Skip to main content
പുതുതലമുറയിൽ കൗതുകമുയർത്തി സരസ് മേളയിലെ 'ആയികതിർ'

പുതുതലമുറയിൽ കൗതുകമുയർത്തി സരസ് മേളയിലെ 'ആയികതിർ'

ആധുനികതയിൽ എന്നോ നഷ്ടപ്പെട്ടുപോയ,  ഐശ്വര്യത്തിന്റെ പ്രതീകമായി ഒരു കാലത്ത് എല്ലാ മലയാളികളുടെയും വീടുകളിൽ  നിറസാന്നിധ്യമായിരുന്ന ആയികതിർ പുതുതലമുറയിൽ കൗതുകമുയർത്തുന്നു. സരസ് മേളയിലെ കുടുംബശ്രീ കണ്ണൂരിന്റെ സ്റ്റാളിലാണ് കുട്ടികളിലും യുവാക്കളിലും കൗതുകവും മുതിർന്നവരിൽ ഗൃഹാതുരുത്വവും ഉയർത്തുന്ന ആയികതിർ ഒരുക്കിയിരിക്കുന്നത്. തൊട്ടും തലോടിയും ആയി കതിർ കണ്ട കുട്ടികൾ, എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത്, എന്തിനാണ് ഉണ്ടാകുന്നത്, ഇത് പൊട്ടിപ്പോകില്ലേ തുടങ്ങി നിരവധി സംശയങ്ങളാണ് ഉന്നയിച്ചത്. നെൽക്കതിർ മെടഞ്ഞാണ് ആയികതിർ ഉണ്ടാക്കുന്നതെന്ന് പറഞ്ഞപ്പോൾ എന്താണ് നെൽകതിർ എന്ന ചോദ്യവും ചില കുട്ടികളിൽ നിന്നുയർന്നു.

 

ഔഷധസസ്യ പരിപാലകനായ പയ്യന്നൂരിലെ കാനായി നാരായണനാണ് സ്റ്റാൾ ഒരുക്കിയത്. നവര, കുഞ്ഞിനെല്ല്, കൊത്തമ്പാരി കയ്മ, ഏഴോം എന്നീ നെല്ലിനങ്ങളുടെ കതിർ ഉപയോഗിച്ചാണ് ആയികതിർ നിർമ്മിച്ചിരിക്കുന്നത്. 500 രൂപ മുതൽ 1200  രൂപ വരെയാണ് ആയികതിരിന് വിലയീടാക്കുന്നത്. വിൽപ്പന എന്നതിലുപരി പുതുതലമുറയിലേക്ക് ഇത്തരം അറിവുകളും കാഴ്ചകളും എത്തിക്കുക എന്നതാണ് സ്റ്റാളിലൂടെ ഉദ്ദേശിക്കുന്നതെന്ന് 2017 ലെ ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് കൂടിയായ നാരായണൻ പറയുന്നു. 

 

കൂടാതെ പാരമ്പര്യ രീതിയിൽ ഉണ്ടാക്കിയ എണ്ണക്കൂട്ട്, പാദ രക്ഷാലേപനം, കുഴിനഖ തൈലം, മുറിവെണ്ണ, രാമച്ചം തുടങ്ങി നിരവധി ഔഷധങ്ങളുടെ വിൽപ്പനയും ഇദ്ദേഹത്തിന്റെ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. നിരവധി ആവശ്യക്കാരാണ് ഉൽപ്പന്നങ്ങൾക്കുള്ളതെന്നും ശരാശരി 7000 രൂപയുടെ കച്ചവടം ദിനംപ്രതി നടക്കുന്നുണ്ടെന്നും നാരായണൻ പറഞ്ഞു. 10 രൂപ മുതൽ 160 രൂപ വരെയാണ് ഔഷധങ്ങൾക്ക് വില.

 

സ്വന്തം ഭൂമിയിൽ കൃഷി ചെയ്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് ഇദ്ദേഹം ഔഷധ കൂട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്. 30 സെൻറ് സ്ഥലത്ത് 500 ഓളം ഇനങ്ങളിലുള്ള ഔഷധസസ്യങ്ങളാണ് നാരായണൻ സംരക്ഷിക്കുന്നത്. കൂടാതെ നവര, ഉമ തുടങ്ങിയ നെല്ലിനങ്ങളുടെ കൃഷിയും ഇദ്ദേഹത്തിനുണ്ട്. മാത്രമല്ല ബഡ്സ് സ്കൂൾ, ആരാധനാലയങ്ങൾ, വീടുകൾ എന്നിവിടങ്ങളിലേക്ക് വിവിധ ഔഷധചെടികൾ സൗജന്യമായും ഇദ്ദേഹം നൽകി വരുന്നു. 2017 ഡൽഹി സരസ്മേളയിലെ ഒന്നാം സ്ഥാനവും ഇദ്ദേഹം നേടിയിട്ടുണ്ട്. പ്ലാസ്റ്റിക് കൂടുകൾക്ക് പകരം തൈകൾ മുളപ്പിക്കാൻ മുളം തണ്ടുകൾ ഉപയോഗിക്കുന്ന ഇദ്ദേഹത്തിന്റെ രീതിയും ഏറെ പ്രശസ്തമാണ്.

date