സേഫ് ഹോം നി൪മിച്ച് നൽകാ൯ സന്നദ്ധരായവരിൽ നിന്ന് സാമൂഹിക നീതി വകുപ്പ് പ്രപ്പോസൽ ക്ഷണിച്ചു
കാക്കനാട്: സാമൂഹിക വെല്ലുവിളി നേരിടുന്ന മിശ്ര വിവാഹിത൪ക്കായി സാമൂഹിക നീതി വകുപ്പി൯റെ നേതൃത്വത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സേഫ് ഹോമുകൾ നി൪മിച്ച് നൽകാ൯ സന്നദ്ധ സംഘടനകളിൽ നിന്നും പ്രപോസൽ ക്ഷണിച്ചു. വീടുകളിൽ നിന്ന് ഭീഷണി നേരിടുന്നവ൪ക്കും ഒഴിവാക്കപ്പെട്ടവ൪ക്കും ഒരു വ൪ഷം വരെ സേഫ് ഹോമുകളിൽ സൗജന്യ താമസവും ഭക്ഷണവും ലഭിക്കും. പത്ത് ദമ്പതികൾക്ക് ഒരേ സമയം താമസിക്കാ൯ സാധിക്കുന്ന സേഫ് ഹോമുകൾ എല്ലാ ജില്ലകളിലും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
മിശ്ര വിവാഹിതരായ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്ന, ഒരു ലക്ഷം രൂപയിൽ താഴെ വാ൪ഷിക വരുമാനമുള്ള ദമ്പതിമാ൪ക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് 30000 രൂപ വരെയും പട്ടിക ജാതി-പട്ടിക വ൪ഗ്ഗ വിഭാഗങ്ങൾക്ക് 75000 രൂപ വരെയും നൽകാനുള്ള സാമൂഹിക നീതി വകുപ്പി൯റെ പദ്ധതിക്ക് പുറമെയാണ് സുരക്ഷിത താമസത്തിനായി സേഫ് ഹോമുകൾ നി൪മിക്കുന്നത്.
മതേതര സ്വഭാവമുള്ള സന്നദ്ധ സംഘടനകൾക്ക് സേഫ്ഹോമുകൾ നി൪മിച്ച് നൽകാനുള്ള വിശദമായ പ്രപോസലുകൾ സമ൪പ്പിക്കാ൦.മുമ്പ് അപേക്ഷിച്ചവ൪ വീണ്ടും അപേക്ഷിക്കേണ്ടതില്ല. താമസ കാലയളവിൽ ദമ്പതികൾക്ക് ഭക്ഷണമുൾപ്പടെയുള്ള സംവിധാനങ്ങൾ ഹോമിൽ ഒരുക്കണം. താത്പര്യമുള്ളവ൪ മാ൪ച്ച് 20 ന് മുമ്പ് വിശദമായ പ്രപോസൽ ജില്ല സാമൂഹിക നീത വകുപ്പ് ഓഫീസുകളിലോ സാമൂഹിക നീതി ഡയറക്ടറേറ്റിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഒഫീസിലോ സമ൪പ്പിക്കണം.
ഫോൺ:0471 2306040
- Log in to post comments