Skip to main content

ഭരണനിര്‍വഹണം ജനങ്ങളുടെ ഭാഷയിലാവണം: മന്ത്രി  അഡ്വ. കെ രാജു

 

  ജനങ്ങള്‍ക്ക് ഭരണ നടപടികളില്‍ ഫലപ്രദമായി ഇടപെടാനും അവരുടെ ആവശ്യങ്ങള്‍ അവതരിപ്പിക്കുവാനും കഴിയണമെങ്കില്‍ ഭരണനിര്‍വഹണം ജനങ്ങളുടെ ഭാഷയിലായിരിക്കണമെന്ന് ക്ഷീരവികസന-വനം വകുപ്പു മന്ത്രി അഡ്വ. കെ. രാജു. ഔദ്യോഗിക ഭാഷാവകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാവബോധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2017ലെ സര്‍ക്കാരിന്റെ മലയാള ഭാഷാപഠന ആക്ട് വളരെ വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് രൂപീകരിച്ചത്. നിയമം രൂപപ്പെടുത്തിയെങ്കിലും അതിന്റെ നിര്‍മാണത്തിനായി ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല എന്നതൊരു പോരായ്മയാണ്. മലയാള ഭാഷാ പഠനത്തിനായുളള ചട്ടങ്ങള്‍ കാലതാമസം കൂടാതെ നടപ്പാക്കാനാ ണ് ഉദ്ദേശിക്കുന്നത്.  സര്‍ക്കാര്‍ ഇംഗ്ലീഷിനോ ന്യൂനപക്ഷഭാഷകള്‍ക്കോ സര്‍ക്കാര്‍ എതിരല്ല. മാതൃഭാഷ പഠിക്കാതെ ബിരുദം പൂര്‍ത്തിയാക്കാനാവുന്ന ഏക സംസ്ഥാനം കേരളമാണ്. ആ സ്ഥിതി മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമം. ഔദ്യോഗിക ഭാഷാ ആക്ട് പാസായെങ്കിലും പൂര്‍ണമായും ഭരണഭാഷ മലയാളമായിട്ടില്ല. ഇംഗ്ലീഷ് ഉപയോഗിക്കേണ്ട അവശ്യ സാഹചര്യങ്ങള്‍ ഒഴിച്ചുളള ഘട്ടങ്ങളില്‍ മലയാളം കര്‍ശനമായി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം ചിലരെങ്കിലും പാലിക്കുന്നില്ല. നിയമം അടിച്ചേല്‍പ്പിച്ചല്ല മലയാളം ഭരണഭാഷ ആക്കേണ്ടതെങ്കിലും മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ആവശ്യമെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് മടിയില്ല. ഏതു രാജ്യത്തെയും ഭാഷയുടെ വികസനവും ഭരണഭാഷാ വികസനവും പരസ്പര പൂരകമാണ്. മാതൃഭാഷാപഠനം ഭരണഭാഷാ വികാസത്തെയും വ്യാപനത്തെയും ക്രമാനുഗതമായി സഹായിക്കുന്നതാണ്. ഭാഷാപഠനത്തിനും ഭരണഭാഷാമാറ്റത്തിനും ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. 

വിവരാവകാശം നിയമം പോലുളള പൊതുതാല്പര്യ നിയമങ്ങള്‍ ഉളളതിനാല്‍ ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ രേഖപ്പെടുത്തുന്ന കുറിപ്പ് എന്താണെന്ന് പൊതുജനങ്ങള്‍ക്ക് അറിയാന്‍ കഴിയും. അത് അവര്‍ക്കു മനസിലാകുന്ന ഭാഷയിലാകണം. അതിനാല്‍ കുറിപ്പുകള്‍ മലയാളത്തില്‍തന്നെ വേണം. ഉത്തരവുകളും മലയാളത്തില്‍ തന്നെയാകണം. സെക്രട്ടറിയേറ്റ്  ഉള്‍പ്പടെ ഭരണനിര്‍വഹണ കേന്ദ്രങ്ങളില്‍ നിന്നുളള ഉത്തരവുകള്‍ മലയാളത്തിലായിരിക്കാന്‍ വകുപ്പു തലവന്‍മാര്‍ ശ്രദ്ധ ചെലുത്തണം. എന്നാല്‍ അന്തര്‍സംസ്ഥാന ഫയലുകളും കേന്ദ്രവുമായുളള കത്തിടപാടുകളും ഇംഗ്ലീഷില്‍ മാത്രമേ സാധ്യമാകൂ. ഭാഷാ ന്യൂനപക്ഷങ്ങളും ഇവിടെയുളളതിനാല്‍ ഭരണഭാഷാ മലയാളമാക്കുമ്പോള്‍ ചില പരിമിതികളും ഉണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ പഞ്ചായത്ത്ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി സ്വാഗതം പറഞ്ഞു. ഔദ്യോഗിക ഭാഷാവകുപ്പ് ജോയിന്റ് സെക്രട്ടറി എസ് മുഹമ്മദ് ഇസ്മയില്‍ കുഞ്ഞ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരളത്തിലെ ഭരണ ഭാഷ എന്ന വിഷയത്തില്‍ ഭാഷാവിദഗ്ധനായ ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ പ്രഭാഷണം നടത്തി. ഔദ്യോഗിക ഭാഷാമാര്‍ഗരേഖകള്‍ എന്ന വിഷയത്തില്‍ ആര്‍.എച്ച് ബൈജു സംസാരിച്ചു. തുടര്‍ന്ന് കേരളത്തിലെ ഭരണഭാഷാ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ഭാഷാവിദഗ്ധന്‍ ആര്‍. ശിവകുമാറിന്റെ നേതൃത്വത്തില്‍ ചര്‍ച്ചയും നടന്നു.

                                                    (കെ.ഐ.ഒ.പി.ആര്‍-247/18) 

date