Skip to main content

മൂലമ്പിള്ളി പുനരധിവാസ മോണിറ്ററിംഗ് കമ്മറ്റി യോഗം ചേര്‍ന്നു

കാക്കനാട്: മൂലമ്പിള്ളി പുനരധിവാസ പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടെ വിള്ളലുകള്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മൂലമ്പിള്ളി പുനരധിവാസ മോണിറ്ററിംഗ് കമ്മറ്റി യോഗത്തില്‍ വാഴക്കാല വില്ലേജില്‍ 118 കുടുംബങ്ങള്‍ക്ക് അനുവദിച്ച പുനരധിവാസ പ്ലോട്ടുകളുടെ രേഖാചിത്രം പ്രദേശത്ത് സ്ഥാപിക്കുവാനും തീരുമാനിച്ചു. തീരദേശപരിപാലന നിയമത്തിന്റെ പരിധിയില്‍ വരുന്ന കടമക്കുടി, മുളവുകാട് പഞ്ചായത്തിലെ പുനരധിവാസ പ്ലോട്ടുകളില്‍ കെട്ടിട നിര്‍മ്മാണം നടത്തുന്നതിന് കേരള തീരദേശ പരിപാലന അതോറിറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമായി ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുന്നതിന് പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള കുടുംബങ്ങളിലെ അംഗങ്ങളുടെ ജോലിയും വീട് നിര്‍മ്മാണം പൂര്‍ത്തിയാകാത്തവരുടെ വാടക സംബന്ധിച്ചും സര്‍ക്കാരിലേക്ക് കത്ത് നല്‍കുവാനും യോഗം തീരുമാനിച്ചു. പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള കോതാട് പുനരധിവാസ മേഖലയില്‍ മിന്നല്‍ രക്ഷാചാലകം പ്രവര്‍ത്തന ക്ഷമമാക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിയ്ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എം.വി സുരേഷ് കുമാര്‍, തഹസില്‍ദാര്‍മാരായ ബീന പി. ആനന്ദ്, ലിറ്റി ജോസഫ്, മൂലമ്പിള്ളി കോഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ വില്‍സണ്‍ വി.പി, ഏലൂര്‍ ഗോപിനാഥ്, കെ. രജികുമാര്‍, ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.

date