Skip to main content

ഗാന്ധിസ്മൃതി പുസ്തകമേള: വിയ്യൂർ സെൻട്രൽ ജയിലിൽ ഒന്നരലക്ഷം രൂപയുടെ വിൽപന

വിയ്യൂർ സെൻട്രൽ ജയിലിൽ ഗാന്ധിജിയുടെ 150-ാം വാർഷിക ദിനത്തിൽ ഒരുക്കിയ ഗാന്ധിസ്മൃതി പുസ്തകോത്സവത്തിൽ റെക്കോർഡ് വിൽപന. ജയിൽ വേതനത്തിൽ നിന്നും ചിലവഴിച്ച് ഇരുന്നൂറോളം തടവുക്കാർ ഒരു ലക്ഷത്തി പതിനായിരം രൂപയുടെ പുസ്തകങ്ങളാണ് നാല് മണിക്കൂർ സമയത്തിനകത്ത് വാങ്ങിയത്. 32 പേർ ആയിരം രൂപയിലധികം ചിലവഴിച്ചു. പുസ്തകമേളയിൽ എത്തിച്ചേർന്ന സാഹിത്യകുതൂകികളായ സന്ദർശകർ 20000 രൂപയിലധികം വില വരുന്ന പുസ്തകങ്ങൾ വാങ്ങി. ഇന്ത്യയിൽ തന്നെ ഇതൊരു റെക്കോർഡ് വിൽപനയാണ്. എച്ച് ആൻഡ് സി ബുക്ക്‌സ് പ്രസിദ്ധീകരിച്ച എൻ സ്മിതയുടെ മഴത്തുളളി മോഹന രവി വർമ്മയുടെ ഇര, എടപ്പാൾ സി സുബ്രഹ്മണ്യന്റെ മലയാള കവിതാ ക്വിസ് എന്നീ മൂന്ന് കൃതികൾ പ്രകാശനം ചെയ്തു. ഡോ. സരസ്വതി, ഡോ. കെ കെ എസ് കുട്ടി എന്നിവർ സ്വകൃതികളുടെ ഏതാനും കോപ്പികൾ ജയിൽ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾക്കെല്ലാം എച്ച് ആൻഡ് സി ബുക്ക്‌സ് നൽകിയ പുസ്തകങ്ങളും ജയിലിൽ നിർമ്മിച്ച പേനയും പേപ്പർ ക്യാരി ബാഗിൽ സമ്മാനിച്ചു. ജയിലിൽ നിർമ്മിച്ച പേപ്പർ ക്യാരി ബാഗിലാണ് പുസ്തകങ്ങൾ വിൽപന നടത്തുന്നത്. പുസ്തകോത്സവം കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻമാരായ അശോകൻ ചെരുവിൽ, രാവുണ്ണി, ജയിൽ സൂപ്രണ്ട് എൻ എസ് നിർമ്മലാനന്ദൻ നായർ, ജോയിന്റ് സൂപ്രണ്ട് കെ അനിൽകുമാർ, വെൽഫെയർ ഓഫീസർ സജി സൈമൺ, സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ മാഗി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
 

date