Skip to main content

കോവിഡ് 19; പുന്നയൂർക്കുളത്ത് പ്രതിരോധത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കോവിഡ് 19 നെ ചെറുക്കാൻ ആരോഗ്യ പരിപാലന സന്നാഹങ്ങളുമായി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്. കൊറോണ വൈറസ് വ്യാപകമാകുന്നത് തടയുന്നതിനായി ജില്ലയിൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ട മുൻകരുതലുകൾ എടുക്കാൻ കൗൺസിൽ തീരുമാനിച്ചു.
അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. അരുൺ ബാബു ക്ലാസ്സെടുത്തു. വൈറസ് പകരാനുള്ള കാരണങ്ങൾ, മുൻകരുതൽ, രോഗ ലക്ഷണം, ചികിത്സ, ജനങ്ങൾക്ക് നൽക്കേണ്ട ബോധവത്കരണം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഞായാറാഴ്ച (മാർച്ച് 15) മുതൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും കൊറോണ വൈറസിനെ കുറിച്ചുള്ള വിശദവിവരങ്ങൾ അടങ്ങിയ നോട്ടീസ് നൽകും. വ്യാജ പ്രചരണങ്ങളിൽ പെടാതെ ജനങ്ങൾക്ക് സുരക്ഷിതത്വം നൽകാനാണ് പദ്ധതിയിടുന്നത്. വിദേശത്ത് നിന്ന് വരുന്നവർ വീടുകളിൽ 14 ദിവസത്തെ ക്വാറന്റയിൻ നിർബന്ധമാക്കണമെന്നും നിർദേശിച്ചു.
പുന്നയൂർക്കുളം പഞ്ചായത്തിലെ വിവിധ ക്ലബുകൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ പ്രതിരോധ നടപടികൾ നടത്തും. പഞ്ചായത്ത് അംഗങ്ങൾ, ഹെൽത്ത് സെക്രട്ടറി, കൗൺസിലർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. രോഗവുമായുള്ള ഏത് സംശയങ്ങൾക്കും അണ്ടത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രവുമായി 0487 2542363, 9544182762, 9446567871 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date