നിസ്സാര പ്രശ്‌നങ്ങള്‍ പ്രാദേശിക തലത്തില്‍ തീര്‍ക്കാന്‍ ഇടപെടും: വനിത കമ്മീഷന്‍ അംഗം
വനിതാ കമ്മീഷന്‍ മുമ്പാകെ എത്തുന്ന ചെറിയ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുമായി ചേര്‍ന്ന് പ്രത്യേക സംവിധാനം ആലോചിക്കുന്നതായി വനിതാ കമ്മീഷന്‍. കണ്ണൂരില്‍ അദാലത്തിന് ശേഷം കമ്മീഷന്‍ അംഗം ഇ എം രാധയാണ് ഇക്കാര്യം അറിയിച്ചത്. വഴിത്തര്‍ക്കം പോലുള്ള നിസ്സാര പ്രശ്‌നങ്ങളും കമ്മീഷന്‍ മുമ്പാകെ പരാതികളായി എത്തുന്നുണ്ട്. ഇത്തരം കേസുകളില്‍ പലതും തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലിലൂടെ പരിഹരിക്കാന്‍ സാധിക്കുന്നവയാണ്. ഇതിനായി ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സഹകരണത്തോടെ പ്രശ്‌ന പരിഹാരമുണ്ടാക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച പരാതികള്‍ കുറവാണെന്നും അവര്‍ പറഞ്ഞു.
മട്ടന്നൂരിലെ ഒരു ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ അധികൃതര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ബന്ധപ്പെട്ടവര്‍ക്ക് അടുത്ത സിറ്റിംഗില്‍ ഹാജരാകാന്‍ നോട്ടീസ് അയക്കാന്‍ ഉത്തരവായി. ധര്‍മ്മടത്ത് മൂത്ത സഹോദരി വ്യാജ പരാതികള്‍ നല്‍കി ബുദ്ധിമുട്ടിക്കുന്നുവെന്ന കേസില്‍ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോടും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോടും ആവശ്യപ്പെട്ടതായി കമ്മീഷന്‍ അംഗം അറിയിച്ചു.
തളിപ്പറമ്പിലെ നൃത്തവിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സങ്ങള്‍ ഉണ്ടാക്കുന്നുവെന്ന പരാതിയും കമ്മീഷന്‍ പരിഗണിച്ചു. കോടതി ഇഞ്ചങ്ങ്ഷന്‍ നിലനില്‍ക്കെ നൃത്തവിദ്യാലയത്തിന്റെ വൈദ്യുതി ബന്ധം വിഛേദിച്ചുവെന്നും അന്യായമായി ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് പരാതി.
അദാലത്തില്‍ 43 പരാതികള്‍ പരിഗണിച്ചു. ഇതില്‍ അഞ്ച് പരാതി തീര്‍പ്പാക്കി. 27 പരാതി അടുത്ത സിറ്റിംഗില്‍ പരിഗണിക്കാനായി മാറ്റി. നാല് കേസുകളില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഏഴ് പരാതികളില്‍ ആരും ഹാജരായില്ല.
- Log in to post comments