Skip to main content

കെട്ടുകാഴ്ചയൊരുക്കി കേരള ഫ്‌ളോട്ട്

 

രാജ്പഥില്‍ ജനുവരി 26നു നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളം ഒരുക്കുന്നത് കെട്ടുകാഴ്ച. ഓച്ചിറ കെട്ടുകാഴ്ച പ്രമേയമാക്കി തയാറാക്കിയ ഫ്‌ളോട്ടില്‍ 10 മലയാളി കലാകാര•ാര്‍ വാദ്യമേളങ്ങളുടെ ദൃശ്യചാരുതയൊരുക്കും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ ഡിസൈനര്‍ ബാപാ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള കലാകാര•ാരാണ് ഫ്‌ളോട്ട്  ഒരുക്കിയത്. 

2013-നു ശേഷം ഇതാദ്യമായാണു കേരളത്തിന് റിപ്പബ്ലിക് ദിന പരേഡില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. ഓച്ചിറ കെട്ടുകാഴ്ചയുടെ മാതൃകയില്‍ തയാറാക്കിയിരിക്കുന്ന ഫ്‌ളോട്ടില്‍ രണ്ടു ഭാഗങ്ങളാണുളളത്. മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കെട്ടുകാളകള്‍ പ്ലോട്ടിന്റെ പ്രൗഢി വിളിച്ചോതുന്നു. പ്രധാനഭാഗമായ ട്രെയിലറില്‍ നാലു പേര്‍ എടുപ്പുകുതിരയുമായും തൊട്ടു പിന്നിലായി വാദ്യമേളക്കാരും നിരക്കുന്നു. ഏറ്റവും പിന്നിലായാണു കെട്ടുകാഴ്ച അഥവാ ഗോപുരങ്ങള്‍. മുന്നോട്ടു കുതിക്കാന്‍ പാകത്തില്‍ നില്‍ക്കുന്ന കാളത്തലകള്‍ ചേര്‍ത്തുവച്ച ഗോപുര വാതിലും താഴെയായി            ആയോധന കലയെ കാണിക്കുന്ന പടനിലവും കെട്ടുകാഴ്ചയെ ആകര്‍ഷകമാക്കുന്നു.

 

പ്രമുഖ പഞ്ചവാദ്യ കലാകാരന്‍ കുഞ്ഞിരാമന്‍ മാരാരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണു കെട്ടുകാഴ്ചയ്ക്കു വാദ്യമേളങ്ങളുടെ ചാരുതയൊരുക്കുന്നത്. കോട്ടയം കൂരോപ്പട സ്വദേശി സി.കെ. സജിമോനാണ് അസിസ്റ്റന്റ് ടീം ലീഡര്‍. ഏറ്റുമാനൂര്‍ സ്വദേശി രാജീവ് എം.ആര്‍, ഇടുക്കി നെടുങ്കണ്ടം കരുണാപുരം സ്വദേശി ജിഷ്ണു സുരേഷ്, കോട്ടയം മീനച്ചില്‍ സ്വദേശി നന്ദു കൃഷ്ണന്‍ വി, കിടങ്ങൂര്‍ സ്വദേശികളായ സി.കെ. സന്തോഷ്, എ.ടി. ബിജു, ബി. കൃഷ്ണകുമാര്‍ എന്നിവരാണു ടീം അംഗങ്ങള്‍. കേരള ഹൗസ് റസിഡന്റ് കമ്മിഷണറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. വിശ്വാസ് മേത്ത, അഡിഷണല്‍ റസിഡന്റ് കമ്മിഷണര്‍ പുനീത് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളമുള്‍പ്പടെ 14 സംസ്ഥാനങ്ങളും വിവിധ മന്ത്രാലയങ്ങളും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുമാണു ഫ്‌ളോട്ടുകള്‍ അവതരിപ്പിക്കും. ആകെ 23 ഫ്‌ളോട്ടുകളില്‍ 12-ാമത്തെ ഫ്‌ളോട്ടായാണു കേരളത്തിന്റെ കെട്ടുകാഴ്ചയെത്തുന്നത്.

                                                   (കെ.ഐ.ഒ.പി.ആര്‍-161/18)

date