ക്രിയാത്മക ഇടപെടല്‍ വെച്ചൂച്ചിറയെ ദേശീയ തലത്തില്‍ മുന്നിലെത്തിച്ചു
ജനക്ഷേമ പദ്ധതികള്‍ ക്രിയാത്മകമായി നടപ്പാക്കിയതിലൂടെ വെച്ചൂച്ചിറ ഗ്രാമയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തുകളില്‍ എട്ടാം സ്ഥാനം. മെച്ചപ്പെട്ട റോഡ് സംവിധാനം ഒരുക്കല്‍, ഉയര്‍ന്ന പ്രദേശത്ത് കുടിവെള്ളം എത്തിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ വിവിധ മേഖലകളിലെ കാര്യക്ഷമമായ ഇടപെടലാണ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിനെ ദേശീയ തലത്തില്‍ മുന്നിലെത്തിച്ചത്. എനര്‍ജി ഓഡിറ്റിംഗ് പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ രണ്ടാമത്തെ പഞ്ചായത്താണ് വെച്ചൂച്ചിറ.
ജില്ലയിലെ ആദ്യ സമ്പൂര്‍ണ ഊര്‍ജക്ഷമത പഞ്ചായത്ത് സ്ഥാനം, ജില്ലയില്‍ മികച്ച ജൈവകൃഷി നടപ്പാക്കുന്നതിനുള്ള അവാര്‍ഡ്, ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ജില്ലയില്‍ ആദ്യം നേടുന്ന ഗ്രാമപഞ്ചായത്ത് എന്നീ നേട്ടങ്ങളും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ കാര്‍ഷിക പദ്ധതികള്‍ മുഴുവനും പൂര്‍ത്തിയാക്കാന്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു. ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ തരിശുരഹിത പഞ്ചായത്തായി കൃഷി മന്ത്രി വിസ് സുനില്‍കുമാര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്തിലെ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. ജില്ലയില്‍ ഏറ്റവുമധികം പാല് ഉത്പാദിപ്പിക്കുന്ന ഗ്രാമപഞ്ചായത്താണ് വെച്ചൂച്ചിറ. തൊഴിലുറപ്പില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം മഴക്കുഴികള്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ചു. മഴവെള്ളം സംഭരിക്കാന്‍ 10000 ലിറ്ററിന്റെ 175 മഴവെള്ള സംഭരണികള്‍ നിര്‍മിച്ചു. കിണര്‍ റീ ചാര്‍ജ് പദ്ധതിയിലുള്‍പ്പെടുത്തി 400 കിണറുകള്‍ ഈ വര്‍ഷം മാര്‍ച്ചോടെ ഗ്രാമപഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാകും.
- Log in to post comments