മയ്യിലിലെ നെൽവിപ്ലവം ഡോക്യുമെന്ററിയാകുന്നു; ജില്ലാ കലക്ടർ സ്വിച്ച് ഓൺ കർമം നിർവഹിച്ചു
മയ്യിൽ പഞ്ചായത്ത് നടപ്പിലാക്കിയ തരിശുരഹിത നെൽകൃഷി വിപ്ലവം ഡോക്യുമെന്ററിയാകുന്നു. നൂറുശതമാനം വയലുകളും നെൽകൃഷിക്ക് പര്യാപ്തമാക്കിയ സമ്പൂർണനെൽകൃഷി പദ്ധതിയിലൂടെ രാജ്യത്തിന് മാതൃകയായ നേട്ടങ്ങളാണ് കേരള കാർഷിക വികസന കർഷകക്ഷേമവകുപ്പ് നെൻമകം എന്ന പേരിൽ ഡോക്യുമെന്ററിയാക്കുന്നത്. 25 പാടശേഖരങ്ങളിലായി 1457 ഏക്കർ വയലിലാണ് നെൽകൃഷിയിറക്കിയത്. പുതുതായി 780 ഏക്കർ കൃഷിക്ക് പ്രയോജനപ്പെടുത്തി. സമ്പൂർണ നെൽകൃഷിയെന്നതിനപ്പുറം ഉൽപാദനക്ഷമതയിലും യന്ത്രവൽകരണത്തിലും കൈവരിച്ച സമാനതകളില്ലാത്ത വിജയഗാഥയാണ് ഡോക്യുമെന്ററിയുടെ പ്രമേയം.
കേരളത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഉൽപാദനക്ഷമതയാണ് സമ്പൂർണ നെൽകൃഷി പദ്ധതിയിലൂടെ മയ്യിൽ കൈവരിച്ചത്. പെരുവങ്ങൂർ പാടശേഖരത്തിൽ 11400 കിലോ നെല്ലാണ് ഒരു ഹെക്ടറിന് ലഭിച്ചത്. കോൾ നിലങ്ങളിൽ മാത്രമാണ് ഇതിൽ കൂടുതൽ വിളവ് രേഖപ്പെടുത്തിയിട്ടുള്ളത്. മുല്ലക്കൊടി പാടശേഖരത്തിൽ 9000 കിലോ നെല്ലാണ് ലഭിച്ചത്. ശരാശരി 4320 കിലോയാണ് വിള. ജില്ലയിലെ ഒന്നാം വിളയുടെ ശരാശരി ഉൽപാദനക്ഷമതയായ 2154 കിലോയുടെ ഇരട്ടിയലിധകമാണിത്.
ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ, സമ്പൂർണയന്ത്രവൽകരണം എന്നിവയാണ് മയ്യിലിലെ ജനകീയസംഘകൃഷിയുടെ മുഖ്യസവിശേഷത. സംസ്ഥാനവ്യാപകമായി ഹരിതകേരളം മിഷനിൽ മയ്യിലിലെ ജനകീയ കൃഷി ക്യാമ്പയിൻ മോഡലായി അവതരിപ്പിക്കുന്നതിന്റെ കൂടി ഭാഗമാണ് ഡോക്യുമെന്ററി. നിലമൊരുക്കൽ, ഞാറ്റടി, നടീൽ, കൊയ്ത്ത്, മെതി, സംസ്‌കരണം എന്നിങ്ങനെ ആദ്യാവസാനമുള്ള പ്രവൃത്തികളിൽ സമ്പൂർണ യന്ത്രവൽകരണം നടപ്പാക്കിയതും ഇതാദ്യമാണ്. ഇതോടൊപ്പം കർഷകരിൽ നിന്ന് നേരിട്ട് ഉയർന്ന വിലക്ക് നെല്ല് സംഭരിച്ച് സംസ്‌കരിച്ച് പ്രാദേശികമായി വിപണനവും ഉറപ്പാക്കി. ഇതിനായി കർഷകരുടെ ഉടമസ്ഥതതയിൽ മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയും ആരംഭിച്ചു. ഒരു കോടി രൂപയാണ് കമ്പനിയുടെ ആദ്യവർഷത്തെ ടേൺഓവർ. മയ്യിൽ സമൃദ്ധി റൈസ് എന്ന ബ്രാൻഡ് നെയിമിലാണ് ഇതിന്റെ വിപണനം. നെല്ല് കുത്തി അരിയാക്കുന്നതിന് 233 മിനി റൈസ് മില്ലുകൾ കമ്പനി മുഖേന വിതരണം ചെയ്തു.
കണ്ണൂർ പിആർഡി ചേമ്പറിൽ നടന്ന ചടങ്ങിൽ കലക്ടർ മീർ മുഹമ്മദലി ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ നിർവഹിച്ചു. കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്തിന് അനുയോജ്യമായ വികേന്ദ്രീകൃത വികസന രീതിയുടെ ഉത്തമ മാതൃകയാണ് മയ്യിൽ പഞ്ചായത്ത് കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ അധ്യക്ഷനായി. മയ്യിൽ കൃഷി ഓഫീസർ പി കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. അനിൽ ഒഡേസയാണ് ഡോക്യുമെന്റിയുടെ സംവിധാനവും ക്യാമറയും. പി പി സതീഷ് കുമാറാണ് രചന.
പി.എൻ.സി/386/2018
- Log in to post comments