കോവിഡ് 19: പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് പഞ്ചായത്ത് വകുപ്പ്
കാക്കനാട്: കോവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ജില്ലയിലെ പഞ്ചായത്തുകളിലെ വികസന സെമിനാറുകളും മറ്റ് യോഗങ്ങളും മാറ്റിവെച്ചു. രോഗപ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്നും വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന സര്‍ക്കുലര്‍ ജില്ലയിലെ എല്ലാ പഞ്ചായത്ത് ഓഫീസുകള്‍ക്കും നല്‍കി.
പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാര്‍ക്ക് മുഖാവരണത്തിന് പുറമേ കൈയ്യുറയും ലഭ്യമാക്കുകയും അവര്‍ ഇവ ഉപയോഗിക്കുകയും വേണം. ജീവനക്കാരുടെ ഉപയോഗത്തിനായി മുഖാവരണം, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് എന്നിവ ലഭ്യമാക്കണം. രോഗലക്ഷണമുള്ള ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകരുത്. പൊതുജനങ്ങള്‍ ഫ്രണ്ട് ഓഫീസ് കൗണ്ടറിന് മുന്നില്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനായി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായുള്ള ഹിയറിങുകള്‍ ആള്‍ക്കൂട്ടം ഒഴിവാക്കി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രോഗപ്രതിരോധത്തിനായി ആരോഗ്യവകുപ്പ് നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ജീവനക്കാര്‍ പാലിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം അങ്കണവാടികളിലൂടെ കുട്ടികള്‍ക്കുള്ള പോഷകാഹാര വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി മാലതി അറിയിച്ചു.
- Log in to post comments