കോവിഡ് - 19: ഐസൊലേഷൻ വാർഡുകളിൽ ചികിത്സക്ക് ക്യാമറയുടെ സഹായവും
കാക്കനാട്: ഐസൊലേഷൻ വാർഡുകളിൽ ചികിത്സാ സഹായിയായി മാറുകയാണ് ഹെഡ് മൗണ്ടഡ് ലൈവ് സ്ട്രീമിങ്ങ് ക്യാമറകൾ. സാധാരണ കായിക മേഖലയിലാണ് ഇത്തരം ക്യാമറകൾ കൂടുതലായും ഉപയോഗിക്കുന്നത്. ഹെഡ് മൗണ്ടഡ് ലൈവ് സ്ട്രീമിങ് ക്യാമറകളെ ആരോഗ്യരംഗത്തും പ്രയോജനപ്പെടുത്താം എന്ന് തെളിയിക്കുകയാണ് കളമശ്ശേരി മെഡിക്കൽ കോളേജ് .
നിലവിൽ ജില്ലയിലെ കൊറോണ ചികിത്സാ കേന്ദ്രമായ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലാണ് ഈ ക്യാമറകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഐസൊലേഷൻ വാർഡുകളിലെ ശുചീകരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ, രോഗികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ എന്നിവയിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ട് വരാനും രോഗീപരിചരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാനുമാണ് ഇത്തരം ക്യാമറകളുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. കൊറോണ ഐസൊലേഷൻ വാർഡുകളിൽ ഉപയോഗിക്കുന്നതിനാൽ അണുബാധയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനായി സുതാര്യമായ ഒരു കവർ ഉപയോഗിച്ച് മറച്ചിരിക്കുന്നു. ക്യാമറയിൽ നേരിട്ട് സ്പർശിക്കാതെ തന്നെ തിരികെയെടുക്കാവുന്ന വിധത്തിലാണ് ഈ കവർ സജ്ജീകരിച്ചിരിക്കുന്നത്. ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്ന സ്റ്റാഫ് ഉപയോഗിച്ചിരുന്ന വ്യക്തിഗത സുരക്ഷ ഉപാധികൾ (PPE Kit) അണുവിമുക്തമാക്കിയ ശേഷം നിക്ഷേപിക്കുന്ന സംവിധാനത്തിൽ തന്നെയാണ് ക്യാമറയുടെ ഈ കവറും അണുവിമുക്തമാക്കി നിക്ഷേപിക്കുന്നത്. വെള്ളത്തിനടിയിലും ഉപയോഗിക്കാവുന്ന തരം വാട്ടർ പ്രൂഫ് ക്യാമറകളാണിവ അതുകൊണ്ട് തന്നെ ലൈസോൾ സൊല്യൂഷൻ ഉപയോഗിച്ച് അണുവിമുക്തമാക്കാൻ സാധിക്കും. വൈഫൈ സംവിധാനം ഉപയോഗിച്ച് ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനാൽ ക്യാമറയിൽ നിന്ന് നേരിട്ട് ഫോട്ടോകൾ ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടി വരുന്നില്ല. ഐസൊലേഷൻ വാർഡിലുള്ള രോഗികളുടെ സ്വകാര്യതയെ ബാധിക്കാത്ത രീതിയിലാണ് ഈ ക്യാമറകൾ ഉപയോഗിക്കുന്നത്. ഇരുപതിനായിരത്തിലധികം വിലവരുന്ന ഈ ക്യാമറകൾ തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന അഭയ എന്ന സന്നദ്ധസംഘടന സൗജന്യമായാണ് മെഡിക്കൽ കോളേജിന് നൽകിയത്. കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ. പി. വാഴയിൽ, ആർ.എം.ഒ ഡോ.ഗണേഷ് മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഡോ. ഗണേഷ് മോഹൻ ആർ എം ഒ, ഡോ. മനോജ് എ ആർ എം ഒ, ഹൗസ് സർജൻമാരായ ഡോ അജയ് കൃഷ്‍ണൻ, ഡോ. ഗോകുൽ എന്നിവരാണ് നിലവിൽ മെഡിക്കൽ കോളേജിൽ ഈ ക്യാമറ സംവിധാനം ഉപയോഗിക്കുന്നത്. ഈ ക്യാമറകളുടെ ഉപയോഗത്തിലൂടെ രോഗീപരിചരണ പ്രവർത്തനങ്ങളിൽ കാര്യക്ഷമതയോടൊപ്പം തന്നെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ ആരോഗ്യ പ്രവർത്തകർക്ക് സാധിക്കുന്നു.
- Log in to post comments