Skip to main content

66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം: കട്ടപ്പനയിൽ കൊടി ഉയരും, തിരുവന്തപുരത്ത് സമാപിക്കും

66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് നവംബർ 14ന് തിരി തെളിയും. ഒരാഴ്ച നീളുന്ന സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം ഇടുക്കിയിലെ കട്ടപ്പനയിൽ നടക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കൺവീനർ കോലിയക്കോട് എൻ.കൃഷ്ണൻ നായർ അറിയിച്ചു. 14ന് രാവിലെ സഹകരണ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ഉദ്ഘാടന സമ്മേളനത്തിൽ എല്ലാ ജില്ലകളിൽ നിന്നുമായി 1500 സഹകാരികൾ പ്രതിനിധികളായി പങ്കെടുക്കും. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സെമിനാർ നടക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് സഹകരണ ഘോഷയാത്ര.  എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നുളള സഹകാരികൾ ഉൾപ്പെടെ 5000ത്തിലധികം പേർ പങ്കെടുക്കും. നവംബർ 13ന് എറണാകുളത്ത് നിന്ന് കൊടിമരജാഥയും കോട്ടയത്തു നിന്ന് പതാകജാഥയും കട്ടപ്പാനയിൽ എത്തും. വാരാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം സംസ്ഥാനത്തെ മുഴുവൻ സർക്കിൾ സഹകരണ യൂണിയനുകളുടെ നേതൃത്വത്തിലും പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കും. വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം അടുത്ത മാസം 20ന് തിരുവനന്തപുരത്ത് നടക്കും.
പി.എൻ.എക്‌സ്.3697/19

date