കലാലയങ്ങളെ ലഹരി വിമുക്തമാക്കാന്‍ പ്രത്യേക കാംപയിന്‍: മന്ത്രി സി രവീന്ദ്രനാഥ് വിദ്യാലയങ്ങളില്‍ മെന്ററിംഗ് സംവിധാനം ഉടന്‍
കലാലയ ക്യാംപസുകളെ ലഹരി വിമുക്തമാക്കുന്നതിനുള്ള പ്രത്യേക പദ്ധതി നവംബര്‍ ഒന്ന് മുതല്‍ നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ച് ഇനിയും മുന്നോട്ട് എന്ന പേരില്‍ സംഘടിപ്പിച്ച ജില്ലയിലെ തദ്ദേശ - സഹകരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും പി ടി എ ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ പഠനത്തിന്റെയും ജീവിതത്തിന്റെയും താളം തെറ്റിക്കുന്ന രീതിയില്‍ വലിയ ദുരന്തമായി ലഹരി വ്യാപകമായി വരികയാണ്. പോലിസ്, എക്‌സൈസ്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ക്കു പുറമെ തദ്ദേശ സ്ഥാപനങ്ങളുടെയും അധ്യാപക-രക്ഷാകര്‍തൃ സമൂഹത്തിന്റെയും പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുക. ജനകീയ പ്രതിരോധത്തിലൂടെ മാത്രമേ ഈ ഭീഷണി നേരിടാനാവൂ. ഇതിന്റെ ഭാഗമായി കലാലയങ്ങളില്‍ മെന്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
നിഷ്‌കളങ്കവും നിര്‍മലവുമായ സ്‌നേഹമാണ് ഏത് കുട്ടിയും ആഗ്രഹിക്കുന്നത്. അത് ലഭിക്കാതിരിക്കുമ്പോഴാണ് ലഹരിയുടെയും മയക്കുമരുന്നിന്റെയും ലോകത്തേക്ക് വിദ്യാര്‍ഥികള്‍ ആകര്‍ഷിക്കപ്പെടുന്നത്. ഓരോ കുട്ടിയെയും പൂര്‍ണ രീതിയില്‍ മനസ്സിലാക്കാനായാല്‍ മാത്രമേ ഇത് പരിഹരിക്കാനാവൂ. മെന്ററിംഗ് പരിപാടിയിലൂടെ ഇത് ഒരു പരിധി വരെ സാധിക്കും. 25 മുതല്‍ 30 വരെ കുട്ടികള്‍ ഒരു അധ്യാപകന്റെ കീഴിലാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. വീട്ടില്‍ മാത്രമല്ല വിദ്യാലയങ്ങളിലും രക്ഷിതാവിന്റെ ശ്രദ്ധയും പരിലാളനയും ലഭിക്കുന്ന സ്ഥിതിയുണ്ടാവണം. കുട്ടികളെ സൂക്ഷ്മമമായി നിരീക്ഷിക്കുന്നതിലൂടെ അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ സാധിക്കും. ദുശ്ശീലങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതോടൊപ്പം പഠന പ്രശ്‌നങ്ങളില്‍ അവരെ സഹായിക്കാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
നാട്ടിലെ ഒരു കുട്ടിപോലും പാതിവഴിയില്‍ കൊഴിഞ്ഞു പോവുന്നില്ലെന്ന് ഉറപ്പു വരുത്തണം. വിദ്യാലയങ്ങളെ ഹൈടെക്കാക്കുന്നതിലും ആധുനിക വല്‍ക്കരിക്കുന്നതിലും തദ്ദേശ സ്ഥാപനങ്ങളും രക്ഷിതാക്കളും ഒറ്റക്കെട്ടായി മുന്നോട്ടു വരണം. ഉച്ചഭക്ഷണത്തിനു പുറമെ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രാതല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാനും ബന്ധപ്പെട്ടവര്‍ മുന്നോട്ടുവരണമെന്നും മന്ത്രി അറിയിച്ചു. സ്‌കൂളിലെ ശുചി മുറികള്‍, കൈ കഴുകുന്ന സ്ഥലം, പാചകപ്പുര, ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവിടങ്ങളിലെ സമ്പൂര്‍ണ ശുചിത്വം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സുമ ബാലകൃഷ്ണന്‍, എംഎല്‍എമാരായ സി കൃഷ്ണന്‍, ജെയിംസ് മാത്യു, സണ്ണി ജോസഫ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയരക്ടര്‍ (ജനറല്‍) ആര്‍ എസ് ഷിബു, എസ്‌സിഇആര്‍ടി ഡയരക്ടര്‍ ഡോ. ജെ പ്രസാദ്, എസ്എസ്‌കെ സ്റ്റേറ്റ് പ്രൊജക്ട് ഡയരക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍, ഡോ. രതീഷ് കാളിയാടന്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ടി പി നിര്‍മല ദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments