ബദൽ സൗകര്യമൊരുക്കി ജില്ലാഭരണകൂടം കോവിഡ് 19: തൽക്കാലം ഓഫീസുകൾ കയറണ്ട; അപേക്ഷകൾ വാട്‌സ് ആപ്പിലൂടെ നൽകാം
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പരസ്പര സമ്പർക്കം പരിമിതപ്പെടുത്താൻ നിർദ്ദേശം നൽകിയിരിക്കേ, പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനം തടസ്സപ്പെടാതിരിക്കാൻ ബദൽ സൗകര്യമൊരുക്കുകയാണ് ജില്ലാ ഭരണകൂടം. വിവിധ ആവശ്യങ്ങൾക്ക് ജില്ലാ കളക്ടറേയും റവന്യൂ ഉദ്യോഗസ്ഥരേയും സമീപിക്കേണ്ടിവരുന്നവർക്ക് അത്തരം ആവശ്യങ്ങൾ ഉന്നയിക്കാനും പരാതികൾ സമർപ്പിക്കാനും നേരിട്ട് ഓഫീസുകൾ കയറേണ്ടതില്ല. പകരം, പ്രത്യേകമായി സജ്ജമാക്കുന്ന വാട്‌സ് ആപ്പ് നമ്പറുകളിലേക്കോ ഇ-മെയിൽ വിലാസത്തിലേക്കോ തങ്ങളുടെ ആവശ്യങ്ങളും പരാതികളും സന്ദേശമായി അയ്ക്കുന്നതിന് ജില്ലാ ഭരണകൂടം സൗകര്യമേർപ്പെടുത്തി. കോവിഡ് ഭീതി മറികടക്കുന്നതുവരെയാണ് ഈ സൗകര്യം. കളക്ടറേറ്റിലും റവന്യൂ വകുപ്പിന്റെ ഓഫീസുകളിലും വിവിധ ആവശ്യങ്ങൾക്ക് എത്തിച്ചേരുന്നവർ തമ്മിലുളള പരസ്പര സമ്പർക്കം ഒഴിവാക്കുന്നതിനും രോഗവ്യാപന സാധ്യതയെ തടയുന്നതിനുമാണ് വാട്‌സ് ആപ്പ് സൗകര്യമൊരുക്കുന്നതെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.
ജില്ലാ കളക്ടറുടേയും റവന്യു വകുപ്പിന്റെയും ഇടപെടലുകളും തുടർനടപടികളും ആവശ്യമുളള കാര്യങ്ങളിൽ ജനങ്ങളുടെ പരാതിയോ അപേക്ഷയോ വാട്‌സ് ആപ്പ് നമ്പറിലേക്ക് അയച്ചാൽ മതി. വീഡിയോകോൾ വഴിയും അറിയിക്കാം. ഇ-മെയിലായും അപേക്ഷകൾ നൽകാം. ഇവ നേരിട്ടുളള അപേക്ഷയായി കണക്കാക്കി അതിൽ തുടർനടപടി സ്വീകരിക്കും. അതേ സമയം കോടതി നിർദ്ദേശപ്രകാരമുളള ഹിയറിങ് കേസുകളിൽ നേരിട്ട് ഹാജരാകേണ്ടി വരും. ജില്ലാ കളക്ടർ, ഇരിങ്ങാലക്കുട-തൃശൂർ ആർഡിഒമാർ, എഴ് തഹസിൽദാർമാർ എന്നിവർക്കാണ് ഇപ്രകാരം അപേക്ഷകൾ നൽകാൻ കഴിയുക. നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും എപ്പോഴും സന്നദ്ധരാണെങ്കിലും പൊതുജനങ്ങളുടെ സൗകര്യം കണക്കിലെടുത്താണ് സാമൂഹ്യമാധ്യമ വേദിയെ ഉപയോഗിക്കുന്നത്. രോഗഭീതി ഒഴിയുന്നതുവരെ ആൾകൂട്ടങ്ങളും പരസ്പരമുളള ഇടപെടലുകളും കഴിയാവുന്നത്ര പരിമിതപ്പെടുത്തുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ജില്ലാ കളക്ടർക്ക് അപേക്ഷകൾ അയക്കേണ്ട വാട്‌സ് ആപ്പ് നമ്പർ: 9400044644. ഇ-മെയിൽ വിലാസങ്ങൾ: tsrcoll.ker@nic.in (കളക്ടറേറ്റ്), thlrtsr.ker@nic.in (തൃശൂർ താലൂക്ക്), thlrtpy.ker@nic.in (തലപ്പിളളി താലൂക്ക്), thlrmkm.ker@nic.in (മുകുന്ദപുരം താലൂക്ക്), thlrckd.ker@nic.in (ചാവക്കാട് താലൂക്ക്), thlrkdr.ker@nic.in (കൊടുങ്ങല്ലൂർ താലൂക്ക്), thlrckdy.ker@nic.in (ചാലക്കുടി താലൂക്ക്), thlrkkm.ker@nic.in (കുന്നംകുളം താലൂക്ക്), thrissur.rdo@gmail.com (തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസ്), rdoijk.rev@kerala.gov.in (ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസ്)
- Log in to post comments