കോവിഡ് 19: നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്താന്‍ ആരോഗ്യ വകുപ്പിന്റെ വാഹനം
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായമൊരുക്കി ആരോഗ്യ വകുപ്പ്. തിരുവന്തപുരത്തെ കോവിഡ് പോസിറ്റീവായ രോഗിയുമായി കോണ്ടാക്ട് ഉള്ളതിനാല്‍ ഹോം ക്വോറന്റൈനില്‍ കഴിയുന്ന സഹോദരങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പിന്റെ പിന്തുണ ലഭിക്കുന്നത്. പത്താംക്ലാസിലും പ്ലസ് ടുവിലും പഠിക്കുന്ന വിദ്യാര്‍ഥിനികളായ ഇവരെ പരീക്ഷക്ക് എത്തിക്കാന്‍ വാഹനങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇവര്‍ക്കായി വാഹന സൗകര്യം ഒരുക്കിയത്. കുടുംബത്തില്‍ എല്ലാവരും ഹോം ക്വോറന്റൈനില്‍ ആയതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയുമോ എന്ന ആശങ്ക ഇനി ഇവര്‍ക്കില്ല. പരീക്ഷയുള്ള ദിവസങ്ങളില്‍ മറ്റു കുട്ടികള്‍ ഹാളില്‍ കയറിയ ശേഷമാണ് ഇവരെ സ്കൂളില്‍ എത്തിക്കുന്നത്. എല്ലാ വിദ്യാര്‍ഥികളും പോയതിനു ശേഷം ഇവരെ തിരികെ വീട്ടിലെത്തിക്കും. സ്കൂള്‍ അധികൃതരുടെ പൂര്‍ണ സഹകരണവും ഈ വിദ്യാര്‍ഥിനികള്‍ക്ക് ലഭിക്കുന്നുണ്ട്. വാഹന സൗകര്യത്തിന് പുറമെ വിദ്യാര്‍ഥിനികള്‍ക്കും കുടുംബത്തിനും വേണ്ട മാനസിക പിന്തുണ ഉറപ്പുവരുത്താനും ആരോഗ്യ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കുന്നു.
(പി.ആര്.പി. 272/2020)
- Log in to post comments