Skip to main content

ഗാന്ധിസ്മൃതി: ദേശീയ ഫോട്ടോ, വീഡിയോ, കാര്‍ട്ടൂണ്‍ പ്രദര്‍ശനം തുടങ്ങി

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ദേശീയ വീഡിയോ, ഫോട്ടോ, കാര്‍ട്ടൂണ്‍ പ്രദര്‍ശനം സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു.  ഇങ്ങനെയൊരു മഹാ മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നുവെന്ന് പുതിയ തലമുറ വിശ്വസിക്കില്ലെന്ന് ഗാന്ധിജിയെക്കുറിച്ച് ഐന്‍സ്റ്റീന്‍ പറഞ്ഞത് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഗാന്ധിജിയുടെ ജീവിതമുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രദര്‍ശനമെന്ന് മന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പ് പുരാവസ്തു, പുരാരേഖ, ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെയും കേരള മീഡിയ അക്കാഡമിയുടെയും സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. വി.ജെ.ടി ഹാളില്‍ നടക്കുന്ന പ്രദര്‍ശനം ഇന്നും തുടരും.

    മഹാത്മാ ഗാന്ധിയുടെ ജീവിതമൂല്യങ്ങളില്‍ പലതും തമസ്‌കരിക്കപ്പെടുന്ന സാഹചര്യത്തില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ എല്ലാവരുടെയും സഹകരണം തേടുകയാണ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു. ഗാന്ധിജി സന്ദര്‍ശിച്ച സംസ്ഥാനത്തെ 37 സ്ഥലങ്ങളെ സ്പര്‍ശിച്ചു നടത്തുന്ന വിപുലമായ പരിപാടികള്‍ രക്തസാക്ഷിത്വത്തിന്റെ എഴുപതു വര്‍ഷം എന്ന പേരില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ഇന്ന് (ജനുവരി 30) നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു. 

    ഗാന്ധിജിയുടെ ഘാതകന് ആരാധനാലയങ്ങള്‍ ഉയരുന്ന കാലമാണിതെന്നും രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഗാന്ധിജിയുടെ സ്മരണയ്ക്കായി നാം ചെലവിടുന്ന ഓരോ നിമിഷത്തിനും പ്രസക്തിയേറെയാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

    ഗാന്ധിജി വെടിയേറ്റു വീണ ബിര്‍ളാ ഹൗസിനു മുന്നിലെ മണ്ണ് പ്രത്യേകമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  ഗാന്ധിജിക്ക് ലഭിച്ച കത്തുകള്‍, ജന്മദിനാശംസകള്‍, ഗാന്ധിജിയുടെ കൈയെഴുത്തുകള്‍, ഗാന്ധി സന്ദര്‍ശനം സംബന്ധിച്ച് സര്‍ക്കാരിന്റെ ശേഖരത്തിലുള്ള വിവിധ ചരിത്രരേഖകള്‍, ഗാന്ധിജിയുടെ ജീവിതമുഹൂര്‍ത്തങ്ങള്‍ ചിത്രീകരിക്കുന്ന അപൂര്‍വ വീഡിയോകള്‍, ഫോട്ടോകള്‍, ഗാന്ധിജിയെ വിഷയമാക്കി ലോകത്തെമ്പാടുമുള്ള പത്രങ്ങളിലും ആനുകൂല്യങ്ങളിലും പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിലുള്ളത്.  ശില്പി ഡാവിഞ്ചി സുരേഷ് നിര്‍മ്മിച്ച മഹാത്മജിയുടെ ശില്പവും ശ്രദ്ധയാകര്‍ഷിക്കുന്നു.

    വി.എസ്. ശിവകുമാര്‍ എംഎല്‍എ, കേരള മീഡിയാ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, പുരാരേഖ വകുപ്പ് ഡയറക്ടര്‍ പി. ബിജു, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ രജികുമാര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍, മലയാളം മിഷന്‍ ഡയറക്ടര്‍ ഡോ. സുജ സൂസന്‍ ജോര്‍ജ് ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.357/18

date