കൊടുങ്ങല്ലൂർ നഗരസഭയിൽ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ആരംഭിച്ചു
കൊടുങ്ങല്ലൂർ നഗരസഭയിൽ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ബ്രേക്ക് ദി ചെയിൻ പരിപാടിക്ക് തുടക്കം കുറിച്ചതായി ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു. നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി നഗരസഭ ഓഫീസിന് മുൻപിലും ചന്തപ്പുര നഗരസഭ ബസ്സ്റ്റാന്റിലും കിഴക്കെനടയിലും തെക്കെ നടയിൽ കാളീശ്വരി തിയേറ്ററിന് സമീപത്തുള്ള ബസ് സ്റ്റോപ്പിലുമുൾപ്പെടെ രണ്ട് കേന്ദ്രങ്ങളിലും പടിഞ്ഞാറെ നടയിൽ റസ്റ്റ്ഹൗസിലും വടക്കെ നടയിൽ ബസ് സ്റ്റോപ്പിലും നഗരസഭ ലൈബ്രറി -റീഡിങ്ങ് റൂമിലുമെല്ലാം കൈ കഴുകി വൃത്തിയാക്കുന്നതിന് ആവശ്യമായ സൗകര്യമൊരുക്കിയിട്ടുണ്ട്. ചുരുങ്ങിയത് 20 സെക്കന്റ് എങ്കിലും സമയമെടുത്ത് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നതു പോലെ ഏഴ് ഘട്ടങ്ങളിലായി കൈകഴുകാൻ ശ്രദ്ധിക്കണമെന്നും രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു. മറ്റഅ സ്വകാര്യ സ്ഥാപനങ്ങളിലും പ്രധാന സ്ഥലങ്ങളിലും കൈകഴുകാൻ ആവശ്യമായ സൗകര്യമേർപ്പെടുത്തണമെന്നും ചെയർമാൻ നിർദ്ദേശിച്ചു.
ഹെൽത്ത് സൂപ്പർവൈസർ കെ വി ഗോപാലകൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സലീം, ഐ.വി.രാജീവ് എന്നിവർ നേതൃത്വം നൽകി.
- Log in to post comments