കാനകള്‍ പുനഃനിര്‍മിക്കും ജഡ്ജസ് അവന്യൂവിന് വെള്ളക്കെട്ടില്‍ നിന്നും രക്ഷ
കാക്കനാട് - നഗരത്തെ വെള്ളക്കെട്ടില്‍ നിന്നും മോചിപ്പിക്കാന്‍ ആവിഷ്കരിച്ച ഓപ്പറേഷന്‍ ബ്രേക് ത്രൂവിന്‍റെ ഭാഗമായി കലൂര്‍ ജഡ്ജസ് അവന്യൂവിലെ പ്രധാന കാനകള്‍ പുനഃനിര്‍മിക്കാന്‍ കര്‍മപദ്ധതിക്ക് നേതൃത്വം നല്‍കുന്ന ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്‍കി. പേരണ്ടൂര്‍ കനാലിലേക്ക് വെള്ളമൊഴുകാനുള്ള തടസം കാനകളുടെ വലിപ്പക്കുറവും ശോച്യാവസ്ഥയുമാണെന്ന് നേരില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കളക്ടറുടെ നിര്‍ദേശം.
ഓപ്പറേഷന്‍ ബ്രേക് ത്രൂവിന്‍റെ ഭാഗമായി ജഡ്ജസ് അവന്യൂവിലെ കാനകള്‍ പുനഃനിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഇത് അപര്യാപ്തമാണെന്ന് സ്ഥപരിശോധനയില്‍ കളക്ടര്‍ക്ക് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് കാന സമഗ്രമായി പൊളിച്ചു പണിയാന്‍ ആവശ്യപ്പെട്ടത്. നിലവിലെ കാന പാര്‍ശ്വങ്ങള്‍ ഇടിഞ്ഞും മണ്ണു മൂടിയും തീര്‍ത്തും മോശം അവസ്ഥയിലായിരുന്നു.
പൊതുമരാമത്ത് അസി.എക്സി.എഞ്ചിനീയർ എം.എസ്.മായ, ഓവർസിയർ വി.എസ്. സതീഷ് എന്നിവരോട് കാന നിര്‍മാണത്തിന് അടിയന്തരമായി എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. നിര്‍മാണം ഉടനെ ആരംഭിക്കണം. ഇതിനാവശ്യമായ തുക ദുരന്ത നിവാരണ വകുപ്പിൽ നിന്നും അനുവദിക്കുമെന്നും കളക്ടർ പറഞ്ഞു.
കാനയോട് ചേർന്ന് നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനും കളക്ടര്‍ അനുമതി നൽകി. 250 മീറ്റർ നീളം വരുന്ന കാന സ്ലാബ് നീക്കി ചെളി കോരി വൃത്തിയാക്കിയ ശേഷം പൂർവ്വ സ്ഥിതിയിലാക്കാനായിരുന്നു നിർദ്ദിഷ്ട പദ്ധതി. ഇതിനായി 1.19 ലക്ഷം രൂപയും വകയിരുത്തിയിരുന്നു.
ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ ദ്ധതി പ്രകാരം പുനർനിർമ്മാണ പ്രവർത്തികൾ നടക്കുന്ന എസ്.ആർ.എം. റോഡിലെ കാനയും കളക്ടർ സന്ദർശിച്ചു. ഇവിടെ 1500 മീറ്റർ നീളം വരുന്ന കാന സ്ലാബ് നീക്കി ചെളി കോരിയ ശേഷം പൂർവ സ്ഥിതിയിലാക്കാനാണ് പദ്ധതി. ഇതിനായി 2.65 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.സമയബന്ധിതമായി തീർക്കണമെന്ന് ഉദ്യോഗസ്ഥർക്കും കരാറുകാർക്കും കളക്ടർ നിർദ്ദേശം നൽകി.
- Log in to post comments