തണ്ണീർത്തട സംരക്ഷണത്തിനായി ജില്ലയിൽ 906.81 കോടിയുടെ പദ്ധതി
ജില്ലയിൽ തണ്ണീർത്തട സംരക്ഷണത്തിനായി 906.81 കോടി രൂപയുടെ പദ്ധതി ഒരുങ്ങുന്നു. ഒരു ഹെക്ടറിന് 35,000 രൂപ എന്ന നിരക്കിൽ 2.59 ലക്ഷം ഹെക്ടർ പ്രദേശത്തേക്കുള്ള പദ്ധതിയാണ് ജില്ലക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. മണ്ണ് സംരക്ഷണ വകുപ്പ് വേമ്പനാട് - കോൾ വൃഷ്ടി പ്രദേശങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൽ നിന്നും അനുവദിച്ച കേരള സംസ്ഥാന തണ്ണീർ തട അതോറിറ്റിയുടെ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. ഇതിൽ കരുവന്നൂർ പുഴ നീർത്തടം 95728.11 രൂപ, കേച്ചേരിപ്പുഴ 76896.08, പെരിയാർ 27351.27, ചാലക്കുടിപുഴ 59112.49 എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം നാശം സംഭവിച്ച കോൾ നിലങ്ങളുടെയും അവയുടെ വൃഷ്ടി പ്രദേശങ്ങളുടെയും പുനരുജ്ജീവനം പ്രകൃതി സൗഹാർദ്ദമായ രീതിയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. സംസ്ഥാന തണ്ണീർ തട അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് വകുപ്പ് 5 വർഷത്തേക്കുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ജില്ലയിൽ ആകെയുള്ള 86 പഞ്ചായത്തുകളിൽ 70 പഞ്ചായത്തുകളും, 7 മുനിസിപ്പാലിറ്റികളും, കോർപറേഷനും ഉൾപ്പെടുന്നതാണ് പദ്ധതി പ്രദേശം. മുഴുവൻ പ്രദേശവും പുഴ നീർത്തടത്തെ അടിസ്ഥാനമാക്കി 30 ഓളം വരുന്ന വൃഷ്ടി പ്രദേശസംരക്ഷക കമ്മിറ്റി രൂപീകരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ തുടങ്ങും. നിലവിലുള്ള പ്രൊജക്റ്റായ ജല രക്ഷ - ജീവ രക്ഷയിൽ ജല സ്രോതസ്സുകളുടെ സർവ്വേ നടത്തി ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ പ്രൊജക്റ്റുകളുമായി സംയോജിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. വകുപ്പ് മുഖാന്തിരം ചാലക്കുടി, കൊടുങ്ങല്ലൂർ, ചേലക്കര, തൃശൂർ, ഒല്ലൂർ, നാട്ടിക എന്നിവിടങ്ങളിൽ 10,000 ഹെക്ടർ സ്ഥലത്ത് നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 22.78 കോടി രൂപയുടെ 10 പ്രൊജക്റ്റുകൾ നടപ്പിലാക്കി വരുന്നുണ്ട്.
ജില്ലാ പട്ടിക വർഗ കോളനിയുടെ ഫണ്ട് ഉപയോഗിച്ച് 7 കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 90.63ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. ഈ പദ്ധതികൾ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെ കീഴിൽ വരുന്ന വടക്കാഞ്ചേരി, ചാലക്കുടി മണ്ണ് സംരക്ഷണ ഓഫീസുകൾ മുഖേനയാണ് നടത്തുന്നത്. ജല സംരക്ഷണത്തിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 'ജല രക്ഷ - ജീവ രക്ഷ ഒരു കൈക്കുമ്പിൾ ജലം നമുക്കും വരും തലമുറക്കും' സംസ്ഥാനത്തിന് തന്നെ മാതൃകയായ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകൾ ഏറ്റെടുക്കേണ്ട പ്രൊജെക്ടുകൾക്കുള്ള നിർദേശങ്ങൾ ഡി പി സി മുഖാന്തിരം നൽകി വരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി ബ്ലൂ ആർമി പ്രവർത്തനങ്ങൾ ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നതിന്റെ നോഡൽ ഓഫീസറായും വകുപ്പ് പ്രവർത്തിക്കുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കിണർ റീചാർജ് സംവിധാനം, ഓരോ കുട്ടിക്കും 'ഒരു മഴക്കുഴി -ഒരു വൃക്ഷം 'എന്ന പദ്ധതി വീടുകൾ തോറും നടപ്പിലാക്കുകയും ചെയ്യും. മണലിപ്പുഴയുടെ സംരക്ഷണവും മറ്റൊരു പദ്ധതിയാണ്. ഇതിനെല്ലാം ആവശ്യമായ പരിശീലനം കിലയിലൂടെയാണ് നൽകുന്നത്.
- Log in to post comments