സാമൂഹികപ്രശ്നങ്ങള്‍ പഠിച്ചും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചും എന്‍എസ്എസ് പഠന ക്യാമ്പ്
ക്രിസ്മസ് അവധിക്കാലം വിദ്യാര്‍ത്ഥികള്‍ ആഘോഷമാക്കുമ്പോള്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെ മാതൃകയാകുന്നു. നാഷണല്‍ സര്‍വീസ് സ്കീമിലെ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ക്രിസ്മസ് അവധിക്കാലം ക്യാമ്പുകളിലൂടെ സേവന സന്നദ്ധമാക്കിയത്. കഞ്ഞിക്കുഴി എസ്എന്വൊക്കേഷണല് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റാണ് തിര 2019 എന്ന പേരില്‍ നങ്കിസിറ്റി ഗവണ്മെന്റ് എല്‍പി സ്കൂളില്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് സാമൂഹ്യ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും വിദ്യാര്‍ത്ഥികള്‍ കഞ്ഞിക്കുഴി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സാമൂഹിക സര്‍വേയും നടത്തി. ക്യാമ്പിന്റെ ഭാഗമായി നടത്തിയ സാമൂഹിക പഠന സര്‍വെ കഞ്ഞിക്കുഴി പഞ്ചായത്തിലെ സാമൂഹിക പ്രശ്നങ്ങളിലേക്കും പരിഹാരമാര്‍ഗങ്ങളിലേക്കും വഴിതെളിക്കുന്നതായിരുന്നു. വയോജനങ്ങളുടെ ജീവിത നിലവാരം, അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, പരിഹാരമാര്‍ഗങ്ങള്‍, നിര്‍ദേശങ്ങളും അടങ്ങിയ വയോഹിതം എന്ന അഭിപ്രായ സര്‍വേയും, വാര്‍ഡ് തലത്തില്‍ ഓരോ രക്ത ഗ്രൂപ്പിലെയും കുറഞ്ഞത് 10 രക്തദാതാക്കളെ കണ്ടെത്താനും അവരുടെ പേരും വിലാസവും ഫോണ്‍നമ്പറും ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ബ്ലഡ് ഡോണേഴ്സ് ഡയറക്ടറി തയ്യാറാക്കാന്‍ 'സിര' എന്ന പേരിലും സര്‍വേ നടത്തി. വീടുകളില്‍ മാലിന്യ സംസ്കരണ അവബോധമുണ്ടാക്കാന്‍ ബോധവത്കരണ സര്‍വേ ഹരിതഭവനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഗൃഹസന്ദര്‍ശനവും മാലിന്യബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തി. ക്യാമ്പിന്റെ ഭാഗമായി തള്ളക്കാനം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പരിസരവും വിദ്യാര്‍ത്ഥികള്‍ വൃത്തിയാക്കി.
എന്‍എസ്എസ് വോളന്റീയേഴ്സ് നടത്തിയ വയോഹിതം, സിര, ഹരിത ഭവനം സര്‍വ്വേകളുടെ റിപ്പോര്‍ട്ടുകള്‍ കഞ്ഞിക്കുഴി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പുഷ്പ ഗോപിക്ക് കൈമാറി. എന്‍എസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ മഞ്ജു പി വിശ്വംഭരന്, അനൂപ് പിജി, കഞ്ഞിക്കുഴി എസ്എന്‍വിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ബൈജു എം.ബി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
- Log in to post comments