Skip to main content

നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നില്ലെന്ന്  ഉറപ്പുവരുത്തേണ്ടത് പൊതുസമൂഹം 9188297118, 9188294118 ഈ നമ്പറുകളില്‍ വിളിച്ചു പറയാം

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി നിര്‍ബന്ധമായും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ പൊതുവിടങ്ങളിലേക്ക് ഇറങ്ങി നടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ജില്ലാ ഭരണകൂടത്തെ വിളിച്ചറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് 9188297118, 9188294118 എന്നീ നമ്പരുകളില്‍ വിളിച്ചറിയിക്കാം.  വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ ചുരുക്കംചിലര്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ടതിനാലാണിത്. 

ഇറ്റലിയില്‍ നിന്നെത്തി കൊറോണ സ്ഥിരീകരിച്ച റാന്നിയിലെ കുടുംബവുമായി നേരിട്ടും അല്ലാതെയും ഇടപഴകിയ 1254 പേരും മറ്റു രാജ്യങ്ങളില്‍ നിന്നുമെത്തിയ 1894 പേരുമാണ് നിലവില്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ഇറ്റലിയില്‍ നിന്നെത്തിയ ഒരു കുടുംബം ഒരാഴ്ചകൊണ്ട് നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടത് 1254 പേരെയാണ്. ഇത്തരത്തില്‍ വിദേശത്തുനിന്ന് എത്തുന്നവര്‍ ആളുകളുമായി ബന്ധപ്പെട്ടാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. അതുകൊണ്ടാണു രോഗാണു പടരാനിടയുള്ള 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ സമയത്ത് അവര്‍ വീട്ടിലിരിക്കേണ്ടത് അവരുടെയും സമൂഹത്തിന്റെയും അവശ്യമാണ്. അത് ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു എത്തിയവരും കുറഞ്ഞത് 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. 

രോഗവ്യാപനം തടയാന്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീടുകളില്‍തന്നെ തുടരുന്നുവെന്ന് ഉറപ്പുവരുത്താനായി ജില്ലയില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡ്തലത്തില്‍ വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ സാനിറ്റേഷന്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്നത് ഉറപ്പുവരുത്താന്‍ വാര്‍ഡ് സാനിറ്റേഷന്‍ കമ്മറ്റികള്‍ക്ക് പുറമേ തഹസിദാര്‍മാരുടെ നേതൃത്വത്തിലുള്ള 12 ടീമുകള്‍ ഫീല്‍ഡുകളിലെത്തി പരിശോധന നടത്തുന്നുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും എസ്.എച്ച്.ഒ മാര്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ വാര്‍ഡ് അംഗമാണ്. കണ്‍വീനര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍ അല്ലെങ്കില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സാണ്. ടീമില്‍ ഒരു ആശാവര്‍ക്കര്‍, ഒരു അങ്കണവാടി വര്‍ക്കര്‍, ഒരു പോലീസ് ഓഫീസര്‍ എന്നിവരാണുള്ളത്. ഇത്തരത്തില്‍ ഒരു പഞ്ചായത്തില്‍ അഞ്ചു പോലീസ് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഈ പോലീസ് ഉദ്യോഗസ്ഥരെ ഏതെല്ലാം വാര്‍ഡിലേക്ക് അയക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് തീരുമാനമെടുക്കും. 

വാര്‍ഡ്തല ടീമുകള്‍ തങ്ങളുടെ വാര്‍ഡ് പരിധിയില്‍ നിരീക്ഷണത്തിലുള്ളവര്‍ വീടുകളില്‍തന്നെ കഴിയുന്നുവെന്ന് ഉറപ്പുവരുത്താന്‍ പരിശോധന നടത്തണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പുവരുത്തുന്നതില്‍ സമൂഹത്തിന്റെ പങ്കാളിത്തവും ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.

date