Skip to main content

എറണാകുളം അറിയിപ്പുകള്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വെള്ളക്കരം കുടിശിക

തീര്‍പ്പാക്കാന്‍ അദാലത്ത്

കൊച്ചി: സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ വെള്ളക്കരം കുടിശിക ഒറ്റത്തവണയില്‍ തീര്‍പ്പാക്കുന്നതിനുള്ള അദാലത്ത് ഫെബ്രുവരിയില്‍ സംഘടിപ്പിക്കുമെന്ന് വാട്ടര്‍ സപ്ലൈ ഡിവിഷന്‍ കൊച്ചി 18 എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചോറ്റാനിക്കര, കുമ്പളം, ഉദയംപേരൂര്‍, പൂതൃക്ക, വടവുകോട് - പുത്തന്‍കുരിശ്, ഐക്കരനാട്, തിരുവാണിയൂര്‍, കോട്ടുവള്ളി, ഏഴിക്കര, ചേന്ദമംഗലം, ഞാറക്കല്‍, പള്ളിപ്പുറം, എളങ്കുന്നപ്പുഴ, നായരമ്പലം, കുഴുപ്പിള്ളി, എടവനക്കാട്, വരാപ്പുഴ ഗ്രാമപഞ്ചായത്തുകള്‍, കളമശ്ശേരി, ഏലൂര്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ ജനുവരി 25നകം സബ് ഡിവിഷന്‍ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.

 

ഗാര്‍ഡ്‌നര്‍ പരിശീലനം

കൊച്ചി: കൃഷി വകുപ്പിന് കീഴില്‍ 30 ദിവസം നീളുന്ന ഗാര്‍ഡ്‌നര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗാര്‍ഡനിങ് മുഖ്യ തൊഴിലും വരുമാനമാര്‍ഗവുമാക്കാന്‍ താല്‍പര്യമുള്ള എറണാകുളം ജില്ലയിലെ തൊഴില്‍ രഹിതര്‍ക്ക് അപേക്ഷിക്കാം. അഞ്ചാം ക്ലാസ് പാസായവരും 18നും 40നുമിടയില്‍ പ്രായമുള്ളവരും ആയിരിക്കണം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. യോഗ്യതകള്‍ തെളിയിക്കുന്നതിനാവശ്യമായ സാക്ഷ്യപത്രം സഹിതം ജനുവരി 30നകം അപേക്ഷിക്കണം. വിലാസം: പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496002957.

 

സ്വയംതൊഴില്‍ ധനസഹായം

കൊച്ചി: മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കേണ്ടി വരുന്നവരും ഭര്‍ത്താവ് ഉപേക്ഷിച്ചവരുമായ വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംങ്ങള്‍ ആരംഭിക്കുന്നതിന് 35,000 രൂപ ധനസഹായം നല്‍കുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. എട്ടാം ക്ലാസ് വിദ്യാഭ്യാസം ലഭിച്ചിരിക്കണം. വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് അടക്കമുള്ള അപേക്ഷ ജനുവരി 26നകം കാക്കനാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷഫോം സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും.

 

റിപ്പബ്ലിക്ക് ദിന പരേഡ് റിഹേഴ്‌സല്‍ നാളെ (തിങ്കള്‍) മുതല്‍

കൊച്ചി: റിപ്പബ്ലിക്ക് ദിന പരേഡിന് മുന്നോടിയായുള്ള റിഹേഴ്‌സല്‍ കാക്കനാട് പരേഡ് ഗ്രൗണ്ടില്‍ നാളെ (തിങ്കള്‍) ആരംഭിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചയ്ക്ക് മൂന്നു മുതല്‍ 5.30 വരെയാണ് റിഹേഴ്‌സല്‍. ബുധനാഴ്ച്ച രാവിലെ 7.30ന് ഡ്രസ് റിഹേഴ്‌സല്‍ നടക്കും. പൊലീസ്, എന്‍.സി.സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്, ഗൈഡ് തുടങ്ങിയ വിഭാഗങ്ങള്‍ പരേഡില്‍ പങ്കെടുക്കും. റിഹേഴ്‌സലിലും പരേഡിലും പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബസ് യാത്രാ നിരക്കില്‍ കണ്‍സഷന് അര്‍ഹതയുണ്ടായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. റിപ്പബ്ലിക്ക് ദിന പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കും. പ്ലാസ്റ്റിക് കൊണ്ടുള്ള അലങ്കാരങ്ങളോ കൊടികളോ അനുവദിക്കില്ല. 26ന് രാവിലെ 8.30നാണ് പരേഡ്. വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. 

 

ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് പരിഗണിക്കപ്പെടേണ്ടവര്‍ക്കായി തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി ഒന്നിന് ഇന്റര്‍വ്യൂ നടത്തും. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 20. പ്രതിദിനം 350 രൂപ. പ്രായപരിധി 18- 56. താത്പര്യമുളളവര്‍ ഫെബ്രുവരി ഒന്നിന് രാവിലെ 10 നും 12 നും ഇടയ്ക്ക് പേര് രജിസ്റ്റര്‍ ചെയ്യണം.

 

മത്സ്യ അനുബന്ധത്തൊഴിലാളികളുടെ അംഗത്വം പുന:സ്ഥാപിക്കാം

കൊച്ചി: എറണാകുളം മത്സ്യബോര്‍ഡ് റീജിയണല്‍ എക്‌സിക്യൂട്ടീവ് ഓഫീസിനു കീഴില്‍ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലുളള മത്സ്യ അനുബന്ധത്തൊഴിലാളികളായിട്ടുളളവരും, നിലവില്‍ വാര്‍ഷിക അംഗത്വം വിഹിതം അഥവാ അംശാദായം ഒടുക്കുന്നതിനു കഴിയാതെ വന്നിട്ടുളളവര്‍ അവരവരുടെ അംഗത്വം പുന:സ്ഥാപിച്ച് കിട്ടുന്നതിനായി കുടിശിക തുക ഒറ്റത്തവണ ഒടുക്കി അംഗത്വം പുന:സ്ഥാപിക്കുന്നതിനുളള സമയപരിധി ഫെബ്രുവരി 28 വരെ ദീര്‍ഘിപ്പിച്ചു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും, കുടിശിക വന്നിട്ടുളളവരുമായ അനുബന്ധത്തൊഴിലാളികള്‍ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 2396005.

 

ജില്ലാ വികസന സമിതി യോഗം

കൊച്ചി: ജില്ലാ വികസന സമിതി യോഗം ജനുവരി 27-ന് രാവിലെ 11-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പ്രസ്തുത യോഗത്തിലും അന്നേ ദിവസം രാവിലെ 10.15-ന് സ്പാര്‍ക്ക് ഹാളില്‍ ചേരുന്ന വിവിധ മിഷനുകളുടെ പുനരവലോകന യോഗത്തില്‍  അതുമായി ബന്ധപ്പെട്ട എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date