Skip to main content
ദയാ ട്രസ്റ്റിന്റെ സഹായധനം ദേശീയ ഗുസ്തി താരമായ ശാലിനി ജില്ലാ കലക്ടര്‍ ടി വി സുഭാഷില്‍ നിന്നും ഏറ്റവുവാങ്ങുന്നു

ഗോദയിലെ സഹോദരിമാര്‍ക്കായി സ്വപ്ന വീടൊരുങ്ങുന്നു

ഗോദയില്‍ വീറോടെ പൊരുതുന്ന ശാലിനിക്കും ലക്ഷ്മിക്കും ഇനി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട വീടെന്ന സ്വപ്‌നത്തിന് ചിറക് നല്‍കാം. ദേശീയ ഗുസ്തി മത്സരങ്ങളില്‍ കേരളത്തിന്റെ അഭിമാനമായ സഹോദരിമാര്‍ക്കായി അട്ടപ്പാടിയില്‍ വീടൊരുങ്ങുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെ  വീടുപണി നിര്‍ത്തിവെക്കുകയായിരുന്നു. കണ്ണൂര്‍ സ്‌പോട്‌സ് കൗണ്‍സില്‍ ഇക്കാര്യം കല്കടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇടപെടലുകളുടെ ഫലമായി ദയ ട്രസ്റ്റ് ഇവരുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് സാക്ഷ്യം വഹിച്ചു.  ജില്ലാ കലക്ടറുടെ ചേമ്പറുടെ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് തുക ശാലിനിയ്ക്ക് കൈമാറി.
ഗുസ്തി താരങ്ങളായ ശാലിനിയ്ക്കും ലക്ഷ്മിയ്ക്കും കണ്ണൂരുമായുള്ള ബന്ധം ചെറുതല്ല.  ശാലിനിയ്ക്ക് കണ്ണൂരുമായുള്ള ആത്മബന്ധം പി ജി പഠനകാലത്ത് തന്നെ തുടങ്ങുന്നതാണ്. തുടര്‍ന്ന് രണ്ട് വര്‍ഷമായി സ്‌പോട്‌സ് ഡിവിഷനില്‍ താല്‍ക്കാലിക തസ്തികയില്‍ ഗുസ്തി പരിശീലകയായിട്ടുണ്ട്. തിരുവനന്തപുരം സായി അക്കാദമിയിലായിരുന്നു പഠനം. അനുജത്തി ലക്ഷ്മി തലശ്ശേരിയിലെ സായ് അക്കാദമിയില്‍ ഗുസ്തിയില്‍ പരിശീലനം നേടുകയാണ്. 195 കായിക താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലി നല്‍കിയവരില്‍ ഒരാള്‍ ശാലിനിയാണ്. പാലക്കാട് എഇഒ ഓഫീസില്‍ എല്‍ ഡി ക്ലര്‍ക്കായാണ് നിയമനം.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശാലിനി യാദൃശ്ചികമായി ഗുസ്തിയിലേക്ക് കടന്നുവരുന്നത്. പിന്നീട് കേരളത്തിനായി പൊരുതി നേടിയത് നാല് മെഡലുകളാണ്. പറയത്തക്ക ഗുസ്തി പാര്യമ്പര്യമൊന്നും ഈ കുടുംബത്തിനില്ല. എന്നാല്‍ ചേച്ചി നല്‍കിയ പാഠങ്ങള്‍ അനുജത്തി് ലക്ഷ്മിക്ക്  കൂട്ടായുണ്ട്. ലക്ഷ്മി ഇതിനോടകം ദേശീയതലത്തില്‍ 3 മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.
സംസ്ഥാന സ്പോര്‍ട് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍, ജില്ലാ സ്പോട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് എന്‍ ധീരജ് കുമാര്‍, ദയ ട്രസ്റ്റ് ചെയര്‍മാന്‍ പി സൂരജ്, ട്രസ്റ്റി ഷംനി സൂരജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

date