Skip to main content

അറവുമാലിന്യ സംസ്ക്കരണത്തിന് ശാസ്ത്രീയ സംവിധാനം പരിഗണനയില്‍  - ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് 

ജില്ലയില്‍ അറവുമാലിന്യ സംസ്ക്കരണത്തിന് കേന്ദ്രീകൃത ശാസ്ത്രീയ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് ജില്ലാ ശുചിത്വ സമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു. ജില്ലാ ശുചിത്വ സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലാശയങ്ങളിലും റോഡുകളുടെ വശങ്ങളിലും  അറവു മാലിന്യങ്ങള്‍ വലിച്ചെറിയുന്നതുമൂലമുണ്ടാകുന്ന പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് പദ്ധതി പരിഗണിക്കുന്നത്.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ അറവു മാലിന്യ സംസ്ക്കരണം ശാസ്ത്രീയമായി നടപ്പാക്കിയ ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രൊഡക്ട് ലിമിറ്റഡ് പ്രതിനിധികള്‍ യോഗത്തില്‍ പദ്ധതി അവതരിപ്പിച്ചു. ആദ്യഘട്ടമായി കോഴിക്കടകളില്‍നിന്നുള്ള മാലിന്യമാണ് ശേഖരിക്കുക. കടകളില്‍ സ്ഥാപിക്കുന്ന ഫ്രീസറുകളില്‍ സൂക്ഷിക്കുന്ന ഇവ ഫ്രീസറുള്ള വാഹനങ്ങളിലാണ് ശേഖരിച്ച് സംസ്കരിക്കുന്നതിനായി കൊണ്ടുപോകുക. മൃഗങ്ങള്‍ക്കുള്ള പ്രോട്ടീന്‍ പൗഡര്‍ നിര്‍മിക്കാനാണ് മാലിന്യങ്ങള്‍ ഉപയോഗിക്കുന്നത്. 

ക്ലീന്‍ കോട്ടയം ഗ്രീന്‍ കോട്ടയം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ  ജില്ലാതല ജനകീയ സമിതി രൂപീകരിക്കും.  സമിതിയുടെ ആദ്യ യോഗം ജനുവരി 28ന് ചേരും. 

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ബദലായി നിരോധിക്കപ്പെട്ട നോണ്‍വൂവണ്‍ ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്നത് വ്യാപകമാകുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ഇത്തരം ബാഗുകള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

  
ജില്ലയില്‍ ഉറവിട മാലിന്യസംസ്ക്കരണ സംവിധാനങ്ങള്‍ ആവശ്യമുള്ളവരുടെ വിവരശേഖരണത്തിനായി എല്ലാ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലും സര്‍വ്വേ നടന്നുവരികയാണ്. അഞ്ച് സെന്‍റ് ഭൂമിയില്‍ താഴെയുള്ള ഗുണഭോക്താക്കള്‍ക്ക് വിവിധയിനം കമ്പോസ്റ്റ് യൂണിറ്റുകളും അഞ്ചു സെന്‍റിന് മുകളിലുള്ളവര്‍ക്ക് കമ്പോസ്റ്റ് പിറ്റുകളും നിര്‍മിച്ചു നല്‍കുകയാണ് ലക്ഷ്യം.

ഉഴവൂര്‍, കല്ലറ, കടുത്തുരുത്തി, വെള്ളൂര്‍, ചെമ്പ്, പനച്ചിക്കാട്, അയര്‍ക്കുന്നം, കുറിച്ചി ഗ്രാമപഞ്ചായത്തുകളിലെ സര്‍വ്വേ പൂര്‍ത്തിയായി. മറ്റ് പഞ്ചായത്തുകളുടെ സര്‍വ്വേ ജനുവരി 25 നു മുന്‍പ് പൂര്‍ത്തിയാകും.  സ്വകാര്യ സ്ഥാപനങ്ങളിലെ മാലിന്യ സംസ്ക്കരണത്തിനായി സബ്സിഡി മാനദണ്ഡങ്ങള്‍ പാലിച്ച് ഉറവിട മാലിന്യസംവിധാനങ്ങള്‍ ലഭ്യമാക്കാനും തീരുമാനമുണ്ട്. 

റിപ്പബ്ലിക് ദിനാഘോഷത്തിനു മുന്നോടിയായി ജനുവരി 25ന് ജില്ലയിലെ എല്ലാ പ്രധാന പൊതു നിരത്തുകളും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരിക്കും. നിരത്തുകളിലെ ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിച്ച് ഹരിതകര്‍മ്മസേന വഴി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.
യോഗത്തില്‍ ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്ലാട്ട്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാത്തച്ചന്‍ താമരശ്ശേരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി.മാത്യു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ദിലീപ് കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date