ലില്ലിക്കുട്ടിക്ക് വേണം; ബ്ലേഡ് മാഫിയ തട്ടിയെടുത്ത കിടപ്പാടം
'ആപത്തില്‍ സഹായിച്ചതിന് നഷ് ടമായത് കിടപ്പാടമാണ ്" നിറകണ്ണുകളോടെ അടൂര്‍ കണ്ണങ്കോട് കിഴക്കടത്ത് പുത്തന്‍ വീട്ടില്‍ ലില്ലിക്കുട്ടി തന്റെ നിസഹായവസ്ഥ ജില്ലാ കലക്ടറുടെ മുന്നില്‍ അവതരിപ്പിച്ചു. ബ്ലേഡ് മാഫിയ തട്ടിയെടുത്ത വീടും സ്ഥലവും തിരിച്ചു കിട്ടാന്‍ സഹായിക്കണമെന്ന് തൊഴുകൈകളോടെ അപേക്ഷിച്ചു. അടൂര്‍ താലൂക്ക് അദാലത്തിലാണ് ഏറെ ഹൃദയഭേദകമായ രംഗങ്ങള്‍ ജില്ലാ കലക്ടര്‍ ആര് ഗിരിജക്ക് മുന്നില്‍ അരങ്ങേറിയത്.
ലില്ലിക്കുട്ടിയുടെ തോട്ടത്തിലെ റബ്ബര്‍ വെട്ടുകാരന്റെ ജപ്തി ഒഴിവാക്കാന്‍ ഒരു മാസത്തേക്ക് പണയം വയ്ക്കാനാണ് 54 സെന്റ് സ്ഥലത്തിന്റെ പ്രമാണം കൊടുത്തത്. തിരുവല്ലയിലെ പ്രമുഖനായ വ്യക്തിയില്‍ നിന്നും 1.9 ലക്ഷം രൂപ പലിശക്കെടുക്കുകയായിരുന്നു. പണയ വ്യവസ്ഥ പ്രകാരം പറയുന്നിടത്തൊക്കെ ഒപ്പിട്ടുകൊടുത്തു. തന്റെ പ്രമാണം പലിശക്കാരന് രജിസ്റ്റര്‍ ചെയ്തുകൊടുക്കുക ആയിരുന്നുവെന്ന് ലില്ലിക്കുട്ടി അറിഞ്ഞിരുന്നില്ല. ഇതിനിടയില്‍ വില്ലേജ് ഓഫിസില്‍ പലിശക്കാരന് വസ്തു പോക്കു വരവ് ചെയ്യാന്‍ ശ്രമം നടത്തിയതോടെയാണ് ചതി തിരിച്ചറിയുന്നത്. വില്ലേജ് ഓഫീസറുടെ അവസരോചിതമായ ഇടപെടല്‍ മൂലം വസ്തു പോക്കുവരവ് ചെയ്യാനോ കരം ഒടുക്കാനോ അയാള്‍ക്ക് കഴിഞ്ഞില്ല. പലിശക്കാരന് രണ്ട് ലക്ഷത്തിലധികം രൂപ കൊടുത്തിട്ടും പ്രമാണം തിരിച്ചു കിട്ടാതായതോടെ പലയിടത്തും പരാതി നല്കി. പക്ഷെ നാളിതുവരെ ഒരു നടപടിയും ഇയാള്‍ക്കെതിരെ സ്വീകരിച്ചിട്ടില്ലെന്ന് ലില്ലിക്കുട്ടി പറഞ്ഞു. ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം വേര്‍പെട്ട് ഒറ്റക്ക് താമസിച്ചു വരികയാണ് ഇവര്‍.
ലില്ലിക്കുട്ടിയുടെ പരാതിയില്‍ ഇരുഭാഗത്തുള്ളവരെയും വിളിച്ചു വരുത്തി പരാതികേള്‍ക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദേശം നല്കി. (പിഎന്‍പി 165/18)
- Log in to post comments