Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സമൂഹം താങ്ങാവണം:  മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ഭിന്നശേഷിക്കാരുടെ കാര്യത്തില്‍ സങ്കടപ്പെടുകയോ സഹതപിക്കുകയോ ചെയ്യുന്നതിനു പകരം അവര്‍ക്ക് താങ്ങായി നില്‍ക്കുകയും വിഷമതകള്‍ ലഘൂകരിക്കാന്‍ ആവുന്നതെല്ലാം ചെയ്തുകൊടുക്കുകയുമാണ് രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും ഉത്തരവാദിത്തമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ നോര്‍ത്ത് ബി.ആര്‍.സിയുടെ ഒന്നിച്ചൊന്നായ് പദ്ധതിയുടെ ഭാഗമായി നടന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ഉപകരണ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരെ ഭാരമായി കാണുന്നതിനു പകരം മനുഷ്യത്വപരവും ജീവകാരുണ്യപരമാവുമായ ഇടപെടലാണ് എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാവേണ്ടത്.  ഭിന്നശേഷിക്കാരുടെ ജീവിതം പരമാവധി ആയാസരഹിതമാക്കാനും അവരുടെ കഴിവുകളെ പ്രോല്‍സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളില്‍ പങ്കുചേര്‍ന്ന മുഴുവന്‍ ആളുകളെയും അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു. 
    വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 70 ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി വിവിധ തരം ഉപകരണങ്ങള്‍ വിതരണം ചെയ്തത്. നട്ടെല്ലിനുള്ള വളവ് നിവര്‍ത്താന്‍ സഹായിക്കുന്ന സ്റ്റാന്റിംഗ് ഫ്രെയിം, പഠനോപകരണ കിറ്റ്, വീട്ടില്‍വച്ച് പഠിക്കുന്ന കുട്ടികള്‍ക്കുള്ള പ്രത്യേക പഠന കിറ്റ്, വീല്‍ ചെയര്‍, വാക്കര്‍, പുസ്തകങ്ങളും പഠനോപകരണങ്ങളും സൂക്ഷിക്കുന്നതിനുള്ള അലമാര തുടങ്ങിയ ഉപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. 
    കണ്ണൂര്‍ നോര്‍ത്ത് ബി.ആര്‍.സിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷയായി. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന മൊയ്തീന്‍, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ. പി.വി പുരുഷോത്തമന്‍, കണ്ണൂര്‍ നോര്‍ത്ത് എ.ഇ.ഒ കെ.വി സുരേന്ദ്രന്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കുഷ്ണന്‍ കുറിയ, ബി.ആര്‍.സി ട്രെയിനര്‍ ശശികുമാര്‍ എം.പി എന്നിവര്‍ സംസാരിച്ചു. 
പി.എന്‍.സി/386/2018
 

date