികള്‍ക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമായി. ഇതിന്‍റെ ഭാഗമായി തുണിസഞ്ചികളുടെ വിതരണോദ്ഘാടനവും ഗാന്ധിജയന്തി ദിനാഘോഷവും നിയുക്ത എം.എല്‍.എ മാണി സി.കാപ്പന്‍ ഉദ്ഘാടനം ചെയ്തു.
 

ആദ്യഘട്ടമായി 2000 തുണി സഞ്ചികളും പദ്ധതിയുടെ പ്രാധാന്യം വിശദമാക്കുന്ന ലഘുലേഖകളും  വിതരണം ചെയ്തു. പൂര്‍ണമായും കോട്ടണ്‍ തുണിയില്‍ നിര്‍മ്മിച്ച ബാഗ് മണി പേഴ്സായും ഉപയോഗിക്കാം. 80 രൂപ വിലയുള്ള ബാഗ് സബ്സിഡി നിരക്കില്‍ 30 രൂപയ്ക്കാണ് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.
 

വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് കാരിബാഗുകള്‍ നിര്‍മിച്ചു നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ പദ്ധതി എല്ലാ വാര്‍ഡുകളിലേയും വ്യാപിപ്പിക്കുന്നതോടെ ലക്ഷക്കണക്കിന് പ്ലാസ്റ്റിക് കാരിബാഗുകള്‍ ഒഴിവാക്കാനാകുമെന്നാണ് മുനിസിപ്പാലിറ്റി അധികൃതരുടെ പ്രതീക്ഷ.
 

നഗരസഭാങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്സണ്‍ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ഇന്ത്യന്‍ സിറ്റിസണ്‍ ഫോറം ചെയര്‍മാന്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍, പാല സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.മാത്യു പുല്ലുകാലായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date