Skip to main content

കോവിഡ് 19 : ഹാളുകൾക്ക് അടിയന്തര നോട്ടീസ് കൊടുക്കും

ജില്ലയിൽ കോവിഡ് 19 സ്ഥിതീകരിച്ച സാഹചര്യത്തിൽ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ കല്ല്യാണമണ്ഡപങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഹാളുകൾക്കും പ്രവർത്തനം നിർത്തി വെയ്ക്കുന്നതിന് അടിയന്തര നോട്ടീസ് കൊടുക്കും. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന അടിയന്തിര യോഗത്തിലാണ് തീരുമാനമെടുത്തത്. പൊതു പരിപാടികൾ നിർത്തി വെയ്ക്കുന്നതിനും ജാഗ്രത പാലിക്കുന്നതിനുമായി പൊതുജനങ്ങൾക്കും, ഓട്ടോ, ടാക്‌സി ഡ്രൈവർമാർക്കും ബോധവൽക്കരണ നോട്ടീസ് കൊടുക്കുന്നതിനും യോഗത്തിൽ തീരുമാനമായി. ദ്രുതഗതിയിൽ രോഗലക്ഷണമുള്ളവരെ കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്തിലെ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബുകളെ ഉപയോഗപ്പെടുത്തുന്നതിനെ പറ്റിയും യോഗത്തിൽ ചർച്ച ചെയ്തു. നിലവിൽ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത 76 പേരിൽ രണ്ട് പേരെ വീടുകളിലേക്ക് വിട്ടയച്ചു. അതിൽ 73 ലോറിസ്‌ക് കേസുകളും ഒരു ഹൈ റിസ്‌ക് കേസുമാണുള്ളത്.
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ പത്മിനി അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പി. മനോഹരൻ, പഞ്ചായത്ത് സെക്രട്ടറി മിനി സി.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി. മഹേഷ്, മെഡിക്കൽ ഓഫീസർ ഡോ. ജ്യോൽസ്‌ന സദാനന്തൻ, വാർഡ് മെമ്പർമാരും യോഗത്തിൽ പങ്കെടുത്തു.

date