മണ്‍ചട്ടിയില്‍ പച്ചക്കറികൃഷി' മാതൃകാപദ്ധതിയുമായി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ പച്ചക്കറി കൃഷിയിലും പുതു മാതൃക തീര്‍ക്കുകയാണ് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്. 'മണ്‍ചട്ടിയില്‍ പച്ചക്കറികൃഷി' ചെയ്തുകൊണ്ടാണ് തൃക്കലങ്ങോട് പഞ്ചായത്ത് മാതൃകയാവുന്നത്. വിഷരഹിത പച്ചക്കറിയുടെ ഉല്പാദനത്തില് സ്വയം പര്യാപ്തത കൈവരിക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, സ്ഥലപരിമിതിയുള്ള വര്‍ക്കും കൃഷി ചെയ്യാന്‍ സൗകര്യമൊരുക്കുക തുടങ്ങിയ ആശയങ്ങള്‍ മുന്‍നിര്‍ത്തി കൃഷിഭവന് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ ആരംഭിച്ച പദ്ധതി വിജയകരമായി മുന്നേറുകയാണ്.
ആദ്യഘട്ടമായി പഞ്ചായത്തിലെ 23 വാര്‍ഡുകളിലായി രണ്ടായിരം മണ്‍ചട്ടികളും തൈകളുമാണ് ഗുണഭോക്തൃവിഹിതം അടച്ചവര്‍ക്ക് വിതരണം ചെയ്തത്. ഒരു വീട്ടിലേക്ക് പത്ത് മണ്‍ചട്ടികളാണ് (ഒരു യൂനിറ്റ്) നല്‍കുന്നത്. മണ്ണ്, ജൈവ വളം, തൈ എന്നിവയടങ്ങുന്ന 200 യൂനിറ്റിന് മൂന്ന് ലക്ഷം രൂപയാണ് ചെലവ്. വെണ്ട, തക്കാളി, വഴുതനങ്ങ, കാബേജ്, പച്ചമുളക്, പുതിന തുടങ്ങിയ തൈകളാണ് പദ്ധതിയിലൂടെ നല്‍കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടമായി ഹരിത കേരളം മിഷന് ഹരിത വാര്‍ഡായി പ്രഖ്യാപിച്ച ആറാം വാര്‍ഡ് കാരക്കുന്നില്‍ 500 ചട്ടികളാണ് വിതരണം ചെയ്തത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 'മണ്‍ചട്ടിയില്‍ പച്ചക്കറികൃഷി' പദ്ധതി വനിതകള്‍ക്കായി നടപ്പാക്കാനാണ് തീരുമാനമെന്നും ഇതിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയതായും കൃഷിഭവന് അധികൃതര്‍ അറിയിച്ചു.
- Log in to post comments