Skip to main content

പ്ലാസ്റ്റിക്ക് നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ജില്ല ഒരുങ്ങുന്നു

ജനുവരി ഒന്നു മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ കോട്ടയം ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഈ വിഭാഗത്തില്‍പെടുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും ഇവ സൂക്ഷിക്കുന്നതും കൊണ്ടു നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. 

ഡിസംബര്‍ 30, 31 തീയതികളില്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവരുടെ  യോഗം സംഘടിപ്പിക്കും. പ്ലാസ്റ്റിക് നിരോധനം വിജയകരമായി നടപ്പാക്കുന്നതിന് ഇവരുടെ പിന്തുണ ഉറപ്പാക്കും.
എല്ലാ സ്ഥാപനങ്ങളിലും നിലവിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ സ്റ്റോക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സഹകരണത്തോടെ പരിശോധിക്കും. 

 

പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്‍റെ ഭാഗമായി ഹരിതകര്‍മ്മ സേനാംഗങ്ങളും സ്കൂള്‍ വിദ്യാര്‍ഥികളും മുഖേന എല്ലാ വീടുകളിലും ലഘുലേഖകള്‍ എത്തിക്കും.

കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അധ്യക്ഷത വഹിച്ചു. എ.ഡി.എം അലക്സ് ജോസഫ്, ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ് ജോസഫ്, എ.ഡി.സി. ജനറല്‍ ജി. അനീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയര്‍ ജെ. ജോസ്മോന്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിരോധനം ബാധകമായ വസ്തുക്കള്‍

  •  പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍
  •  ടേബിളില്‍ വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍
  •  തെര്‍മോക്കോള്‍, സ്റ്റൈറോഫോം എന്നിവ കൊണ്ടുള്ള പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാര വസ്തുക്കള്‍
  • ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്ട്രോകള്‍, ഡിഷുകള്‍, സ്റ്റിററുകള്‍.
  •  പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, പേപ്പര്‍ ബൗളുകള്‍, പേപ്പര്‍ ബാഗുകള്‍
  •  നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് പതാകകള്‍, പ്ലാസ്റ്റിക് ബണ്ടിംഗ്
  •  പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്, ബ്രാന്‍ഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍
  • PET/PETE  കുടിവെള്ള ബോട്ടിലുകള്‍(500 മില്ലിലിറ്ററിനു താഴെ)
  •  ഗാര്‍ബേജ് ബാഗുകള്‍
  •  പി.വി.സി ഫ്ളക്സ് മെറ്റീരിയലുകള്‍
  •  പ്ലാസ്റ്റിക് പായ്ക്കറ്റുകള്‍

 

date