Skip to main content

അനധികൃത വൈദ്യുത വേലി: കര്‍ശന നടപടി സ്വീകരിക്കും

വന്യമൃഗങ്ങളെ തുരത്താനും കന്നുകാലികളില്‍ നിന്നും മറ്റും കൃഷി സംരക്ഷിക്കുന്നതിനുമായി അനധികൃതമായി കമ്പിവേലികളില്‍ കൂടി വൈദ്യുതി കടത്തി വിടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എ.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വൈദ്യുത അപകട നിവാരണ സമിതി യോഗത്തിലാണ് തിരുമാനം. നിയമവിരുദ്ധമായി സ്ഥാപിക്കുന്ന വൈദ്യത വേലികള്‍ മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും നിരന്തരമായി അപകടങ്ങള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍ പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. വൈദ്യുത കാലുകളില്‍ കൂടി അനധികൃതമായി കേബിള്‍ വലിച്ചത് ശ്രദ്ധയില്‍ പെട്ടാല്‍ ഇവ അഴിച്ചു മാറ്റും. ഉത്തരവാദികള്‍ക്കെതിരെ നടപടിയും സ്വീകരിക്കും. വൈദ്യുതി വകുപ്പിന്റെ അനുമതിയോടെ കേബിള്‍ വലിക്കുന്നവര്‍ കേബിളുകളില്‍ നിര്‍ബന്ധമായും ടി.വി ഓപ്പറേറ്ററുടെ പേര് ടാഗ് ചെയ്യണം.
വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പൊതുജനം ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഇരുമ്പുതോട്ടി/ഇരുമ്പ് ദണ്ഡ് ഉപയോഗിക്കുന്നതുമൂലം അപകടങ്ങള്‍ നടക്കുന്നുണ്ട്. പൊതുജനങ്ങള്‍ ഒരു കാരണവശാലും മാങ്ങ, ചക്ക, കശുമാങ്ങ തുടങ്ങിയ ഫലങ്ങള്‍ വിളവെടുക്കുന്നതിന് ഇരുമ്പുതോട്ടിയോ ദണ്ഡോ വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഉപയോഗിക്കരുത്.  വൈദ്യുതി കമ്പികള്‍ പൊട്ടി വീണതോ മറ്റു വൈദ്യുത അപകടങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ 9496 01 01 01 എന്ന നമ്പറില്‍ അറിയിക്കണം.
കഴിഞ്ഞ നാലു മാസത്തിനിടെ ജില്ലയില്‍ 23 വൈദ്യുത അപകടങ്ങളാണ് ഉണ്ടായത്. ഈ അപകടങ്ങളിലായി ഒമ്പതു മനുഷ്യര്‍ക്കും രണ്ടു മൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. നാലു കെ.എസ്.ഇ.ബി ജീവനക്കാരും മൂന്നു കരാര്‍ ജീവനക്കാരും അടക്കം 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ടി.യു ശോഭന, മറ്റ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
 

date