Skip to main content

കൂടരഞ്ഞി  പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

കോഴിക്കോട് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം ഗ്രേസി കീലത്തിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം, നിലവില്‍ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മല്‍സരിക്കുന്നതിനും 2018   ജനുവരി 10 മുതല്‍ ആറു വര്‍ഷത്തേക്കാണ് കമ്മീഷന്‍ വിലക്ക്.

2016 നവംബര്‍ 21ന് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് കേരള കോണ്‍ഗ്രസ്(എം) നോട്ടീസ് നല്‍കി.  പ്രമേയത്തെ അനുകൂലിക്കാന്‍ കേരള കോണ്‍ഗ്രസ്   (എം)  അംഗങ്ങള്‍ക്ക് ജില്ലാ പ്രസിഡന്റ് വിപ്പ് നല്‍കി. എന്നാല്‍  ഗ്രേസി കീലത്ത് പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന്,  പ്രമേയത്തെ പരാജയപ്പെടുത്താന്‍ നിലപാട് സ്വീകരിച്ചു.  ഇതിനെതിരേ സി.പി.ഐ(എം) അംഗം  ജിജി  കട്ടകയം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ നടപടി. 

2015 ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതു തെരഞ്ഞടുപ്പില്‍ ഗ്രേസി കീലത്ത് കേരള കോണ്‍ഗ്രസ്(എം) ല്‍ നിന്നും  തെരഞ്ഞെടുക്കപ്പെട്ടു.  14 വാര്‍ഡുകളുള്ള കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍   യു.ഡി.   എഫ്-7, എല്‍.ഡി.എഫ്-6, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് സീറ്റുകള്‍. സ്വതന്ത്രന്റെ പിന്തുണയോടെ  യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.

 പി.എന്‍.എക്‌സ്.139/18

date