Skip to main content

വഴികാട്ടാന്‍ വഴിവിളക്ക് തുടര്‍ വിദ്യാഭ്യാസ പഠന സഹായപദ്ധതിക്ക് തുടക്കമായി

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന തുടര്‍വിദ്യാഭ്യാസ പഠന സഹായപദ്ധതി 'വഴിവിളക്കി'ന് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ജില്ലക്കായിട്ടുണ്ടെന്നും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഏവര്‍ക്കും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും മികച്ച വിജയം കരസ്ഥമാക്കുന്നതിനും പത്താംതരം ഹയര്‍സെക്കണ്ടറി തുല്യതാ പഠിതാക്കളെ പ്രാപ്തമാക്കുക, ജില്ലയുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് വഴിവിളക്ക് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നവംബര്‍ നാല് വരെ ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുല്യതാ പഠിതാക്കള്‍ക്കായി ബ്ലോക്ക് തലങ്ങളില്‍ പരിശീലന പരിപാടികളും സംഘടിപ്പിക്കും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, അംഗം അജിത്ത് മാട്ടൂല്‍, സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റിയന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍ രമേഷ് കുമാര്‍, സാക്ഷരതാ സമിതി അംഗം വിആര്‍വി ഏഴോം തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ വിദ്യാഭ്യാസ പഠന സഹായ പദ്ധതിയുടെ കൈപ്പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.  
 

date