ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തൃശ്ശൂർ ജില്ലാ പഞ്ചായത്തും
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന്റെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരും ജില്ലാപഞ്ചായത്ത് ഭരണകൂടവും നൽകിയിട്ടുള്ള എല്ലാ നിർദ്ദേശങ്ങളും കർശനമായി പാലിക്കുന്നതിന് യോഗം ആഹ്വാനം ചെയ്തു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്ക് രണ്ടുലക്ഷം രൂപ അനുവദിച്ചു. ഒത്തൊരുമിച്ച് കോവിഡ് 19 പ്രതിരോധിക്കുന്നതിന് ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ജില്ലാ പഞ്ചായത്തിന്റെ എല്ലാ പിന്തുണയും സഹായ സഹകരണങ്ങളും യോഗം വാഗ്ദാനം ചെയ്തു.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ ഓഫീസുകളിൽ പാലിക്കേണ്ട സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മുൻകരുതലുകൾ നടപടികൾ കർശനമായി പാലിക്കാൻ തീരുമാനിച്ചു. പൊതുജനങ്ങൾ സേവനങ്ങൾക്കായി ഓഫീസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നതിനായി സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന ഈ ഓഫീസ് സംവിധാനം പരമാവധി ഉപയോഗിക്കണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു. ജില്ലാ പഞ്ചായത്ത് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങൾക്ക് കൈകഴുകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യോഗത്തിൽ വൈസ് പ്രസിഡന്റ് എൻ കെ ഉദയ പ്രകാശൻ, സ്ഥിരം സമിതി അധ്യക്ഷന്മരായ ജെന്നി ജോസഫ്, കെ ജെ ഡിക്സൺ, ദീപ എസ് നായർ, മഞ്ജുളാരുണൻ, മുൻ പ്രസിഡന്റ് ഷീല വിജയകുമാർ, മുൻ വൈസ് പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ, സെക്രട്ടറി കെ ജി തിലകൻ എന്നിവർ പങ്കെടുത്തു.
- Log in to post comments