Skip to main content
സാമൂഹ്യ സുരക്ഷാമിഷന്‍ നടപ്പാക്കുന്ന വി കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള വി കെയര്‍ ഇവന്റ്  2020  പാസിന്റെ വിതരണോദ്ഘാടനം മട്ടന്നൂർ നഗരസഭ അധ്യക്ഷ അനിത വേണുവിന് നൽകി ജില്ല കലക്ടർ ടിവി സുഭാഷ് നിർവഹിക്കുന്നു

വി കെയര്‍ മെഗാഷോ 15ന് സ്വാഗതസംഘം രൂപീകരിച്ചു

സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാമിഷന്‍ നടപ്പാക്കുന്ന വി കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള വി കെയര്‍ ഇവന്റ്  2020 മാര്‍ച്ച് 15ന്  ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കും. സ്വാഗതസംഘ രൂപീകരണ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിമാരായ ഇപി ജയരാജന്‍, കെ കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, മേയര്‍ സുമാ ബാലകൃഷ്ണന്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരടങ്ങുന്ന രക്ഷാധികാരി കമ്മിറ്റിയും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജനറല്‍ കണ്‍വീനറും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ചെയര്‍മാനുമായ 201 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.
വി കെയര്‍ പദ്ധതിയിലേക്ക് ധനസമാഹരണം നടത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ-വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണം ഉറപ്പു വരുത്താനും യോഗത്തില്‍ തീരുമാനമായി. മന്ത്രിമാര്‍, നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി, പിന്നണി ഗായകന്‍ ജി വേണുഗോപാല്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഭിന്ന ശേഷിക്കാരായ കുട്ടികളുടെ അനുയാത്ര എംപവര്‍ മാജിക് ഷോ പ്രോഗ്രാമും മെഗാഷോയില്‍ അരങ്ങേറും.
സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി, സാമൂഹ്യ സുരക്ഷാ മിഷന്‍ പിആര്‍ഒ ഒ റിനീഷ് തിരുവള്ളൂര്‍, വയോമിത്രം കോ ഓഡിനേറ്റര്‍ കെ പി പ്രബിത്ത് എന്നിവര്‍ സംസാരിച്ചു. സാമൂഹ്യ സുരക്ഷാ മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ നസീം മേടയില്‍ പദ്ധതി വിശദീകരണം നടത്തി.  

date