Skip to main content

കോവിഡ് 19: രോഗബാധിതനുമായി സമ്പർക്കം പുലർത്തിയ 385 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ കോവിഡ് 19 വൈറസ് സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കത്തിലേർക്കപ്പെട്ട 385 പേർ നിരീക്ഷണത്തിൽ. അതേസമയം പരിശോധനയ്ക്ക് അയച്ച 33 സാമ്പിളുകളുടെ ഫലം നെഗറ്റീവായത് ആശ്വാസകരമായി. 23 സാമ്പിളുകൾ കൂടി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 105 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയിൽ 1499 പേർ വീടുകളിലും 72 പേർ ആശുപത്രിയിലുമായി നിരീക്ഷണത്തിലുണ്ട്. പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ പത്തുപേരടങ്ങുന്ന ട്രേസിംഗ് ടീമിനെ കൂടി ഉൾപ്പെടുത്തി സംവിധാനം ശക്തമാക്കിയിട്ടുണ്ടെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. പത്ത് പേരടങ്ങുന്ന വളണ്ടിയർ ടീമിനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈറിസ്‌ക് ഗണത്തിൽ ആരും ജില്ലയിലില്ല. കൂടുതൽ സമഗ്രമായ പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പിന്റെ കീഴിൽ നടക്കുന്നത്. മാർച്ച് 16 മുതൽ സാമ്പിളുകൾ തൃശൂർ മെഡിക്കൽ കോളേജിൽ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കും. നിലവിൽ ആലപ്പുഴയിലാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചിരുന്നത്.
തൃശൂരിൽ രോഗം സ്ഥിരീകരിച്ച യുവാവ് പത്തനംതിട്ടയിലെ വൈറസ് ബാധിതരായ മൂന്നുപേർ സഞ്ചരിച്ച UR 514 ഫ്‌ളൈറ്റിലെ യാത്രികനായിരുന്നു. ഖത്തറിലെ അൽ ഖോർ എന്ന സ്ഥലത്ത് നിന്ന് ദോഹ ഹമദ് എയർപോർട്ട് വഴി ഫെബ്രുവരി 29നാണ് അദ്ദേഹം നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്. 29ന് രാവിലെ 10 മണിയോടെ പിതാവിനൊപ്പം വീട്ടിലെത്തി. വൈകീട്ട് കൊടുങ്ങല്ലൂരിലെ അൽ റീം റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് തിരിച്ചെത്തി. മാർച്ച് ഒന്നിന് ചേറ്റുവയിലുള്ള അമ്മായിയുടെ വീട്ടിലും തൊയക്കാവിലുള്ള സഹോദരിയുടെ വീടും സന്ദർശിച്ചു. മാർച്ച് രണ്ടിന് ശ്രീനാരായണപുരം ലങ്ക ബേക്കേഴ്‌സിൽ കൂട്ടുകാരാടൊപ്പം സന്ദർശിച്ചു. വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂർ മുഗൾമാളിലെ കാർണിവൽ സിനിമാസിൽ നിന്ന് സിനിമ കണ്ടു. മാർച്ച് 5 ന് വെള്ളാങ്കല്ലൂർ ചീപ്പുച്ചിറ റിസോർട്ട്, 6ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 വരെ പുഴയ്ക്കൽ ശോഭാ മാൾ എന്നിവ സന്ദർശിച്ചു. ശോഭ മാളിലെ മാക്‌സ്, ഡബ്ല്യു, വിസ്മയ്, സ്പാൻ, റ്റ്വിൻ ബേഡ്‌സ് എന്നീ കടകൾ സന്ദർശിച്ച ശേഷം പടിഞ്ഞാറേ കോട്ടയിലെ ലിനൻ ക്ലബ്ബ് എന്ന കടയിൽ കയറി.് 6 മണിക്ക് പെരിഞ്ഞനത്തുള്ള ഡോ സുരേഷ് കുമാറിന്റെ ക്ലിനിക്കിൽ തൊണ്ടവേദനയെ തുടർന്ന് പരിശോധനയ്ക്ക് വിധേയനായി. അതിന് ശേഷം പെരിഞ്ഞനം മർവ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് തിരിച്ചുപോയി. മാർച്ച് 8ന് പാവറട്ടി വെണ്മേനാട് ബന്ധുവീട്ടിൽ വിവാഹനിശ്ചയത്തിൽ പങ്കെടുത്തു. ഉച്ചയ്ക്ക് 12 മുതൽ 2.30 വരെ അവിടെയുണ്ടായിരുന്നു. തുടർന്ന് പത്തനംതിട്ട സ്വദേശികൾ വന്ന ഫ്‌ളൈറ്റിലുള്ളവർ റിപ്പോർട്ട് ചെയ്യണമെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം തൃശൂർ ജില്ലാ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തു. ഇദ്ദേഹത്തിന്റെ കൂടെ വാഹനത്തിൽ കൂടെ സഞ്ചരിച്ച ബന്ധുവിന്റെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പനിയെ തുടർന്ന് അമ്മയ്‌ക്കൊപ്പം ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗബാധിതനുമായി സമ്പർക്കം പുലർത്തിയവർക്ക് വ്യക്തമായ ബോധവൽക്കരണവും നിർദ്ദേശവും നൽകിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവരെ ദിനംപ്രതി ആരോഗ്യവകുപ്പ് ബന്ധപ്പെടുന്നുണ്ട്.
വിദേശത്ത് നിന്ന് വരുന്നവർ കൂടുതൽ ശ്രദ്ധപുലർത്തണം. പിറന്നാളാഘോഷങ്ങൾ പോലുള്ള ആഘോഷങ്ങൾ താരതമ്യേന കുറഞ്ഞിട്ടുണ്ടെങ്കിലും രണ്ടാഴ്ച കൂടി അതീവശ്രദ്ധ പുലർത്തണം. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. കളക്ടടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ ഡിഎംഒ കെ ജെ റീന, ആരോഗ്യവകുപ്പ് അധികൃതർ എന്നിവർ പങ്കെടുത്തു.

date