Skip to main content

കൊല്ലം വാര്‍ത്തകള്‍

റിപ്പബ്ലിക് ദിനാഘോഷം ഇന്ന് (ജനുവരി 26) 
ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ഇന്ന് (ജനുവരി 26) രാവിലെ എട്ടു മുതല്‍ കൊല്ലം ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ദേശീയ പതാക ഉയര്‍ത്തും.
ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ വിലയിരുത്തി. സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. എ. ശ്രീനിവാസ്, എ.ഡി.എം. കെ.ആര്‍. മണികണ്ഠന്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പോലീസ്, എക്‌സൈസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, ഫോറസ്റ്റ്, എന്‍ സി സി, സ്‌കൗട്ട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്റ്റുഡന്റ് പോലീസ്, ബാന്‍ഡ് ട്രൂപ്പുകള്‍ എന്നീ വിഭാഗങ്ങള്‍ അണിനിരക്കുന്ന പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനവും ഡിസ്‌പ്ലേയും അവതരിപ്പിക്കും.
ഹരിതചട്ടം പാലിച്ച് നടത്തുന്ന ദിനാഘോഷത്തിന്റെ വേദിക്ക് സമീനം ഹരിത കേരളത്തിന്റെ സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്‍ ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
(പി. ആര്‍. കെ.191/18)

റിപ്പബ്ലിക് ദിനാഘോഷം: കണ്‍സെഷന്‍ നല്‍കണം
റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും പരേഡ് വീക്ഷിക്കുന്നതിനുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലയിലെ പ്രൈവറ്റ് ബസുകളില്‍ കാര്‍ഡ് ആവശ്യപ്പെടാതെതന്നെ വിദ്യാഭ്യാസ നിരക്കിലുള്ള കണ്‍സെഷന്‍ നല്‍കണമെന്ന് കൊല്ലം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
(പി. ആര്‍. കെ.192/18)

ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചു
ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്‍ തേവള്ളി സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നിര്‍വഹിച്ചു. വോട്ട് രേഖപ്പെടുത്തുന്നതിലൂടെയാണ് ഓരോരുത്തരും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുയെന്നത് ഓരോ പൗരന്റേയും കടമയാണ്. ഇതില്‍ പുതുതലമുറയുടെ പങ്കാളിത്തം അനിവാര്യമാണ് - കലക്ടര്‍ പറഞ്ഞു. 
നവവോട്ടമാര്‍ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ജില്ലാ കലക്ടര്‍ കൈമാറി. തെരഞ്ഞെടുപ്പ് ബോധവത്ക്കരണ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം നല്‍കി. ചലച്ചിത്ര നടി സൂര്യ രാജേഷ് സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശാസ്താംകോട്ട ഡി.ബി കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയറ്റ് പ്രൊഫസര്‍ എ. മോഹനകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. 
എ.ഡി.എം. കെ.ആര്‍. മണികണ്ഠന്‍ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് ആശംസ നേര്‍ന്നു. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി. ആര്‍. ഗോപാലകൃഷ്ണന്‍, തഹസില്‍ദാര്‍ ടി.ആര്‍. അഹമ്മദ് കബീര്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ കെ.എന്‍. ഗോപകുമാര്‍, ഹെഡ്മിസ്ട്രസ് എസ്.കെ. മുംതാസ്ബായി, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
(പി. ആര്‍. കെ.193/18)

കളക്ട്രേറ്റില്‍ നിന്ന്  ഇ- മാലിന്യങ്ങളും ഒഴിവാകുന്നു
അജൈവ മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായ കൊല്ലം കളക്ട്രേറ്റില്‍ ഇലക്ട്രോണിക് മാലിന്യങ്ങളും പഴങ്കഥയാകുന്നു. കളക്ട്രേറ്റിലെ 26 ഓഫീസുകളില്‍ നിന്നായി ശേഖരിച്ച 4.45 ടണ്‍ ഇലക്ട്രോണിക് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. 
വര്‍ഷങ്ങള്‍ പഴക്കമുള്ള ഉപയോഗശൂന്യമായ ഇല്ക്ട്രോണിക് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ കയറ്റിയ വാഹനം ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. പരിസര ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ഓഫീസുകളിലെ അന്തരീക്ഷവും മെച്ചപ്പടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യത്തിലേക്ക് നീങ്ങുന്നതെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലാ ശുചിത്വമിഷന്റെ മേല്‍നോട്ടത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ കളക്ട്രേറ്റിലെ ജീവനക്കാരും പങ്കാളികളായി. 
(പി. ആര്‍. കെ.194/18)

ജന്തുക്ഷേമപക്ഷാചരണം: സമാപനം ഇന്ന് (ജനുവരി 26)    
    ജന്തുക്ഷേമപക്ഷാചരണ പരിപാടികളുടെ സമാപനം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഇന്ന് രാവിലെ 11 ന് എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ അധ്യക്ഷയാകും. ജന്തുക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയവരെ ചടങ്ങില്‍ ആദരിക്കും. എസ്.പി.സി.എ മുന്‍ വൈസ് പ്രസിഡന്റ് ഡോ. കെ. ശിവരാമകൃഷ്ണപിള്ളയ്ക്ക് ഉപഹാരം നല്‍കും. 
    കൊല്ലം കോര്‍പ്പറേഷനും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന താറാവ് വളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനം വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം.എ. സത്താര്‍ നിര്‍വ്വഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി. അനില്‍കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.കെ. തോമസ്, എസ്.പി.സി.എ സെക്രട്ടറി ഡോ. പി. ബാഹുലേയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി രാവിലെ ഒന്‍പതു മുതല്‍ ചിത്രരചന, ക്വിസ് മത്സരങ്ങള്‍ നടക്കും. രാവിലെ 10 ന് മൃഗസംരക്ഷണ സെമിനാറില്‍ ഡോ. ബി. അരവിന്ദ്, ഡോ. ഡി. ഷൈന്‍കുമാര്‍ എന്നിവര്‍ ക്ലാസെടുക്കും.
(പി. ആര്‍. കെ.195/18)

എക്കോ ഡിജിറ്റല്‍ വികാസ് യാത്ര 29ന് ജില്ലയില്‍
    തദ്ദേശ സ്വയംഭരണ വകുപ്പും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ വികാസ് യാത്ര ജനുവരി 29, 30 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. അറിവിലൂടെ                  സമ്പന്നനാകൂ-ശാസ്ത്രത്തിലൂന്നി ശക്തനാകൂ എന്ന മുദ്രാവാക്യവുമായെത്തുന്ന യാത്ര ഡിജിറ്റല്‍ സാക്ഷരത, ഹരിത കേരളം, ശുചിത്വ കേരളം, തൊഴില്‍ നൈപുണ്യം തുടങ്ങിയ പദ്ധതികളുടെ പ്രചാരണം ലക്ഷ്യമിടുന്നു. തിരുവനന്തപുരം വെള്ളയമ്പലം മാനവീയം വീഥിയില്‍ ഇന്ന് (ജനുവരി 26) രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ഫ്‌ളാഗ്ഓഫ് ചെയ്യും. 
29ന് രാവിലെ 10ന് ജില്ലയിലെ നിലമേലില്‍ എത്തുന്ന ജാഥയ്ക്ക് വരവേല്‍പ്പ് നല്‍കും. അഞ്ചല്‍, പൂയപ്പള്ളി, തൃക്കോവില്‍വട്ടം, കുണ്ടറ, എഴുകോണ്‍, നെടുവത്തൂര്‍, വെസ്റ്റ് കല്ലട, ശാസ്താംകോട്ട, ചവറ ഗ്രാമപഞ്ചായത്തുകളിലും എക്കോ ഡിജിറ്റല്‍ യാത്ര എത്തിച്ചേരും. മികച്ച സേവന പ്രവര്‍ത്തനം നടത്തുന്ന വ്യക്തികളെ പഞ്ചായത്ത്തല സ്വീകരണ യോഗങ്ങളില്‍ ആദരിക്കും. യാത്രയുടെ ഒരുക്കങ്ങള്‍ സംബന്ധിച്ച യോഗം എ.ഡി.എം കെ.ആര്‍ മണികണ്ഠന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ നടന്നു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ എന്‍. ജയചന്ദ്രന്‍, കെ. നിഖില്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
ജില്ലാ കലക്ടര്‍(ചെയര്‍മാന്‍), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍(ജനറല്‍ കണ്‍വീനര്‍), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍(കണ്‍വീനര്‍), പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി(കോ-ഓര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘാടക സമിതി രൂപീകരിച്ചു. 
(പി. ആര്‍. കെ.196/18)

ക്ഷേത്ര ചടങ്ങുകള്‍ക്കും ഹരിതചട്ടം; 
ആലോചനായോഗം ഫെബ്രുവരി ഒന്നിന്

ക്ഷേത്രോത്സവങ്ങളും അന്നദാന ചടങ്ങുകളും  ഹരിതചട്ട പ്രകാരം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഐ.റ്റി ഹാളില്‍ യോഗം ചേരും. പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം.  ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്/സെക്രട്ടറി  പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 
(പി. ആര്‍. കെ.197/18)

താത്കാലിക ഒഴിവ്
    ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ മുന്‍ഗണനാ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ലബോറട്ടറി അറ്റന്‍ഡര്‍ ഗ്രേഡ്-2 തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: എസ്.എസ്.എല്‍.സി, അംഗീകൃത മെഡിക്കല്‍ ലബോറട്ടറിയില്‍ ഹെല്‍പ്പര്‍/അസിസ്റ്റന്റ് ആയി രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം - 18നും 41നും ഇടയില്‍ (നിയമാനുസൃത വയസിളവ് ബാധകം) ശമ്പളം 17000-37500. മുന്‍ഗണനാ വിഭാഗത്തിന്റെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി അഞ്ചിനകം തൊട്ടടുത്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം.
(പി. ആര്‍. കെ.198/18)

സഹകരണ സംഘങ്ങളുടെ വര്‍ക്ക്‌ഷോപ്പ് 30ന്
    വ്യവസായ വകുപ്പില്‍ നിന്നും ഖാദി ബോര്‍ഡിന് കൈമാറിയ സഹകരണ സംഘങ്ങളെ സംബന്ധിച്ച വിവര ശേഖരണവും പ്രവര്‍ത്തന രഹിതമായ സംഘങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതാ പഠനവും ലക്ഷ്യമിട്ട് ജില്ലാതലത്തില്‍ സഹകരണ സംഘങ്ങളുടെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. ജനുവരി 30ന് രാവിലെ 11ന് കര്‍ബലയിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിലാണ് പരിപാടി. വിശദ വിവരങ്ങള്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിലും 0474-2743587, 9846707722 എന്നീ നമ്പരുകളിലും ലഭിക്കും.
(പി. ആര്‍. കെ.199/18)

ടൂര്‍ ഗൈഡ്/ഹെറിറ്റേജ് ടൂര്‍ ഗൈഡ്; സൗജന്യ പരിശീലനം
    ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) നേതൃത്വത്തില്‍ സൗജന്യ ടൂര്‍ ഗൈഡ്/ഹെറിറ്റേജ് ടൂര്‍ ഗൈഡ് പരിശീലനം സംഘടിപ്പിക്കുന്നു. ഒരു പ്രദേശത്തെ 30 മുതല്‍ 40 വരെയുള്ള ആളുകളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തതിലാണ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നത്. പ്രതിമാസ സ്റ്റൈപ്പന്റ് 1500 രൂപ. പരിശീലനത്തിനാവശ്യമായ ലഘുലേഖകള്‍ അടങ്ങിയ കിറ്റും ഉച്ചഭക്ഷണവും സൗജന്യം. വിശദ വിവരങ്ങള്‍ക്ക് ഡി.റ്റി.പി.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474-2745625, 2750170.
(പി. ആര്‍. കെ.200/18)

കെട്ടിട ലേലം 30ന്
    കുരിയോട്ടുമല ഹൈടെക് ഡയറി ഫാമിന്റെ ആയൂര്‍ തോട്ടത്തറ ഹാച്ചറിയിലെ ഇ.ജി.പി-4-387 നമ്പര്‍ കെട്ടിടത്തിന്റെ പുനര്‍ലേലം ജനുവരി 30ന് രാവിലെ 11.30ന് നടക്കും. അന്നേ ദിവസം രാവിലെ 11 വരെ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ കുരിയോട്ടുമല ഹൈടെക് ഡയറി ഫാമിലും ആയൂര്‍ തോട്ടത്തറ ഹാച്ചറിയിലും 0475-2227485 എന്ന നമ്പരിലും ലഭിക്കും.
(പി. ആര്‍. കെ.201/18)

ജില്ലാ വികസന സമിതി യോഗം 27ന്
    ജില്ലാ വികസന സമിതി യോഗം ജനുവരി 27ന് രാവിലെ 11ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
(പി. ആര്‍. കെ.202/18)
(അവസാനിച്ചു)

date