ആരോഗ്യജാഗ്രത: ഇന്ന് മുതല്‍ ഭവനസന്ദര്‍ശനവുമായി കര്‍മ്മസേന
പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ആരോഗ്യജാഗ്രത പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള കര്‍മ്മസേനകള്‍ ഇന്ന് (ജനുവരി 21) ഭവനസന്ദര്‍ശനം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. ജില്ലയിലെ എല്ലാ വീടുകളും സന്ദര്‍ശിക്കുന്ന കര്‍മ്മസേന രോഗപ്രതിരോധത്തിന്റെ നിലവിലുള്ള അവസ്ഥ വിലയിരുത്തി, ബോധവല്‍ക്കണം നടത്തും. വ്യക്തിശുചിത്വം, പരിസര ശുചിത്വം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ശുദ്ധജലലഭ്യത, ഉറവിടനശീകരണം തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ് കര്‍മ്മസേനകള്‍ ഭവനസന്ദര്‍ശനം നടത്തുക.
ജനുവരി 22 മുതല്‍ 25 വരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രത്യേക യോഗം നടത്തി അതത് സ്ഥലങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ജനുവരി 22 മുതല്‍ 31 വരെ അയല്‍കൂട്ട യോഗങ്ങളും സൂക്ഷ്മതല പദ്ധതി തയ്യാറാക്കലും നടക്കും. ജനുവരി 25 മുതല്‍ 30 വരെ പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് വാര്‍ഡ്തല ആരോഗ്യശുചിത്വകര്മ്മ സേനയ്ക്ക് രൂപം നല്‍കും. ജനുവരി 22-27 തീയതികളില്‍ കര്‍മ്മ സേനാംഗങ്ങള്‍ വീടുകളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും സന്ദര്‍ശിച്ച് ശുചിത്വ മാപ്പിംഗ് നടത്തും. ജനുവരി 30ന് മാര്‍ക്കറ്റുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ശുചീകരിക്കും.
ഫെബ്രുവരി 15-25 തിയതികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, സാമൂഹ്യനീതി, വിദ്യാഭ്യാസ വകുപ്പ്, പി.ആര്.ഡി., ശുചിത്വ മിഷന്, ഹരിതകേരളം മിഷന്, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ ജാഗ്രതാ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഫെബ്രുവരി 17-ന് വീടുകള്‍, സ്ഥാപനങ്ങള്‍, പൊതു സ്ഥലങ്ങള്‍ തുടങ്ങിയവയില്‍ സമ്പൂര്‍ണ ശുചീകരണം നടത്തി ആരോഗ്യജാഗ്രതാദിനമായി ആചരിക്കും. എല്ലാ ഞായറാഴ്ചകളിലും ജാഗ്രതാദിനം- ഡ്രൈഡേ (വെള്ളിയാഴ്ച്ച സ്കൂളുകളില്‍, ശനിയാഴ്ച്ച ഓഫീസു കളില്‍) ആചരിക്കും.
മുന്‍കാലങ്ങളിലെ ഡെങ്കി ബാധിത പ്രദേശങ്ങളില്‍ കൊതുക് പെരുകുന്നതിനെതിരെ പ്രത്യേക ബോധവല്‍ക്കണം നടത്തും. ഏപ്രില്‍ 7, 8 തീയതികളില്‍ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ആരോഗ്യ ജാഗ്രതാപാലനം വിലയിരുത്തും. മാര്‍ച്ച് വരെ ഹരിതകര്‍മ്മസേന എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനം സുസ്ഥിരമാക്കുന്നതിനായി പ്രവര്‍ത്തിക്കും. ഏപ്രില്‍ വരെ നഗരസഭകള്‍ക്ക് വേണ്ടി ആരോഗ്യജാഗ്രത പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഈ വര്‍ഷം പകര്‍ച്ചവ്യാധികളെ ഫലപ്രദമായി തടയാനും പകര്‍ച്ചവ്യാധി മരണങ്ങള് കാര്യമായി കുറയ്ക്കുവാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
ജില്ലയില്‍ മുഖ്യ ആരോഗ്യപ്രശ്നമായി മാറുന്ന പകര്‍ച്ചവ്യാധികള്‍ പ്രധാനമായും കൊതുകുജന്യരോഗങ്ങളും ജലജന്യരോഗങ്ങളുമാണ്. ഇവയുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്ന പ്രധാന സാമൂഹിക ഘടകങ്ങളായ പരിസരശുചിത്വം, മാലിന്യനിര്‍മ്മാര്‍ജ്ജനം, കൊതുക് നിയന്ത്രണം, കുടിവെള്ള ശുചിത്വം തുടങ്ങിയവയ്ക്ക് വലിയ പങ്കുണ്ട്. ഇക്കാര്യത്തില്‍ ഓരോ വകുപ്പുകളും വഹിക്കേണ്ട പങ്ക് വ്യക്തമായി നിര്‍വചിച്ചാണ് ആരോഗ്യജാഗ്രത പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. നിയമം അനുശാസിക്കുന്ന നടപടികളും ഇക്കാര്യത്തില്‍ സ്വീകരിക്കും.
(കെ.ഐ.ഒ.പി.ആര്-141/18)
- Log in to post comments