Skip to main content

ജില്ലയിൽ ഇന്ന് പുതുതായി 3 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

കൊറോണ കൺട്രോൾ റൂം, കാക്കനാട്,  എറണാകളം, 
25 / 3/ 20 

ബുള്ളറ്റിൻ  6.10  PM
ജില്ലയിൽ ഇന്ന് പുതുതായി 3 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
•    ഫ്രാൻസിൽ നിന്നും തിരികെ വന്ന രണ്ടു പേർക്കും, ജില്ലയിൽ നേരത്തെ സ്ഥിരീകരിച്ച കോവിഡ് രോഗബാധിതനുമായി അടുത്തിടപഴകിയ ഒരാൾക്കും ആണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. 

ഇന്ന് പോസിറ്റീവ് ആയ 22 വയസ്സുള്ള, എറണാകുളം സ്വദേശിയായ യുവാവ്, 15/3/20 ന്  ഫ്രാൻസിൽ നിന്നും ഫ്ളൈറ്റിൽ ദില്ലി വരെയും, തുടർന്ന് മാർച്ച് 16 ന്  ഫ്ളൈറ്റിൽ കൊച്ചിയിലേക്കും  വന്ന ശേഷം മാനദണ്ഡ പ്രകാരം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ചെറിയ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 24 ന് മെഡിക്കൽ കോളേജിൽ എത്തിച്ച് സാമ്പിൾ എടുത്തു പരിശോധനയ്ക്ക് അയക്കുകയായിരുന്നു. 

ഇദ്ദേഹത്തോടൊപ്പം ഒരേ ഫ്ളൈറ്റിൽ, ഫ്രാൻസിൽ നിന്നും തിരികെ വന്ന 23 വയസ്സുള്ള എറണാകുളം സ്വദേശിയായ യുവാവാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. മാനദണ്ഡ പ്രകാരമുള്ള നിരീക്ഷണത്തിൽ കഴിയവേ ചെറിയ പനിയും, ചെറിയ തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 24 ന് മെഡിക്കൽ കോളേജിൽ എത്തിച്ച് സാമ്പിൾ പരിശോധനയ്ക്കയക്കുകയായിരുന്നു. 

മാർച്ച് 22 ന് കോവിഡ് സ്ഥിരീകരിച്ച  61 വയസ്സുകാരനുമായി അടുത്തിടപഴകിയ 37 വയസ്സുള്ള യുവാവാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ.  

•    ഇന്നലെ രോഗം സ്ഥിരീകരിച്ച 57 വയസ്സുള്ള സ്ത്രീയുമായി സമ്പർക്കം പുലർത്തിയിരുന്ന 3 പേരും വീട്ടിൽ നിരീക്ഷണത്തിൽ തന്നെ തുടരുകയാണ്. പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി അടുത്തിടപഴകിയ എല്ലാവരുടെയും വിശദ വിവരങ്ങൾ ശേഖരിച്ചു വരുന്നു.

•    ഇന്ന് പുതിയതായി 61 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്.  വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 1134 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 3274 ആണ്.

•    ഇന്ന് പുതുതായി 3  പേരെ കൂടി ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ രണ്ട് പേരെയും   മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ  ഒരാളെയും  ആണ് ഇന്ന് പുതുതായി പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രികളിൽ  നിരീക്ഷണത്തിലുള്ളവരുടെ  ആകെ എണ്ണം 34   ആയി. ഇതിൽ 26   പേർ എറണാകുളം മെഡിക്കൽ കോളേജിലും, 8  പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും ആണുള്ളത്.

•    ജില്ലയിൽ ആശുപത്രികളിലും, വീടുകളിലും ആയി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 3308    ആണ്. 

•    ഇത് വരെയായി ജില്ലയിൽ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ ആകെ എണ്ണം 7367  ആണ്.

•    ജില്ലയിൽ നിന്നും ഇന്ന് (25/3/20)  33  സാമ്പിളുകൾ പരിശോനയ്ക്ക് അയച്ചു. ഇന്ന് 25 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു.  ഇതിൽ 3 കേസുകൾ ആണ്  പോസിറ്റീവ്. ഇനി 68 സാമ്പിളുകളുടെ കൂടി ഫലം ആണ് ഇനി ലഭിക്കാനുള്ളത്.  

•    ഇന്ന് കൊറോണ കൺട്രോൾ റൂമിലേക്കെത്തിയത് 618 ഫോൺ വിളികളാണ്. ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ 9 മണി വരെ എത്തിയ 277  ഫോൺ വിളികൾ ഉൾപ്പെടയാണിത്. പൊതുജനങ്ങളിൽ നിന്നാണ് ഏറ്റവുമധികം വിളികൾ എത്തിയത് - 290  എണ്ണം. മറ്റ് ജില്ലകളിൽ നിന്ന് വന്നവർ നിരീക്ഷണത്തിൽ കഴിയണോ പുറത്തക്ക് ഇറങ്ങാമോ എന്ന് ചോദിച്ച് നിരവധി വിളികളെത്തി. മറ്റ് ജില്ലകളിൽ നിന്ന് വന്നവർ നിരീക്ഷണത്തിൽ കഴിയേണ്ടതില്ല സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ  എല്ലാവര്ക്കും ഒരേ പോലെ ബാധകമാണ്. 0484 2428077, 0484 2424077, 0484 2426077, 0484 2425077, 0484 2422077 എന്നീ നമ്പറുകളിൽ കൺട്രോൾ റൂമിന്റെ സേവനം ലഭ്യമാണ്.

•    കൊറോണ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി സന്നദ്ധ പ്രവർത്തനത്തിന് തയാറാണ് എന്നറിയിച്ചും നിരവധി വിളികളെത്തി. സന്നദ്ധ പ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യുന്നതിനായി സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ അവരോട് ആവശ്യപ്പെട്ടു.  

•    പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസുകൾ ഇന്നും നടത്തി. ജില്ലയിലെ വിവിധ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ മറ്റ് പാരാമെഡിക്കൽ സ്റ്റാഫിനുമുള്ള ക്ലാസുകൾ ഇന്നും നടന്നു. കൂടാതെ ആശ, അങ്കണവാടി പ്രവർത്തകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർക്കുള്ള ബോധവത്ക്കരണ ക്ലാസുകൾ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടന്നു.  ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ ജില്ലയിലെ ആശുപത്രികളിൽ നിയമിച്ചിരിക്കുന്ന പബ്ലിക് റിലേഷൻ  ഓഫീസർമാർക്ക് വിഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി.   

•    നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജില്ലാ മെൻറൽ ഹെൽത്ത് പ്രോഗ്രാമിൻ്റെ നേതൃത്വത്തിൽ കൗൺസിലർമാർ പ്രവർത്തിച്ച് വരുന്നു. കൗൺസലിംഗ് നൽകുന്നതിനായി കൺട്രോൾറൂമിലും ഇവരുടെ സേവനം ലഭ്യമാണ്. ഇന്ന് ഇത്തരത്തിൽ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന 1405 പേർക്കാണ് കൗൺസിലിംഗ്നൽകിയത്. കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 6 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.

•    കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഡോക്ടറെ നേരിൽ കണ്ട് സംസാരിക്കാനായി ആരംഭിച്ച വീഡിയോ കോൾ സംവിധാനത്തിൽ നിന്ന് ഇന്ന്  22  വിളിച്ചു. ഇത് വരെ ഈ സവിധാനത്തിൽ നിന്നും ഇത്തരത്തിൽ 146 പേരെ വിളിക്കുകയും ആശങ്കൾ പരിഹരിക്കുകയും ചെയ്തു.

•    നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഇന്ന് 257 പേരാണ് ഫുഡ് കിറ്റ് ആവശ്യപ്പെട്ടത്. അവർക്കെല്ലാം തന്നെ ഇന്ന് കിറ്റുകൾ എത്തിച്ചു.

•    നിരീക്ഷണത്തിൽ കഴിയുന്ന വയോജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനയി ജില്ലാ പാലിയേറ്റിവ് കെയർ യൂണിറ്റ് പ്രവർത്തിക്കുന്നു. ഇന്ന് നിരീക്ഷണത്തിലുള്ള 171 വയോജനങ്ങളെ വിളിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

•    കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വ്യക്തിഗത സുരക്ഷാ ആവരണങ്ങൾ നൽകി വിവിധ സംഘടനകൾ മുന്നോട്ടു വന്നു. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്റ്സ് എറണാകുളം ചാപ്റ്റർ,  കേരള ലാബ് ഓണേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ വ്യക്തിഗത സുരക്ഷാ ആവരണങ്ങൾ 25 എണ്ണം വീതം നൽകി. 

ജില്ലാ കളക്ടർ
എറണാകുളം

date