ഫ്ളക്സ് നിരോധനം: നടപടികള്‍ കര്‍ശനമാക്കി ജില്ലാ കലക്ടര്‍ ഫ്ളക്സ് അച്ചടിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും
ഫ്ളക്സ് നിരോധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാത്ത പ്രിന്റിംഗ് യൂണിറ്റുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ടി വി സുഭാഷ് കര്‍ശന നിര്‍ദ്ദേശം നല്കി. ഫ്ളക്സ് നിരോധനത്തിന് ശേഷം പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെ പേരുവിവരങ്ങളില്ലാത്ത ഫ്ളക്സുകള്‍ ജില്ലയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ പശ്ചാത്തലത്തിലാണ് നടപടി.
നിരോധിത പിവിസി ഫ്ളക്സുകള്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനായി പരിശോധനകള്‍ ശക്തിപ്പെടുത്താനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. സ്ഥാപനത്തിന്റെ പേരിലോ, പരസ്യ വാചകങ്ങളിലോ ഫ്ളക്സ് എന്ന വാക്ക് ഉണ്ടെങ്കില്‍ അത് ഉടനടി നീക്കം ചെയ്യണം. പരസ്യങ്ങള്‍ അച്ചടിക്കുന്ന സ്ഥാപനങ്ങളില്‍ 'പുന:ചക്രമണം ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രിന്റിംഗ് ജോലികള്‍ മാത്രമേ ഏറ്റെടുക്കുകയുള്ളൂ' എന്ന് ആളുകള്‍ കാണുംവിധം എഴുതി പ്രദര്‍ശിപ്പിക്കുകയും വേണം. പുനരുപയോഗം സാധ്യമാകുന്ന സാധനങ്ങളില്‍ അച്ചടിക്കുമ്പോള്‍ 'റീസൈക്ലബ്ള്, പിവിസി ഫ്രീ' എന്ന ലോഗോ, പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, ഫോണ്‍ നമ്പര്‍, പ്രിന്റിംഗ് നമ്പര്‍, ഉപയോഗം അവസാനിക്കുന്ന തീയതി തുടങ്ങിയവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. ഈ നമ്പര്‍ പ്രകാരം പ്രിന്റ് ചെയ്യുന്ന ഉപഭോക്താവിന്റെ മുഴുവന്‍ വിവരവും സ്ഥാപനത്തില്‍ സൂക്ഷിക്കേണ്ടതാണ്.
തീയതി വെച്ചുള്ള പ്രോഗ്രാം ബാനറുകള്‍ക്ക് പ്രോഗ്രാം അവസാനിക്കുന്ന തീയതി ഉപയോഗം അവസാനിക്കുന്ന തീയതിയായും, തീയതി വയ്ക്കാത്ത പരസ്യങ്ങള്‍ക്ക് പരമാവധി 90 ദിവസം പിന്നിട്ടുള്ള തീയതി ഉപയോഗം അവസാനിക്കുന്ന തീയതിയായും നിശ്ചയിക്കണം. ഇങ്ങനെ സ്ഥാപിക്കുന്ന ബോര്‍ഡുകളും ബാനറുകളും മറ്റും ഉപയോഗം അവസാനിക്കുന്ന തീയതിക്ക് പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യേണ്ടതാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ നിലവില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ക്കും ഈ വ്യവസ്ഥ ബാധകമായിരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സമയപരിധി കഴിഞ്ഞും നീക്കം ചെയ്യാത്ത പക്ഷം ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്ന് ചതുരശ്ര അടിക്ക് 20 രൂപ നിരക്കില്‍ പിഴയും അവ അഴിച്ചുമാറ്റി നീക്കം ചെയ്യാന്‍ വേണ്ടിവരുന്ന ചെലവും ഈടാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി.
- Log in to post comments