Skip to main content

ട്രേസ് സി പറയും കോവിഡ് രോഗിയുടെ യാത്ര വിവരം

 

കാക്കനാട്: കോവിഡ് സ്ഥിരീകരിച്ച വ്യക്തി എവിടെയെല്ലാം സന്ദര്‍ശിച്ചിട്ടുണ്ടാവും? ഒരാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ആരോഗ്യ വകുപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ആ വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുക എന്നത്. എന്നാല്‍ ആ വെല്ലുവിളിക്ക് സഹായകമാവുന്ന ആപ്പ് തയ്യാറാക്കിയിരിക്കുകയാണ് എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫൈത്തണ്‍ ടെക്‌നോളജീസ്. അവര്‍ തയ്യാറാക്കിയ ട്രേസ് സി എന്ന ആപ്പില്‍ രോഗിയുടെ യാത്ര വിവരവും എത്ര നേരം ഏതൊക്കെ സ്ഥലങ്ങളില്‍ ചിലവഴിച്ചു തുടങ്ങിയ വിവരങ്ങളും കൃത്യമായി മനസിലാക്കാന്‍ സഹായിക്കും.

ജിയോ മാപ്പിങ്ങ് സംവിധാനമുപയോഗിച്ചാണ് രോഗിയുടെ യാത്ര വിവരങ്ങള്‍ ശേഖരിക്കുന്നത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഫോണിലേക്ക് അയച്ചു നല്‍കുന്ന ലിങ്കില്‍ കയറിയാല്‍ യാത്ര പാതയടങ്ങിയ വിവരങ്ങള്‍ രോഗിയുടെ ഫോണിലേക്കെത്തും. അതാണ് ആരോഗ്യ വകുപ്പിലേക്ക് അയച്ചു കൊടുക്കുന്നത്. ഇതു വഴി രോഗിയുടെ സ്വകാര്യതയും ഉറപ്പാക്കാന്‍ സാധിക്കും. രോഗിക്കൊപ്പം നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്കും ആപ്പ് സഹായകമാവും. രോഗിയുടെ സമീപത്ത് ഒരാള്‍ എത്ര സമയം ചെലവഴിച്ചു എന്നും ആപ്പ് വഴി അറിയാനുള്ള സംവിധാനമുണ്ട്. നാലുമീറ്റര്‍ വരെ അടുത്തെത്തിയ ആളുകളുടെ വിവരങ്ങള്‍ ട്രേസ് സിക്ക് ശേഖരിക്കാന്‍ സാധിക്കും.

എറണാകുളം ജില്ല കളക്ടര്‍ എസ്.സുഹാസ് ഞായറാഴ്ച ചേംബറില്‍ വെച്ച്  ആപ്പ് ലോഞ്ച് ചെയ്തു. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതു വഴി കൂടുതല്‍ എളുപ്പമാവുമെന്ന് കളക്ടര്‍ പറഞ്ഞു.

 

 

date