പിഎംഎവൈ-ലൈഫ്: കോർപ്പറേഷനിൽ 1229 വീടുകളുടെ നിർമ്മാണം തുടങ്ങി
എല്ലാവർക്കും വീട് എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി ആവാസ് യോജന-ലൈഫ് പദ്ധതിയുടെ ഭാഗമായി തൃശൂർ കോർപ്പറേഷനിൽ 1229 കുടുംബങ്ങൾ വീട് നിർമ്മാണം തുടങ്ങി. 400 കുടുംബങ്ങൾ വീട് നിർമ്മാണം പൂർത്തിയാക്കി. 846 കുടുംബങ്ങൾ ഭവനനിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അഞ്ച് പ്രൊജ്ക്ടുകളിലായി 1395 കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിന് ധനസഹായത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. 2015 ജൂൺ മുതൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തൃശൂർ കോർപ്പറേഷനിൽ ആരംഭിച്ചു.
ഭൂമിയുള്ള ഭവനരഹിതർക്ക് പിഎംഎവൈ-ലൈഫ് പദ്ധതിയിലുൾപ്പെടുത്തി നാല് ലക്ഷം രൂപ ധനസഹായവും ഭൂരഹിതർക്ക് കേരള സർക്കാർ പദ്ധതിയായ ലൈഫ് മിഷൻ സ്‌കീമിൽ ഉൾപ്പെടുത്തി ഫ്‌ളാറ്റുകൾ നിർമ്മിക്കുന്ന പദ്ധതിയുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഭവന രഹിതരുടെ സർവ്വേ കുടുംബശ്രീ സംഘടന സംവിധാനം ഉപയോഗപ്പെടുത്തി പൂർത്തിയാക്കി വിവിധ ഘടകങ്ങളിൽ ഉൾപ്പെടുത്തി എല്ലാവർക്കും ഭവനം- കർമ്മ പരിപാടി തയ്യാറാക്കി. തുടർന്ന് ഭൂമിയുള്ള ഭവന രഹിതർക്കായി പദ്ധതികൾ തയ്യാറാക്കി സർക്കാർ അംഗീകാരം ലഭ്യമാക്കുകയും നിർവ്വഹണം ആരംഭിക്കുകയും ചെയ്തു.
ഭവന നിർമ്മാണം കൂടാതെ വിവിധ സാമൂഹ്യ വികസന പ്രവർത്തനങ്ങൾ നഗരസഭാതലത്തിൽ നടപ്പിലാക്കി വരുന്നു. പിഎംഎവൈ-ലൈഫ് കുടുംബങ്ങളിലെ തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് തൊഴിൽ പരിശീലനം, ഭവന നിർമ്മാണത്തിനായി സംസ്ഥാന സർക്കാരിന്റെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 24390 രൂപയുടെ അധിക ധനസഹായം, ഉജ്ജ്വല പദ്ധതിയുമായുള്ള സംയോജനത്തിലൂടെ സൗജന്യ ഗ്യാസ് കണക്ഷൻ, വിവിധ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവ നടത്തിവരുന്നുണ്ട്.
ഇതു കൂടാതെ, വിവിധ പദ്ധതികളുടെ ഏകോപനത്തിലൂടെയും ബോധവൽക്കരണ പരിപാടികളിലൂടെയും ഗുണഭോക്താക്കളുടെ ജീവിത ശൈലിയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച അംഗീകാർ ക്യാമ്പയിൻ, സംസ്ഥാന സർക്കാർ പ്രഖ്യപിച്ച ഹരിതഭവനം ക്യാമ്പയിൻ എന്നിവയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു.
സുരക്ഷിതമായ പാർപ്പിടത്തോടൊപ്പം വിവിധ സർക്കാർ/സർക്കാരിതര പദ്ധതികളുടെ സഹായങ്ങൾഅർഹതപ്പെട്ടവർക്ക് ലഭ്യമാക്കിയും ജീവിത രീതിയിൽ മാറ്റങ്ങൾ വരുത്തിയും പിഎംഎവൈ-ലൈഫ് കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഏതാണ്ട് രണ്ടു മാസക്കാലം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഗാന്ധിജിയുടെ നൂറ്റി അൻപതാം ജന്മദിനത്തിൽ നഗരസഭകളിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു കൊണ്ട് ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി, വിവിധ പ്രവർത്തനങ്ങൾ നഗരസഭ നടത്തിവരുന്നു.
എല്ലാ വീടുകളിലും മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് കൊണ്ടുള്ള ആവശ്യങ്ങൾ തിരിച്ചറിയാനുളള സർവ്വേ പൂർത്തീകരണ ഘട്ടത്തിലാണ്. ക്യാമ്പയിൻ കാലയളവിൽ നടത്തിയ സർവ്വേയുടെ ഫലമനുസരിച്ചുള്ള പ്രോജക്ടുകൾ നഗരസഭാ തലത്തിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കും. നിലവിൽ വിവിധ പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ, നേത്ര പരിശോധന ക്യാമ്പുകൾ, ശിൽപശാലകൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇന്ന് (നവംബർ രണ്ട്) മുതൽ മലബാർ ഐ ഹോസ്പിറ്റലിന്റെയും അഹല്യ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ അഞ്ച് ശനിയാഴ്ചകളിലായി സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പുകളും നവംബർ മൂന്ന് മുതൽ അഞ്ച് ഞായറാഴ്ചകളിൽ ജുബിലി മിഷൻ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. നവംബർ അഞ്ചിനു കുടുംബശ്രീ തിയേറ്റർ ഗ്രൂപ്പ് രംഗശ്രീ ടീം അവതരിപ്പിക്കുന്ന തെരുവുനാടകം നഗരസഭാ പരിസരത്തും സക്തൻ ബസ് സ്റ്റാൻഡ് പരിസരത്തും അരങ്ങേറും. നവംബർ ആറ് മുതൽ വിവിധ പ്രദേശങ്ങളിൽ കുടുംബശ്രീ മിഷൻ, ചൈൽഡ് ലൈൻ എന്നിവരുടെ സഹകരണത്തോടെ ശിൽപശാലകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ഫോട്ടൊഗ്രാഫി മത്സരം, സ്‌കൂൾ വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരങ്ങൾ, ഡിവിഷൻ കൌൺസിലർ, കുടുംബശ്രീ സിഡിഎസ്സ് സംവിധാനം, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർക്കായി ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. പിഎംഎവൈ-ലൈഫ് പദ്ധതി പ്രകാരം ഭവന നിർമ്മാണം പൂർത്തീകരിച്ച കുടുംബങ്ങൾക്കായി മികച്ച ഭവനം, മികച്ച അടുക്കളത്തോട്ടം, മികച്ച മാലിന്യ സംസ്‌കരണ രീതി, ഊർജ്ജ സംരക്ഷണ മാതൃക എന്നിവയിൽ അവാർഡുകൾ, പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് മികച്ച പ്രകടനം കാഴ്ചവെച്ച ജനപ്രതിനിധിക്കും കുടുംബശ്രീ സിഡിഎസിനും അവാർഡുകൾ എന്നിവ നൽകുന്നു.
ക്യാമ്പയിന്റെ ഭാഗമായി നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ സമാപന സമ്മേളനം, പിഎംഎവൈ കുടുംബങ്ങൾ അണിനിരക്കുന്ന കലാസാംസ്‌കാരിക കൂട്ടായ്മയ്‌ക്കൊപ്പം ഡിസംബർ രണ്ടാം വാരത്തിൽ നടക്കും.
- Log in to post comments