Skip to main content

ജില്ലയിലെ പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് 92 ശതമാനം: സര്‍വെ റിപ്പോര്‍ട്ട്

 

ജില്ലയില്‍ നൂറില്‍ ഏട്ട് കുട്ടികള്‍ പൂര്‍ണമായും പ്രതിരോധകുത്തിവെയ്പ് എടുക്കാത്തവര്‍ എന്ന് പഠന റിപ്പോര്‍ട്ട്

കൊച്ചി: എറണാകുളം നില്ലയിലെ പ്രതിരോധകുത്തിവെയ്പ് നിരക്ക് കണ്ടെത്തുവാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ നാല് മെഡിക്കല്‍ കോളേജുകളിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളക്ക് കൈമാറി. ജില്ലയില്‍ ഡിഫ്തീരിയ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതിന്റെ കാരണം കണ്ടെത്തുന്നതിനായാണ് പഠനം നടത്തിയത്.

ആരോഗ്യമുള്ള എറണാകുളത്തിനായി ഒന്നിക്കാം എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇമ്മ്യൂണൈസ് എറണാകുളം പരിപാടിയുടെ ഭാഗമായി ദേശീയ ആരോഗ്യദൗത്യത്തിന്റെ നേതൃത്വത്തില്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ശ്രീനാരായണ മെഡിക്കല്‍ കോളേജ്, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കളമശ്ശേരി, കോലഞ്ചേരി എം ഒ എസ് സി എന്നിവിടങ്ങളിലെ ഡോക്ടര്‍മാരാണ് ജില്ലയിലെ 120 പ്രദേശങ്ങളിലായി ആകെ 2432 കുട്ടികളെ ഉള്‍പ്പെടുത്തി പഠനം നടത്തിയത്. 

92 ശതമാനമാണ് ജില്ലയില്‍ പ്രതിരോധ കുത്തിവെയ്പ്പിന്റെ നിരക്ക്. 100 കുട്ടികളില്‍ 8 പേര്‍ പൂര്‍ണമായും പ്രതിരോധകുത്തിവെയ്പ് എടുക്കാത്തവരാണ്. 5 വയസിനും ആറു വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 70 ശതമാനം പേര്‍ മാത്രമാണ് പൂര്‍ണ്ണമായും പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്തിട്ടുള്ളത്. ഒന്നര വയസ്സിലും നാലര വയസ്സിലും എടുക്കേണ്ട ബൂസ്റ്റര്‍ ഡോസുകളിലാണ് ഇടിവ് ഉണ്ടായിട്ടുള്ളത്. ഇതാകാം ജില്ലയില്‍ ഡിഫ്തീരിയ പകരാന്‍ കാരണമായതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ ടീന മേരി ജോയ് പറഞ്ഞു. കൊച്ചി കണയന്നൂര്‍ താലൂക്കില്‍ 89 ശതമാനവും ആലുവ കുന്നത്തുനാട് പ്രദേശങ്ങളില്‍ 86.3 ശതമാനവും പറവൂരില്‍ 96 ശതമാനവും മൂവാറ്റുപുഴ കോതമംഗലം പ്രദേശങ്ങളില്‍ 96.7 ശതമാനവും ആണ് പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക്. 

ജില്ലയില്‍ പ്രതിരോധ കുത്തിവെയ്പ്പ് നൂറു ശതമാനമാക്കുവാന്‍ വേണ്ട നടപടികള്‍ എടുക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇമ്മ്യൂണൈസ് എറണാകുളം പരിപാടിയുടെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. 

കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ കെ കുട്ടപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ മാത്യൂസ് നമ്പേലി, ഡെപ്യൂട്ടി ഡി എം ഒ ഡോ കെ ആര്‍ വിദ്യ, ഐ എം എ, ഐ എ പി പ്രതിനിധികള്‍, പൊതുജനാരോഗ്യവിദഗ്ദര്‍ എന്നിവര്‍ പങ്കെടുത്തു.

date