കോവിഡ് 19: ബോധവത്കരണവുമായി കയ്പമംഗലം ജനമൈത്രി പോലീസ്
കയ്പമംഗലം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടിയും നോട്ടീസ് വിതരണവും നടത്തി. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ പെരിഞ്ഞനം സി എച്ച് സിയുടെ സഹകരണത്തോടെ പെരിഞ്ഞനം, മൂന്നുപീടിക, ചെന്ത്രാപ്പിന്നി, എടത്തിരുത്തി എന്നിവിടങ്ങളിലായാണ് ബോധവത്കരണം നടത്തിയത്. ജനങ്ങളിലെ ഭീതി അകറ്റുന്നതിനും മുൻകരുതൽ എടുക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളാണ് വിതരണം ചെയ്തത്. ബോധവത്കരണ പരിപാടിയിൽ വ്യാപാരികൾ, ഓട്ടോ ഡ്രൈവേഴ്സ്, പോർട്ടർമാർ, അധ്യാപകർ തുടങ്ങി നാട്ടിലെ വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു.
പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ സൂപ്രണ്ട് ഡോ സാനു എം പരമേശ്വരൻ ക്ലാസ് നയിച്ചു. വരും ദിവസങ്ങളിൽ കയ്പമംഗലം, എടത്തിരുത്തി മേഖലയിലേക്ക് ബോധവത്ക്കരണ പരിപാടികൾ വ്യാപിപ്പിക്കും.
കയ്പമംഗലം ജനമൈത്രി പോലീസ് എസ്ഐ ജയേഷ് ബാലൻ, എ എസ് ഐ അബ്ദുൾ സലാം, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഗോപൻ, വിജയശ്രീ, ജനമൈത്രി അംഗങ്ങളായ ഷെമീർ എളേടത്ത്, പ്രണവ്, നൗഷാദ്, റഷീദ്, ഷിഹാബ് പുത്തൻ കുളത്തിങ്ങൽ, തുടങ്ങിയവർ നേതൃത്വം നൽകി.
- Log in to post comments